malappuram local

കോഴിപ്പാറ ജലവൈദ്യുതി പദ്ധതി; സര്‍വേ തുടങ്ങി

നിലമ്പൂര്‍: ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള സര്‍വേ നടപടികള്‍ തുടങ്ങി. 142 കോടി രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ ഏജന്‍സിയായ സിയാലിനാണു നിര്‍മാണ ചുമതല. 23 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. കോഴിപ്പാറ വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗമായ തോട്ടപ്പള്ളിയില്‍ നിന്നു കുറവന്‍ പുഴ തടഞ്ഞ് നിര്‍ത്തി കള്ളിപ്പാറ വഴി കൂമ്പാറയില്‍ എത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ആദ്യം ലഷ്യമിട്ടിരുന്നത്.
ഇത് മലപ്പുറം ജില്ലയ്ക്ക് ഗുണപ്രദമാവില്ലെന്ന് വ്യക്തമായതോടെ ഏറനാട് എംഎല്‍എ പി കെ ബഷീര്‍, ചാലിയാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാന്‍ എന്നിവര്‍ രംഗത്തുവരുകയും നിര്‍മാണ ചുമതലയുള്ള സിയാല്‍ കമ്പനിയേയും വൈദ്യുതി മന്ത്രിയേയും പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് സിയാല്‍ കമ്പനി ഉദ്യോഗസ്ഥരും എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റ് ചേര്‍ന്ന് വെണ്ണേക്കോട് ഭാഗത്ത് സന്ദര്‍ശനം നടത്തി. കുറുവന്‍ പുഴയുടെ വെണ്ണേക്കോട് ഭാഗത്ത് പവര്‍ഹൗസ് നിര്‍മിച്ച് വൈദ്യുതി ഉല്‍പാദനം നടത്തിയാല്‍ കറുവന്‍ പുഴയിലെ ജലവിതാനം നിലനിര്‍ത്താനും പദ്ധതി കുറഞ്ഞ ചിലവില്‍ പൂര്‍ത്തികരിക്കാനും കഴിയുമെന്ന് കണ്ടെത്തി. നിലമ്പൂര്‍ മേഖലയിലെ വൈദ്യതി പ്രതിസന്ധിക്കും ഒരു പരിധിവരെ ഇത് സാഹായകരമാവും.
നിലമ്പൂര്‍ നായാടംപൊയില്‍ മലയോരപാതയില്‍ വെണ്ണേക്കോടു മുതല്‍ തോട്ടപ്പള്ളി വരെയുള്ള റോഡിന്റെ ഭാഗങ്ങളിലും കുറുവന്‍ പുഴയുടെ തീരം കേന്ദ്രീകരിച്ചുമാണ് സര്‍വേ തുടരുന്നത്. പദ്ധതി കൂമ്പാറയിലേക്ക് തിരിച്ചു വിട്ടാല്‍ തോട്ടപ്പള്ളി മുതല്‍ പൈങ്ങാക്കോട് വരെയുള്ള ആയിരത്തിലേറെ കുടുംബങ്ങളുടെ കുടിവെള്ളമടക്കം മുട്ടും. ഇതിനാല്‍ തന്നെ പദ്ധതി ജില്ലയ്ക്ക് അനൂകൂലമല്ലെക്കില്‍ ശക്തമായ പ്രതിഷേധമായിരിക്കും ഉയരുക.
Next Story

RELATED STORIES

Share it