Flash News

കോഴിക്കോട്ട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട്: നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഒരാഴ്ചത്തേക്ക് സിറ്റി പോലിസ് കമ്മീഷണര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കേരള പോലിസ് ആക്റ്റ് അനുസരിച്ച് മുന്‍കരുതല്‍ എന്ന നിലയിലാണ് നിരോധനാജ്ഞ. 16ന് നടന്ന ഹര്‍ത്താലിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലിസ് ആക്റ്റ് 78, 79 വകുപ്പുകള്‍ പ്രകാരമുള്ള സിറ്റി പോലിസ് കമ്മീഷണറുടെ നടപടി.
ഉത്തരവനുസരിച്ച് സ്‌ഫോടകവസ്തുക്കള്‍, ആയുധങ്ങള്‍, സാമുദായിക വികാരം ഉണ്ടാക്കുന്ന ലഘുലേഖകള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ കൈവശം വയ്ക്കുന്നതും കൊണ്ടുപോവുന്നതും കുറ്റകരമാണ്. സോഷ്യല്‍ മീഡിയ വഴി നടത്തുന്ന പ്രചാരണങ്ങളും കുറ്റകരമാണ്. പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവയ്ക്കും വിലക്കുണ്ട്.
കഴിഞ്ഞദിവസം നടന്ന ജനകീയ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് സമര്‍പ്പിച്ച റിപോര്‍ട്ടിന്‍മേലാണ് നടപടി. സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലെ അഡ്മിന്‍മാര്‍ക്കും ജില്ലാ പോലിസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. വര്‍ഗീയ വിദ്വേഷമോ പരിഭ്രാന്തിയോ പരത്തുന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌ക്രീന്‍ഷോട്ട് സഹിതം കോഴിക്കോട് സിറ്റി സൈബര്‍ സെല്ലില്‍ അറിയിക്കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിട്ടുള്ളത്.
കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ യു വി ജോസ്, സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, ജില്ലാ പോലിസ് മേധാവി കാളീരാജ് മഹേഷ് കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it