Flash News

കോഴിക്കോട് നഗരമധ്യത്തിലെ റോഡ് ദേശീയപാതയുടെ ഭാഗമല്ല ; കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍



കൊച്ചി: കോഴിക്കോട് ബൈപാസ് നിലവില്‍ വന്നതോടെ നഗരമധ്യത്തിലൂടെ കടന്നുപോവുന്ന പാത ദേശീയപാതയുടെ ഭാഗമല്ലാതായെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കോഴിക്കോട് നഗരത്തിലൂടെയുള്ള ദേശീയ പാതയോരത്തെ മദ്യശാലകള്‍ക്ക് അനുമതി നല്‍കിയതു ചോദ്യം ചെയ്ത് രാമനാട്ടുകര സ്വദേശി സന്തോഷ്‌കുമാറടക്കം അഞ്ചുപേര്‍ നല്‍കിയ പൊതു താല്‍പര്യ ഹരജികളിലാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഇക്കാര്യം വ്യക്തമാക്കി അസി. സോളിസിറ്റര്‍ ജനറല്‍ സ്റ്റേറ്റ്‌മെന്റ് നല്‍കിയത്. പന്‍വേല്‍ മുതല്‍ തൃശൂര്‍ വരെയുള്ള ദേശീയപാത കോഴിക്കോട് ജില്ലയില്‍ വടകര, പയ്യോളി, വെങ്ങളം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര വഴി കടന്നുപോവുന്നുണ്ട്. ഇതു സംബന്ധിച്ച് ദേശീയപാത നിയമപ്രകാരം 1972 ല്‍ ഒരു വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പിന്നീട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാമനാട്ടുകര മലാപ്പറമ്പ്  തൊണ്ടയാട് വഴി ബൈപാസ് നിര്‍മിച്ചു. 2016ല്‍ ബൈപാസ് ഗതാഗതത്തിനായി തുറന്നു നല്‍കി. 1969 വിജ്ഞാപനമനുസരിച്ച്  ബൈപാസ് നിലവില്‍ വന്നാല്‍ ദേശീയപാതയില്‍ ഉള്‍പ്പെട്ട പഴയ റോഡ് ദേശീയപാതയുടെ ഭാഗമല്ലാതാവും. പഴയ പാത സംസ്ഥാന സര്‍ക്കാരിനോ തദ്ദേശഭരണ സ്ഥാപനത്തിനോ ലഭിക്കുകയും ചെയ്യും. ഇക്കാര്യം 1977ലെ ഒരു സര്‍ക്കുലറിലും വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് മാനാഞ്ചിറ  കല്ലായി, മീഞ്ചന്ത,  ഫറോക്ക്, രാമനാട്ടുകര ടൗണ്‍ പാത ദേശീയപാതയല്ലാതായെന്നും ഒരിക്കല്‍ ദേശീയ പാതയുടെ ഭാഗമായ റോഡിനെ ഇത്തരത്തില്‍ ഒഴിവാക്കാന്‍ പ്രത്യേക വിജ്ഞാപനം വേണമെന്ന വാദം ശരിയല്ലെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. ഇന്നലെ ഹരജി പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ശരിയല്ലെന്ന വാദമാണ് ഹരജിക്കാരുടെ അഭിഭാഷകന്‍ ഉന്നയിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റിയുടെ നിലപാട് അറിഞ്ഞശേഷം സ്റ്റേറ്റ്‌മെന്റ് നല്‍കാമെന്ന് അതോറിറ്റിയുടെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിലെ മദ്യശാലകള്‍ ദേശീയപാതയോരത്താണെന്ന ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി എതിര്‍ കക്ഷിയായ കലൂരിലെ മീനൂസ് ബിയര്‍ ആന്റ് വൈന്‍ പാര്‍ലറിന് നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it