കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്ഥിരം ഐസൊലേഷന്‍ വാര്‍ഡ്

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥിരം ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. നിപാ വൈറസ് ബാധയുടെ രണ്ടാംഘട്ടം സംഭവിച്ചാല്‍ നേരിടാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. കലക്ടറേറ്റില്‍ ഉന്നതതല അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
നിപാ വൈറസ് ബാധ നിയന്ത്രണവിധേയമാണ്. എങ്കിലും രണ്ടാംഘട്ടം വരുകയാണെങ്കില്‍ മുന്‍കരുതലായി മെഡിക്കല്‍ കോളജില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കും. വാര്‍ഡില്‍ ലാബ,് വെന്റിലേറ്റര്‍, എക്‌സ്‌റേ സംവിധാനങ്ങള്‍ ഒരുക്കും. അടുത്ത മാസം 10 വരെ ഇന്‍ക്യൂബേഷന്‍ പിരീഡ് കണക്കാക്കി നിതാന്ത ജാഗ്രത പാലിക്കും. രോഗികളുടെയോ മരിച്ചവരുടെയോ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവര്‍ക്കും മറ്റും രോഗലക്ഷണമുണ്ടെങ്കില്‍ നേരിട്ട് വിളിച്ച് ബന്ധപ്പെടാന്‍ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
രോഗികള്‍ക്കു വേണ്ടി കുറ്റിയാടി, നാദാപുരം, പേരാമ്പ്ര, ഒളവണ്ണ എന്നിവിടങ്ങളില്‍ ഏയ്‌ഞ്ചെല്‍സ് ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കാവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കും. പലതരം പകര്‍ച്ചവ്യാധികള്‍ കാണപ്പെടുന്ന സാഹചര്യത്തിലാണ് ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് എല്ലാ ഗവ. മെഡിക്കല്‍ കോളജുകളിലും സ്ഥിരം ഏകാന്ത പരിചരണ വാര്‍ഡുകള്‍ ഉണ്ടാക്കുന്നതിനും ധാരണയായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
നിപാ വൈറസിനെതിരേ ആസ്—ത്രേലിയയില്‍ നിന്നുള്ള മരുന്ന് രണ്ടു ദിവസത്തിനകം എത്തുമെന്ന് അഡിഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. ഈ മരുന്ന് ആദ്യഘട്ടത്തില്‍ പ്രയോഗിച്ച 14 പേരില്‍ വിജയസാധ്യതയാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it