kozhikode local

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് 400 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍

കോഴിക്കോട്: കോഴിക്കോട് ഗവ.മാനസികാരോഗ്യ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനസികാരോഗ്യ ചികിത്സ നല്‍കുന്ന ഗവേഷണ സ്ഥാപനമായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
കുതിരവട്ടം ജില്ലാ മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 400 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള  പ്രാരംഭ നടപടികള്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നൂറു കോടി രൂപയുടെ ഒന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മേയ് രണ്ടിന് ഫിനാന്‍ഷ്യല്‍ ബിഡ് അവലോകനം ചെയ്ത് മാസ്റ്റര്‍ പ്ലാനും സിപിആറും തയാറാക്കാനുള്ള ഏജന്‍സിയെ തീരുമാനിക്കും. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനായി ഒരു ട്രസ്റ്റ് രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് ജില്ലാ കളക്ടറെ തുടര്‍ നടപടികള്‍ക്കായി ചുമതലപ്പെടുത്തി. ആരോഗ്യ വകുപ്പില്‍ നിന്ന് പ്രവര്‍ത്തന ഫണ്ടായി 9.75 ലക്ഷം രൂപ കിറ്റ്‌കോക്ക് അനുവദിച്ചിട്ടുണ്ട്.
ഗവേഷണത്തിനും പഠനത്തിനും പ്രകൃതി സൗഹൃദ അന്തരീക്ഷത്തില്‍ അത്യാധുനിക ചികിത്സയ്ക്കും സൗകര്യമൊരുക്കുമെന്നും മൂന്നുവര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.മാനസിക രോഗനിര്‍ണയ പരിശോധന, തലച്ചോറിനെ ബാധിക്കുന്ന ക്ഷതങ്ങളുടേയും രോഗാവസ്ഥകളുടേയും ഭാഗമായി വരുന്ന വൈകല്യങ്ങളുടെ നിര്‍ണയം മുതലായവയുടെ ചികില്‍സയ്ക്ക് പ്ലാന്‍ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ ആരോഗ്യ മന്ത്രി ആരോഗ്യ കേന്ദ്രം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സോ.സന്ദീഷിന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രസ്റ്റിന്റെ ആദ്യ യോഗം കിറ്റ്‌കോയെ പദ്ധതിയുടെ ട്രാന്‍സാക്ഷന്‍ അഡൈ്വസറായി നിയമിക്കാന്‍ തീരുമാനിച്ചിരുന്നു.
ജില്ലാ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.എന്‍ രാജേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ കലക്ടര്‍ യു വി ജോസ്, ഡിഎംഒ ഡോ. വി ജയശ്രീ, ടിഡി എം ഒ ഡോ. ആശ, ഡോ.വത്സല, ആരോഗ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ടി പി ചന്ദ്രന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it