kasaragod local

കോഴിമാലിന്യം റോഡില്‍ തള്ളി; ദുര്‍ഗന്ധം സഹിക്കാനാവാതെ യാത്രക്കാര്‍

പെര്‍ള: റോഡില്‍ കോഴി അറവ് മാലിന്യ കൂമ്പാരം തള്ളിയതോടെ യാത്രക്കാര്‍ക്ക് ദുരിതം. പെര്‍ള-സ്വര്‍ഗ റൂട്ടില്‍ ഗാളഗോപുരം മുതല്‍ കജംപാടി വരെയുള്ള റോഡിലാണ് ഇന്നലെ രാവിലെയോടെ മാലിന്യം വ്യാപകമായി തള്ളിയ നിലയില്‍ കണ്ടെത്തിയത്. വാഹനങ്ങളില്‍ കൊണ്ടു വന്ന് തള്ളിയതാകമെന്നാണ് സംശയിക്കുന്നത്. റോഡില്‍ തള്ളിയ മാലിന്യ കൂമ്പാരത്തിന് മുകളിലുടെ വാഹനങ്ങള്‍ കടന്ന് പോയതിനാല്‍ റോഡില്‍ മുഴുവന്‍ ചിതറി കിടക്കുകയാണ് അസഹ്യമായ ദുര്‍ഗന്ധം മൂലം യാത്രക്കാര്‍ ദുരിതത്തിലാണ്.
അറവ് മാലിന്യങ്ങള്‍ ചാക്കില്‍ നിറച്ച് വാഹനങ്ങളില്‍ കൊണ്ടു വന്ന് പാതയോരത്ത് തള്ളുന്നത് പതിവായിരുന്നു. എന്നാല്‍ ചെര്‍ക്കള-പെര്‍ള സംസ്ഥാന പാതയോരത്തെ മായിലംകോടി വളവ്, കരിമ്പില, കെടഞ്ചി, ഉക്കിനടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും ദുര്‍ഗന്ധം വമിക്കുന്നത് മൂലം സഹികേട്ട നാട്ടുകാര്‍ രാത്രി കാലങ്ങളില്‍ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാന്‍ തുടങ്ങി. ഇത് മനസ്സിലാക്കിയ സംഘം പിന്തിരിഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ബദിയടുക്ക പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വിദ്യാഗിരി കന്യാനയില്‍ ജനവാസ കേന്ദ്രത്തിന് സമീപത്ത് പകല്‍ സമയം പിക്കപ്പ് വാനില്‍ ഡ്രമ്മുകളില്‍ നിറച്ച് മാലിന്യം തള്ളുന്നതിനിടെ നാട്ടുകാര്‍ വാഹനം പിടികൂടി പോലിസില്‍ ഏല്‍പിച്ചിരുന്നു.
പിന്നിട് കേസെടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. കോഴി വില്‍പന സ്റ്റാളുകള്‍ക്ക് ലൈസന്‍സ് നല്‍കണമെങ്കില്‍ അറവ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്രത്യേക ടാങ്ക് ഏര്‍പെടുത്തണമെന്നും ജനങ്ങളുടെ ശ്രദ്ധ പതിയാത്ത വിധം രക്തം വാര്‍ന്നോലിക്കാത്ത വിധം പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ചട്ടം നിലനില്‍ക്കുന്നുണ്ടെങ്കിലും നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പല സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it