Flash News

കോഴിക്കോട് വിമാനത്താവളം : സംസ്ഥാന സര്‍ക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു നല്‍കിയാല്‍ മാത്രമേ കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതരത്തില്‍ വികസനപ്രവര്‍ത്തനം നടത്താനും ഹജ്ജ് എംബാര്‍ക്കേഷന്‍ പുനസ്ഥാപിക്കാനും കഴിയൂവെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയെ അറിയിച്ചു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ ശൂന്യവേളയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയി ന്റ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ജയന്ത് സിന്‍ഹ ഇക്കാര്യം അറിയിച്ചത്. റണ്‍വേ വികസനവും സമാന്തര ടാക്‌സി ട്രാക്ക് ഒരുക്കുന്നതും അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 248.3 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഭൂമി ലഭിച്ചാല്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതരത്തില്‍ വിമാനത്താവളം വികസിപ്പിക്കാന്‍ കഴിയും. ഇക്കാര്യത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ മറുപടിക്കായി മന്ത്രാലയം കാത്തിരിക്കുകയാണെന്ന് കത്തില്‍ മന്ത്രി പറയുന്നു.  ഡിജിസിഎയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 9, 10 തിയ്യതികളില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു. വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് നിലവിലുള്ള റണ്‍വേ അനുയോജ്യമല്ലെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. നിലവില്‍ 2,580 മീറ്ററാണ് കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം. ഇത് കോഡ് ഇ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ ഇറക്കുന്നതിന് പര്യാപ്തമല്ല. കോഡ് ഇ വിമാനങ്ങള്‍ ഇറങ്ങുന്നതിന് ഏപ്രണ്‍ ടാക്‌സി ലൈനും റണ്‍വേ സെന്‍ട്രല്‍ ലൈനും തമ്മില്‍ ആവശ്യമായ വേര്‍തിരിവും വിമാനത്താവളത്തിലില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്ന് മന്ത്രി പറയുന്നു. 2016ലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അതേപടി ഈ വര്‍ഷവും നിലനിര്‍ത്താന്‍ ഹജ്ജ് കമ്മിറ്റി തീരുമാനിച്ചത്  വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് കോഴിക്കോട് വിമാനത്താവളം യോജിച്ചതല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെന്നും മന്ത്രി കത്തില്‍ വിശദീകരിക്കുന്നുണ്ട്. അതേസമയം, ആരോപണപ്രത്യാരോപണങ്ങളും ഒളിച്ചുകളിയും അവസാനിപ്പിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനത്തിനാവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it