kozhikode local

കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ ഖനനം നിര്‍ത്താന്‍ ഉത്തരവ്

മുക്കം: കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ തോട്ടഭൂമിയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്. സബ് കലക്ടറും ജില്ലാ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനുമായ കെ ഗോപാലകൃഷ്ണന്‍ ഇതു സംബന്ധിച്ച് കോഴിക്കോട്, താമരശ്ശേരി തഹസില്‍ദാര്‍ മുഖേന വില്ലേജ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
കേരള ഭൂപരിഷ്‌കരണ നിയമം സെക്ഷന്‍ 81 പ്രകാരം ഇളവ് അനുവദിച്ച തോട്ടഭൂമി തരം മാറ്റി ഖനന പ്രവര്‍ത്തനവും മറ്റും നടത്തുന്നത് നിര്‍ത്തിവയ്പ്പിക്കണമെന്ന പരാതിയിലാണ് ഉത്തരവ്. ഭൂപരിഷ്‌ക്കരണ നിയമം (1963) വകുപ്പ് 81 പ്രകാരം ഇളവനുവദിച്ച തോട്ടഭൂമി കൈമാറ്റം ചെയ്ത് തരം മാറ്റം നടത്തുന്നതിനെതിരെ ഹൈക്കോടതി 2015 ഫെബ്രുവരി 13ന് പുറപ്പെടുവിച്ച വിധി നടപ്പാക്കണമെന്നും ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നടപ്പാക്കി വിവരം റിപോര്‍ട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍മാര്‍ക്ക് സംസ്ഥാന ലാന്റ് ബോര്‍ഡ് സെക്രട്ടറി പി മേരിക്കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. തോട്ടഭൂമി ഇളവനുവദിച്ച ഇനത്തിലല്ലാതെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തരം മാറ്റം വരുത്തലാണെന്നും ഇത് തടയാന്‍ അധികാരപെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല എന്ന ഹൈക്കാടതി പരാമര്‍ശവും ലാന്റ് ബോര്‍ഡ് സെക്രട്ടറി കലക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കുമാരനെല്ലൂര്‍ വില്ലേജിലെ റീസര്‍വേ 78/2 എയില്‍ പെട്ട മൈസൂര്‍ മല ഫാത്തിമ എസ്‌റ്റേറ്റിലെ തോട്ടഭൂമി വ്യാപകമായി തരംമാറ്റി പരിസ്ഥിതിവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതായി കാണിച്ച് 20 വര്‍ഷത്തോളമായി വിവിധ പരിസ്ഥിതി സംഘടനകളും നാട്ടുകാരും ലാന്റ് ബോര്‍ഡിലും ഹൈക്കോടതിയിലും കേസ് നടത്തി വരികയാണ്. സര്‍ക്കാരിനടക്കം നിരവധി പരാതികളും നിലനില്‍ക്കുന്നുണ്ട്.
സമാന പരാതികള്‍ താമരശ്ശേരി താലൂക്ക് പരിധിയിലും നിലവിലുണ്ട്.പരാതിയുടെ അടിസ്ഥാനത്തില്‍ 2015 ജൂലൈ 21ന് സബ് കലക്ടറുടെ ചേംബറില്‍ അഡീഷണല്‍ തഹസില്‍ദാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ജിയോളജിസ്റ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍, പോലിസ് വിജിലന്‍സ് വിഭാഗം, കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി, കുമാരനെല്ലൂര്‍ വില്ലേജ് ഓഫിസര്‍ എന്നിവരുടെ യോഗം ചേരുകയും ഖനന പ്രവര്‍ത്തനങ്ങളും മറ്റും പരിശോധിക്കുന്നതിന് സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് തഹസില്‍ദാരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ജനുവരി 6ന് ക്വാറി ഉടമകളെ താലൂക്ക് ഓഫിസില്‍ വിസ്തരിക്കുകയും ചെയ്തു. ഉടമകള്‍ നല്‍കിയ രേഖകള്‍ സഹിതം തഹസില്‍ദാര്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് ജില്ലാ ഭരണകൂടം ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ് പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it