കോഴിക്കോട്ട് ആറു പേര്‍ കൂടി ചികില്‍സ തേടി

കോഴിക്കോട്: നിപാ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ആറു പേരെ കൂടി ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 12 പേരില്‍ മൂന്നുപേര്‍ക്ക് നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുവരെ 77 രക്തസാംപിളുകള്‍ പരിശോധിച്ചതില്‍ 15 പേര്‍ക്കാണ് നിപാ ബാധ സ്ഥിരീകരിച്ചത്. അതില്‍ 13 പേര്‍ മരിച്ചു. ആദ്യം മരിച്ച സാബിത്തിനെ കൂടാതെയാണിത്. സാബിത്തിന്റെ സ്രവങ്ങള്‍ പരിശോധിക്കാത്തതിനാല്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം രോഗം സ്ഥിരീകരിച്ച നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പനി ബാധിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശിക്ക് നിപാ വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു. പനി ബാധയെത്തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞദിവസം ചികില്‍സ തേടിയ യുവാവിനെ നിപാ സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയിരുന്നു. കഴിഞ്ഞദിവസം മരിച്ച നരിപ്പറ്റ സ്വദേശി കല്യാണിക്ക് രോഗബാധയുണ്ടായത് മെഡിക്കല്‍ കോളജില്‍ നിന്നാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ ആറ് പേരടക്കം 15 പേരാണ് നിലവില്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളത്.
മരിച്ച എബിന് പേരാമ്പ്രയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് സംശയമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പേരാമ്പ്ര കൂത്താളിയിലെ ബന്ധുവീട്ടിലെത്തിയപ്പോള്‍ ഇവിടത്തെ ജല സംഭരണി എബിന്‍ വൃത്തിയാക്കിയിരുന്നുവത്രേ. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ബന്ധുക്കളടക്കം 175 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ നിപാ വൈറസ് ബാധയുടെ ഉറവിടം ഒന്നാണെന്ന് മന്ത്രി പറഞ്ഞു. നിപ സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരും അവരുടെ വീടുകളില്‍ പോയവരുമായ വ്യക്തികളെയാണ് നിരീക്ഷിക്കുന്നത്. പരമാവധി ജാഗ്രത പുലര്‍ത്തുക എന്ന നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ളത്. നിരീക്ഷണത്തിലുള്ള മുഴുവന്‍ പേരുടെയും സ്രവങ്ങള്‍ നിപാ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കുന്ന നടപടി ആരോഗ്യവകുപ്പ് നിര്‍ത്തിവച്ചു. പനി തുടങ്ങി നിപാ രോഗലക്ഷണങ്ങളുള്ളവരില്‍ നിന്നുള്ള സാംപിളുകള്‍ മാത്രമാണ് പരിശോധനയ്ക്ക് അയക്കുന്നത്. ജാഗ്രത വര്‍ധിപ്പിച്ചതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളുടെ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണത്തില്‍ അധികൃതര്‍ അയവു വരുത്തി. നിയന്ത്രണങ്ങള്‍ വിവാദമായതോടെയാണ് ഭാഗികമായി പിന്‍വലിക്കാന്‍ തയ്യാറായത്്. റഫറല്‍ കേസുകള്‍ക്കു നിയന്ത്രണമില്ലെന്ന്  അറിയിച്ചു.
സാധാരണ പ്രസവത്തിനും മറ്റും മെഡിക്കല്‍ കോളജുകളില്‍ വരേണ്ടതില്ലെന്നും അത്യാഹിത വിഭാഗത്തില്‍ ഒഴികെയുള്ള രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനും പ്രിന്‍സിപ്പല്‍ കഴിഞ്ഞദിവസം വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it