Most popular

കോഴിക്കോടിന്റെ പാലിയേറ്റീവ് കെയര്‍ വിദേശത്തും ചുവടുറപ്പിക്കുന്നു

ഇ  രാജന്‍

കോഴിക്കോട്: ആതുരശുശ്രൂഷാരംഗത്തു കോഴിക്കോടിന്റെ മുഖമുദ്രയായ പാലിയേറ്റീവ് കെയര്‍ വിദേശരാജ്യങ്ങളിലും ചുവടുറപ്പിക്കുന്നു. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്കും മറ്റും ഇരയാവുന്ന, വേദനിക്കുന്നവര്‍ക്കിടയിലേക്കു സാന്ത്വനമായെത്തുന്ന പുതു ചികില്‍സാരീതിയാണ് ഇന്ത്യയുടെ അതിര്‍ത്തികള്‍ കടന്ന് പുറത്തെത്തുന്നത്.
സാന്ത്വന ചികില്‍സ അന്യ സംസ്ഥാനങ്ങളില്‍ സജീവമാണെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് കെയറിന്റെ സ്ഥാപക ഡയറക്ടര്‍ ഡോ. കെ സുരേഷ്‌കുമാര്‍ പറഞ്ഞു. ഡല്‍ഹിയാണ് കേരളത്തിനു പുറത്ത് സാന്ത്വന ചികില്‍സയില്‍ ആദ്യം സ്വയംപര്യാപ്തത നേടിയത്. ഇതിനുശേഷം തമിഴ്‌നാട്ടിലെ വില്ലിപ്പുറം സാന്ത്വനചികില്‍സയ്ക്ക് ഡോ. സുരേഷ്‌കുമാറിനെ സമീപിച്ചു. പിന്നീട് കോഴിക്കോട് ജില്ലാ മുന്‍ കലക്ടര്‍ പി ബി സലീമിന്റെ താല്‍പ്പര്യപ്രകാരം പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് ഹോംകെയര്‍ പരിചരണം തുടങ്ങിയത്. ആയിരത്തോളം വോളന്റിയര്‍മാരെ കണ്ടെത്താനും സാധിച്ചു. തുടര്‍ന്ന് മണിപ്പൂരിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഇപ്പോള്‍ ബംഗ്ലാദേശില്‍ ധക്ക കേന്ദ്രമായി ഹോംകെയര്‍ വിപുലീകരിച്ചു. സാന്ത്വന ചികില്‍സയില്‍ ബംഗ്ലാദേശ് സ്വയംപര്യാപ്്തമായി. ശ്രീലങ്കയിലും തായ്‌ലന്‍ഡിലും പ്രവര്‍ത്തനം വ്യാപിച്ചുവരുന്നു. ഇന്തോനീസ്യ, സീഷെല്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങള്‍ ഹോം കെയര്‍ സംവിധാനം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയേക്കാള്‍ ദരിദ്രമാണെങ്കിലും ഈ രാജ്യങ്ങളിലെ ജനങ്ങള്‍ പരസ്പരം സഹായിക്കാന്‍ തയ്യാറാണ്. വികസിത രാജ്യമായ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രൊജക്റ്റുമായി ചെന്നപ്പോള്‍ ജനങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല.
ഇന്തോനീസ്യയില്‍ നിന്ന് ഒരു ഡോക്ടറും നഴ്‌സും എത്യോപ്യയില്‍ നിന്ന് ഒരു ഡോക്ടറും ബംഗ്ലാദേശില്‍ നിന്ന് രണ്ട് ഡോക്ടര്‍മാരും ഐ.പി.എമ്മില്‍ വന്ന് സാന്ത്വന ചികില്‍സയും ഹോം കെയറും കണ്ടു മനസ്സിലാക്കി. ഈ സംവിധാനം നടപ്പാക്കാന്‍ അവര്‍ സന്നദ്ധത പ്രകടിപ്പിച്ചു.
വര്‍ഷത്തില്‍ 80 ശതമാനം ദിവസങ്ങളിലും സ്ഥലത്തില്ലാത്തതിനാല്‍ ഐ.പി.എമ്മിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടാവുന്നതിനാലാണ് ഡയറക്ടര്‍സ്ഥാനം ഒഴിഞ്ഞതെന്ന് സുരേഷ്‌കുമാര്‍ പറഞ്ഞു. 1993ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ വാര്‍ഡില്‍ തുടക്കമിട്ട പ്രസ്ഥാനമാണ് ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നത്. പല കോണ്‍ഫറന്‍സുകളില്‍ നിന്നും ഈ പ്രസ്ഥാനത്തെക്കുറിച്ച് കേട്ടറിഞ്ഞാണു വിവിധ രാജ്യങ്ങള്‍ സമീപിച്ചതെന്നും ഡോ. സുരേഷ്‌കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it