ernakulam local

കോഴിക്കൂടുകള്‍ക്ക് നിലവാരമില്ല; വിതരണം ചെയ്യാതെ തിരിച്ചയച്ചു

കാക്കനാട്: തൃക്കാക്കര നഗരസഭ നടത്തിയ മട്ടുപ്പാവില്‍ മുട്ട കോഴി വളര്‍ത്തല്‍ പദ്ധതിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദമായി. നിലവാരമില്ലാത്ത കോഴിക്കൂടുകള്‍ വിതരണത്തിനായി കൊണ്ടുവന്നത് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാതെ തിരിച്ചയച്ചു. അഞ്ച് കോഴികളും കോഴിക്കൂടും തീറ്റയും മരുന്നും കൂടി പതിനായിരം രൂപക്ക് നല്‍കുന്നതാണ് പദ്ധതി.
അഞ്ച് കോഴികള്‍ക്ക് 1500 രൂപയും തീറ്റക്കും മരുന്നിനും കൂടി 500 രൂപയും കൂടിന് 8,000 രൂപയുമാണ് വില നിശ്ചയിച്ചിരുന്നത്. ആകെ ചെലവിന്റെ പകുതി തുകയായ 5000 രൂപ ഗുണഭോക്താക്കളില്‍ നിന്നും നഗരസഭ വാങ്ങിയിട്ടുണ്ട്. എന്നാല്‍ 3000 രൂപ പോലും വിമലതിക്കാത്ത കോഴിക്കൂടുകളാണ് കരാരുകാരന്‍ എത്തിച്ചതെന്നാണ് നഗരസഭ കൗണ്‍സിലര്‍മാരുടെ ആരോപണം. സര്‍ക്കാര്‍ സ്ഥാപനമായ കെയ്‌കോക്കാണ്  കോഴിക്കൂടിന് ഓര്‍ഡര്‍ നല്‍കിയത്. മൃഗ സംരക്ഷണ വകുപ്പ് രൂപീകരിച്ച പര്‍ച്ചേസ് കമ്മിറ്റിയാണ് കോഴിക്കൂട് വാങ്ങുന്നതിനുള്ള ഓര്‍ഡര്‍ നല്‍കിയതെന്ന് വെറ്റിനറി ഡോ.ലൗലി പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണും, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരി കുര്യനും അങ്കമാലിയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പോയി കണ്ട കോഴിക്കൂടല്ല വിതരണത്തിനായി എത്തിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ നീനു പറഞ്ഞു. അതിനാലാണ് വിതരണം ചെയ്യാതെ തിരിച്ചയതെന്നും അവര്‍ പറഞ്ഞു. 200 പേര്‍ക്ക് കൊടുക്കുവാനാണ് നഗരസഭയുടെ പദ്ധതി, പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 25 ഗുണഭോക്താക്കള്‍ക്ക് കോഴിയും കൂടും വിതരണം ചെയ്യാനാണ് നഗരസഭ ഇന്നലെ ചടങ്ങ് സംഘടിപ്പിച്ചത്. കോഴിക്കൂട് കണ്ട പാടെ ഗുണഭോക്താക്കള്‍ ബഹളം തുടങ്ങി. തുടര്‍ന്ന് കൗണ്‍സിലര്‍മാരും നിലവാരമില്ലാത്ത കോഴിക്കൂട് വിതരണം ചെയ്യരുതെന്ന് അഭിപ്രായം ശക്തമാക്കി. ഒടുവില്‍ ഉദ്ഘാടനത്തിനായി എത്തിയ ചെയര്‍പേഴ്‌സണും കോഴിക്കൂട് തിരിച്ചയക്കാന്‍ നിര്‍ദേശിച്ചു. ഇതിനിടെ കൗണ്‍സിലര്‍മാര്‍ നടത്തിയ പരിശോധനയില്‍ കോഴിക്കൂട് ഗുണനിലവാരമില്ലാത്താണെന്ന്  ബോധ്യമായി. ഇതേത്തുടര്‍ന്ന് കോഴിയും കൂടും ഉള്‍പ്പെടെ വിതരണം ചെയ്യാതെ തിരിച്ചയച്ചു. തുടര്‍ന്ന് വിതരണം അനിശ്ചിതത്വത്തിലായി.
ജില്ലയിലെ 13 നഗരസഭകളിലാണ് ഈ പദ്ധതി ഒരേ സമയം നടപ്പിലാക്കുന്നത്. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിക്കാണ് കോഴിക്കൂട് വാങ്ങുന്നതിന്റെ ചുമതല. സര്‍ക്കാര്‍ സ്ഥാപനമായ കെയ്‌കോക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും സ്വകാര്യ വ്യക്തികള്‍ കോഴിക്കൂട് നിര്‍മിച്ചതാണ് നിലവാരം കുറയാന്‍ ഇടയായതെന്നും പറയുന്നു. ഇതിനെല്ലാം ഉത്തരവാദി ജില്ലാ പര്‍ച്ചേസ് കമ്മിറ്റിയാണെന്ന് ഡോക്ടറും നഗരസഭാ അധികൃതരും പറഞ്ഞു.
Next Story

RELATED STORIES

Share it