Pathanamthitta local

കോഴഞ്ചേരി താലൂക്കിലെ കുടിവെള്ള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന്

പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിലെ ആലുങ്കല്‍ കുടിവെള്ള പദ്ധതി, ആറന്മുള ഗ്രാമപ്പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ 2015-16ല്‍ ആരംഭിച്ച കുടിവെള്ള പദ്ധതി എന്നിവ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു.  ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സഹായകരമായ പദ്ധതികള്‍ എന്ന നിലയില്‍ ഇതിന് മുന്‍ഗണന നല്‍കണമെന്നും ആവശ്യമുയര്‍ന്നു. ചെറുകോല്‍, നാരങ്ങാനം ശുദ്ധജല പദ്ധതിയുടെ മേജര്‍ പൈപ്പ് ലൈന്‍ കോഴഞ്ചേരി മണ്ണാറക്കുളഞ്ഞി റോഡിന്റെ മധ്യത്തിലൂടെ കടന്നുപോകുന്നതിനാല്‍ ഉടന്‍ മാറ്റി സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇലന്തൂര്‍ മൈലാടുപാറ ഭാഗത്ത് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിനും അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ഇടയാറന്മുള കോമാട്ടുമോഡിയില്‍ ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിലൂടെ ജലം ലഭ്യമല്ലാത്തതു സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നു. കോഴഞ്ചേരി പഞ്ചായത്തിലെ വല്യതോട് ഇടയോടി പോത്തോലി പാടശേഖരങ്ങളില്‍ വെള്ളം എത്തിക്കുന്നതിന് അടിയന്തര നടപടികള്‍ ഉണ്ടാകണം. ചെന്നീര്‍ക്കര പഞ്ചായത്തിലെ ഇടയാറന്മുള പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനാല്‍ ഇവിടെ ജലവിതരണം ഉടന്‍ ആരംഭിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പത്തനംതിട്ട നഗരസഭ വിശപ്പ്‌രഹിത യാചകരഹിത പ്രദേശമായി പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും പലയിടങ്ങളിലും യാചകരുടെ സാന്നിധ്യം ഉള്ളതായും ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കടമ്മനിട്ട കരുണാകരന്‍, സാംസണ്‍ തെക്കേതില്‍, മിനി ശ്യാം മോഹന്‍, ആറന്മുള ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രസാദ് വേരുങ്കല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി ആര്‍ എം ജമാല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it