kozhikode local

കോഴിക്കോട് നഗരത്തില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ഒരു മാസത്തില്‍ വാഹനാപകടത്തില്‍ 17 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വാഹനാപകടം കുറയ്ക്കാന്‍ ബോധവത്കരണവും ക്ലാസുമായി ട്രാഫിക് പോലിസും ട്രോമകെയറും നെട്ടോടമോടുമ്പോഴും നഗരത്തിലെ അപകടനിരക്ക് കുത്തനെ ഉയരുകയാണ്.
2018 ല്‍ ഇതുവരെ ഏറ്റവുമധികം മരണം സംഭവിച്ചതു മെയ് മാസത്തിലാണ്. കഴിഞ്ഞ മാസം നഗരത്തില്‍ 114 അപകടങ്ങളാണ് ട്രാഫിക് പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 75 പേര്‍ക്ക് ഗുരുതരപരിക്കും 36 പേര്‍ക്ക് നിസാരപരിക്കുമേറ്റിട്ടുണ്ട്. മാവൂര്‍ റോഡിലുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചതും കഴിഞ്ഞ മാസമായിരുന്നു.
കേരളത്തിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് കോഴിക്കോട്ട് അപകടങ്ങള്‍ വളരെ കൂടുതലാണെന്നും ട്രാഫിക് പോലീസ് പറയുന്നു. നഗരത്തിലെത്തുന്ന വാഹനങ്ങളുടെ അമിതവേഗത  തന്നെയാണ് അപകടം കൂടാന്‍ കാരണമായി പോലിസ് പറയുന്നത്. ഓരോ വര്‍ഷം കഴിയുംതോറും നഗരത്തിലെ അപകടങ്ങള്‍ വര്‍ധിക്കുകയാണ്. കാല്‍നടയാത്രക്കാരെ വാഹനയാത്രക്കാര്‍ ശ്രദ്ധിക്കാത്തതും അപകടങ്ങള്‍ കൂടാന്‍ കാരണമായി. ബസുകളുടെ മരണപ്പാച്ചില്‍ കാരണം കാല്‍നടയാത്രക്കാര്‍ക്ക് സീബ്രാലൈനില്‍കൂടി പോലും റോഡ്്് മുറിച്ചു കടക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. സീബ്രാലൈനില്‍ യാത്രക്കാര്‍ ഉണ്ടെങ്കില്‍ വാഹനങ്ങള്‍ നിറുത്തണമെന്നാണ് നിയമമെങ്കിലും പോലീസ് തൊട്ടടുത്ത് നില്‍ക്കുമ്പോള്‍പോലും സീബ്രാലൈനിനെ ഗൗനിക്കാതെ വാഹനം ഓടിക്കുന്നവരാണ് നഗരത്തിലെ വാഹനയാത്രക്കാരില്‍ ഭൂരിഭാഗവും. പെരുന്നാള്‍ അടുത്തതോടെ നഗരത്തില്‍ വീണ്ടും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. 2017ല്‍ കോഴിക്കോട് നഗരത്തില്‍ 186 പേര്‍ മരിച്ചിരുന്നു. ഇതില്‍ കൂടുതല്‍ പേര്‍ മരിച്ചത് ഇരുചക്ര വാഹനാപകടങ്ങള്‍ മൂലമാണ്.
Next Story

RELATED STORIES

Share it