കോഴിക്കോട്: ശീലങ്ങള്‍ തുടരാനും മാറ്റാനും

കോഴിക്കോട്: ശീലങ്ങള്‍ തുടരാനും മാറ്റാനും
X
kozhikode

ആബിദ്

കോഴിക്കോട്: ശീലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താത്തവരാണു കോഴിക്കോട്ടുകാര്‍ എന്നു പറയാറുണ്ട്. ഭക്ഷണത്തിലും വേഷത്തിലുമെല്ലാം പൊതുവെ ഈ ശീലങ്ങളുടെ തുടര്‍ച്ച കാണാനൊക്കും. നിയമസഭാ തിരഞ്ഞെടുപ്പിലും ശീലം ആവര്‍ത്തിച്ചാല്‍ ഇത്തവണയും ഇടതുമുന്നണി വെന്നിക്കൊടി നാട്ടും. എന്നാല്‍, പണ്ടത്തെപ്പോലെ അമിത പ്രതീക്ഷ പുലര്‍ത്താന്‍ അവര്‍ക്കാവുന്നില്ലെന്നാണു വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ ഭൂരിപക്ഷം നിയമസഭാ വോട്ടെടുപ്പില്‍ ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷ യുഡിഎഫിനും തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷ എല്‍ഡിഎഫിനും ആത്മവിശ്വാസം പകരുന്നതാണ്. വലിയ അടിയൊഴുക്കുകളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലെങ്കിലും പേരാമ്പ്ര, എലത്തൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥിതി പ്രവചനാതീതമാണ്. കുറ്റിയാടിയും ബാലുശ്ശേരിയും കൂടി ഇവയ്‌ക്കൊപ്പം ഇടത്തോട്ട് ചേര്‍ത്ത് വായിച്ചാലും കൊയിലാണ്ടിയും വടകരയും കോഴിക്കോട് നോര്‍ത്തും ബേപ്പൂരും അത്രയെളുപ്പം കീഴൊതുങ്ങുമെന്ന് എല്‍ഡിഎഫിന് പോലും വിശ്വാസമില്ല. തിരുവമ്പാടിയില്‍ ലീഗിന് കിട്ടുന്നതും ശുഭകരമായ സൂചനയല്ല.
2011ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ 13ല്‍ വടകര, നാദാപുരം, കുറ്റിയാടി, കൊയിലാണ്ടി, പേരാമ്പ്ര, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, ബാലുശ്ശേരി, കുന്ദമംഗലം, ബേപ്പൂര്‍ എന്നീ 10 നിയമസഭാ മണ്ഡലങ്ങളും കൈയടക്കിയ എല്‍ഡിഎഫ് വടകരയില്‍ ഇത്തവണ കടുത്ത മല്‍സരമാണു നേരിടുന്നത്. ശക്തമായ ചതുഷ്‌കോണ മല്‍സരം നടക്കുന്ന ഇവിടെ ആര്‍എംപി-ഇടത് ഐക്യമുന്നണി സ്ഥാനാര്‍ഥി കെ കെ രമ പിടിക്കുന്ന വോട്ടായിരിക്കും മുന്നണികളുടെ വിധിനിര്‍ണയിക്കുക. കെ കെ രമയ്ക്ക് രണ്ട് അപരന്‍മാര്‍ ഉണ്ട് എന്നതുതന്നെ ഇടതു കേന്ദ്രങ്ങളുടെ ഭയപ്പാടാണ് സൂചിപ്പിക്കുന്നത്. ലീഗ്- കോണ്‍ഗ്രസ് വോട്ടുകള്‍ രമയ്ക്ക് കിട്ടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രമ നല്ല വോട്ടുപിടിക്കുമെന്ന ഡിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത് ഇതിലേക്കാണ്.
ബേപ്പൂരില്‍ വി കെ സി മമ്മദ്‌കോയ നേടുന്ന വ്യക്തിപരമായ വോട്ടുകളില്‍ കണ്ണുനട്ടാണ് ഇടതു മുന്നണി വിജയം കാത്തിരിക്കുന്നത്. കുറ്റിയാടിയില്‍ ലീഗിലെ പാറക്കല്‍ അബ്ദുല്ല സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ കെ കെ ലതികയ്ക്ക് ശക്തമായ ഭീഷണിയുയര്‍ത്തുന്നു. എന്നാലും ഇടതു പ്രതീക്ഷയ്ക്ക് ഇവിടെ അശേഷം മങ്ങലേറ്റിട്ടില്ല. നാദാപുരം കമ്മ്യൂണിസ്റ്റുകാരുടെ കുത്തക മണ്ഡലമാണെങ്കിലും യുഡിഎഫ് വലിയ പ്രതീക്ഷയോടെയാണു രംഗത്തുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ ഭൂരിപക്ഷവും പ്രചാരണപ്രവര്‍ത്തനങ്ങളിലെ മുന്നേറ്റവും ഇവിടെ ഇടതിന് അനുകൂലമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കിട്ടിയ മൂന്ന് മണ്ഡലങ്ങളും സ്വന്തമാക്കിയ മുസ്‌ലിംലീഗ് അവ നിലനിര്‍ത്താനുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ്. തിരുവമ്പാടി കൈവിട്ടുപോവാനും കൊടുവള്ളി വിമതന്‍ കൊണ്ടുപോവാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോഴിക്കോട് സൗത്തില്‍ മന്ത്രി മുനീറിന്റെ നിലയും പരുങ്ങലിലാണ്. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് മല്‍സരിക്കുന്ന ഇവിടെ ബിജെപി വോട്ടുകള്‍ മുനീറിന് മറിക്കാനുള്ള രഹസ്യ നീക്കം നടക്കുന്നുണ്ടെന്ന വാര്‍ത്തയ്ക്ക് കരുത്തുപകരുന്നതാണ് ഐഎന്‍എല്‍ സ്ഥാനാര്‍ഥി അബ്ദുല്‍ വഹാബിന്റെ സിമി ബന്ധം പറഞ്ഞുള്ള പ്രചാരണം.
കുന്ദമംഗലത്ത് സിദ്ദീഖ് ഇടതിനു കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പി ടി എ റഹീമിന്റെ ജനകീയാടിത്തറ തകര്‍ക്കാന്‍ എത്രത്തോളം സിദ്ദീഖിനാവുമെന്നതും ബിജെപി പിടിക്കുന്ന വോട്ടുകളുമായിരിക്കും ഇവിടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുക. സി കെ പത്മനാഭന്‍ ജനവിധി തേടുന്ന ഈ മണ്ഡലം ജില്ലയില്‍ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്നതാണ്.
കോണ്‍ഗ്രസ് അനുകൂല മണ്ഡലമാണെങ്കിലും പടലപ്പിണക്കങ്ങള്‍ ഐക്യമുന്നണിക്ക് വിനയാവാറുള്ള കൊയിലാണ്ടിയില്‍ എന്‍ സുബ്രഹ്മണ്യനെതിരേ ഉണ്ടായിരുന്ന പ്രതിഷേധം ഇപ്പോള്‍ ഏറെക്കുറെ അവസാനിച്ച മട്ടാണ്. ഇത് വോട്ടിങില്‍ സ്വാധീനം ചെലുത്തിയാല്‍ ഇക്കുറി ജില്ലയില്‍ കോണ്‍ഗ്രസ്സിന്റെ മാനം കാക്കാന്‍ മണ്ഡലത്തിനാവും. വികസനനേട്ടങ്ങള്‍ ഏറെ പറയാനുള്ളയാളാണ് കോഴിക്കോട് നോര്‍ത്തില്‍ ഇടതുമുന്നണിയുടെ പ്രദീപ്കുമാര്‍. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി എം സുരേഷ് ബാബു ശക്തമായ പ്രചാരണമാണു നടത്തുന്നത്. ബിജെപി പിടിക്കുന്ന വോട്ടുകളും ഇവിടെ നിര്‍ണായകമാവും. പേരാമ്പ്രയിലും എലത്തൂരും അദ്ഭുതങ്ങള്‍ സംഭവിക്കാന്‍ സാധ്യത വളരെ കുറവാണ്. ബാലുശ്ശേരിയില്‍ ഐക്യമുന്നണി ഉയര്‍ത്തിയ രാമന്‍ ഇഫക്റ്റിന് തടയിടാന്‍ പുരുഷന്‍ കടലുണ്ടിയിലൂടെ സാധിക്കുമെന്നുതന്നെയാണ് ഇടതുകേന്ദ്രങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നത്.
Next Story

RELATED STORIES

Share it