കോഴിമുട്ട വരവ് കൂടുന്നു; വിലയില്‍ മാറ്റമില്ല

കോഴിക്കോട്: സംസ്ഥാനത്ത് കോഴിമുട്ട വരവ് കൂടുന്നു. തമിഴ്‌നാട്ടിലെ വിദ്യാലയങ്ങളില്‍ ദിനംപ്രതി വിതരണം ചെയ്തിരുന്ന 60 ലക്ഷത്തോളം വരുന്ന കോഴിമുട്ട സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ വിതരണം നിലച്ചിരിക്കയാണ്. ഇതുകാരണമാണ് കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പതിവില്‍ കവിഞ്ഞ് കോഴിമുട്ട എത്തുന്നത്.
കോഴിമുട്ട കൂടുതല്‍ വരാന്‍ തുടങ്ങിയിട്ടും വിലയില്‍ കുറവുണ്ടായിട്ടില്ല. മൊത്തവിതരണവില കോഴിമുട്ട ഒന്നിന് മൂന്നര രൂപയാണ്. എന്നാല്‍, പല കടകളിലും നാലും നാലരയും രൂപ മുട്ടയ്ക്ക് ഈടാക്കുന്നുണ്ട്.
കനത്ത ചൂടിനെ തുടര്‍ന്ന് മുട്ട പൊട്ടിച്ചാല്‍ തോട് മാത്രമായി കാണുന്ന അവസ്ഥയുമുണ്ട്. ചൂടില്‍ മുട്ട ഉറച്ച് 'ചൈന' മുട്ട രൂപത്തിലാവുന്നു. തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നാണ് മുട്ട എത്തുന്നത്. അവിടെ ചൂട് 42, 43 ഡിഗ്രി സെല്‍ഷ്യസായത് കോഴികള്‍ ചാവുന്നതിനിടയാക്കുന്നുണ്ട്.
ഈയിടെ വന്‍തോതില്‍ കോഴികള്‍ ചത്തൊടുങ്ങിയെങ്കിലും ഇത് കോഴികളുടെ കേരളത്തിലേക്കുള്ള വരവിനെ ബാധിച്ചിട്ടില്ല. ഒരു ദിവസം ഏകദേശം 15 ലക്ഷം കോഴിമുട്ടയുടെ ആവശ്യക്കാരാണുള്ളത്. മഴ പെയ്തുകഴിഞ്ഞാലാണ് കോഴിമുട്ടയ്ക്ക് ഡിമാന്‍ഡ് കൂടുകയെന്ന് കച്ചവടക്കാര്‍ പറയുന്നു. ജൂണ്‍ മാസത്തില്‍ തമിഴ്‌നാട്ടിലെ വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ മുട്ട വരവില്‍ കുറവുണ്ടാവുന്നതാണ്.
Next Story

RELATED STORIES

Share it