കോഴിക്കോട്ട് യുഡിഎഫ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ട്: എളമരം കരീം

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് എളമരം കരീം എംഎല്‍എ. എം കെ രാഘവന്‍ എംപിയുടെ നേതൃത്വത്തില്‍ ഡിസിസിയുടെ അറിവോടെയാണ് ജില്ലയില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കോഴിക്കോട് കോര്‍പറേഷനിലെ ഒമ്പതു വാര്‍ഡുകളിലാണ് യുഡിഎഫ്-ബിജെപി ബന്ധം നിലനില്‍ക്കുന്നത്. നാലു വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ബിജെപിയെയും അഞ്ച് വാര്‍ഡുകളില്‍ ബിജെപി കോണ്‍ഗ്രസ്സിനെയും സഹായിക്കാനാണു ധാരണയായിട്ടുള്ളത്. വാര്‍ഡുകളുടെ പേരുകള്‍ പറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇപ്പോള്‍ പറയില്ലെന്നും പിന്നീട് അറിയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോണ്‍ഗ്രസ്സില്‍ ഒരുവിഭാഗം ഇതിനെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഈ കൂട്ടുകെട്ടിനു ബലമേകുന്നു. ജില്ലയിലെ ഈ കൂട്ടിനെക്കുറിച്ച് കെപിസിസിയും മുസ്‌ലിംലീഗും നിലപാടു വ്യക്തമാക്കണം. പരാജയ ഭീതിയിലായതാണ് ബിജെപിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.
സിപിഎമ്മിന് വിപ്ലവവീര്യം കുറഞ്ഞെന്ന് ആരോപിച്ചാണ് ബദല്‍ വിപ്ലവമെന്ന നിലയില്‍ ആര്‍എംപി രൂപീകരിച്ചത്. ക്ഷീണിച്ച ആര്‍എംപി ഇപ്പോള്‍ യുഡിഎഫിനു പിറകെയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. ഒഞ്ചിയത്ത് 17 വാര്‍ഡുകളില്‍ പേരിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് 11 വാര്‍ഡുകളില്‍ മാത്രമെ ആര്‍എംപി പ്രചാരണം നടത്തുന്നുള്ളു.കൂട്ടുകെട്ടുണ്ടാക്കാന്‍ മുന്നിട്ടിറങ്ങിയത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. കോണ്‍ഗ്രസ് കൂട്ടുകെട്ടിലൊന്നും മുസ്‌ലിംലീഗിനു പങ്കില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ, ടി വി ബാലന്‍, കെ ലോഹ്യ പങ്കെടുത്തു.
അതേസമയം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ യുഡിഎഫ്- ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയെന്ന സിപിഎം ആരോപണം അടിസ്ഥാനരഹിതമാണന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി രഘുനാഥ്. പരാജയ ഭീതിയിലായ സിപിഎം വാസ്തവവിരുദ്ധമായ കാര്യങ്ങളാണു പറയുന്നത്.കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it