malappuram local

കോള്‍മേഖലയില്‍ 30,000 ഏക്കര്‍ നെല്‍കൃഷി നിലയ്ക്കുന്നു

പൊന്നാനി: പൊന്നാനി തൃശൂര്‍ കോള്‍പാടങ്ങളിലെ കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നു. ഇതോടെ ഈ മേഖലയിലെ മുപ്പതിനായിരം ഏക്കര്‍ നെല്‍കൃഷി നിലക്കുന്ന സാഹചര്യത്തിലേക്ക്. പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ നെല്ല് കൊയ്‌തെടുക്കുന്ന കോള്‍മേഖലയാണിത്. സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചു കോള്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാനാണു കോള്‍ കര്‍ഷക സംഘത്തിന്റെ യോഗത്തില്‍ തീരുമാനമായിട്ടുള്ളത്.
സര്‍ക്കാര്‍ അനകൂല തീരുമാനമെടുത്തില്ലെങ്കില്‍ അടുത്ത വര്‍ഷം കോള്‍പ്പാടങ്ങളില്‍ തരിശിടാനാണു തീരുമാനം. സ്വകാര്യ മില്ലുടമകളുടെ ചൂഷണമാണ് കോള്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. നെല്ല് സംഭരിക്കുന്നതിനും കയറ്റുന്നതിനും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ട്. എന്നാല്‍ പണം നല്‍കാതെ കര്‍ഷകരെ കൊണ്ട് തൂക്കം നോക്കി കയറ്റുകയുമാണ് മില്ലുടമകള്‍ ചെയ്യുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമാകാതെ വന്നതോടെയാണ് പാടങ്ങള്‍ തരിശിടുക എന്ന കടുത്ത തീരുമാനത്തിലേക്ക് കര്‍ഷകര്‍ കടന്നിരുന്നിരിക്കുന്നത്.
ഇരു ജില്ലകളിലെയും എംഎല്‍എമാര്‍ അടക്കം അനൂകൂല നിലപാടെടുത്തിട്ടും സിവില്‍ സപ്ലൈസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഇതിനുപുറമെ ഈ  കോള്‍പാടങ്ങള്‍ക്കായുള്ള 300 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ 30 ശതമാനത്തോളം മാത്രമേ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചെലവഴിച്ചിട്ടുള്ളൂവെന്ന ആരോപണവും കോള്‍ കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്.
പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ച  225.08 കോടിയില്‍ 99.93 കോടിയാണ് ഇതുവരെ ചെലവാക്കിയിട്ടുള്ളത്. പദ്ധതിയുടെ അഞ്ച് വര്‍ഷവും ഒന്‍പത് മാസവും പിന്നിട്ടിട്ടും ചെറിയ തുകമാത്രം ചെലവഴിച്ചതിനെതിരെ ജില്ലാ കോള്‍ കര്‍ഷക സംഘം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ച് ചേര്‍ന്ന അവലോകനയോഗത്തിലും കര്‍ഷകര്‍ പ്രതിഷേധം അറിയിച്ചത്.
സംസ്ഥാന ഭൂവികസന കോര്‍പറേഷന്‍ മുഖേന നടപ്പാക്കുന്ന പ്രവൃത്തികളില്‍ ചെലവിട്ട തുകയുടെ കണക്കുകളിലെ വൈരുധ്യം സംബന്ധിച്ചും കര്‍ഷകര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ചെലവഴിച്ച 74.92 കോടിയുടെ കണക്കില്ലെന്നും ഇതിന് എന്തു സംഭവിച്ചുവെന്ന ചോദ്യത്തിനു മറുപടി നല്‍കിയിട്ടില്ലെന്നും കര്‍ഷക സംഘം ഭാരവാഹികളിലൊരാള്‍ പറയുന്നു.
കര്‍ഷകര്‍ കാത്തിരിക്കുന്ന വെര്‍ട്ടിക്കല്‍ എക്‌സിയല്‍ പ്‌ളോ പമ്പ് സ്ഥാപിക്കുന്ന പദ്ധതിയും ഇഴഞ്ഞു നീങ്ങുകയാണ്. വൈദ്യുതി നിരക്ക് ഇനത്തില്‍ കര്‍ഷകര്‍ക്ക് കോടികള്‍ ലാഭിക്കാന്‍ കഴിയുന്ന പദ്ധതിയാണിത്.
ഒരു കോടിയുടെ പൈലറ്റ് പദ്ധതിയില്‍ എട്ട് പമ്പുകള്‍ മാത്രമാണ് ഇതുവരെയായി സ്ഥാപിച്ചിട്ടുള്ളത്. 300 പമ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ പോലും കൃഷി വകുപ്പിന് കഴിഞ്ഞിട്ടില്ല. കൃഷിവകുപ്പ് സന്നദ്ധമാണെങ്കില്‍ പമ്പുസെറ്റുകള്‍ സ്ഥാപിക്കുന്നതിനടക്കമുള്ള പദ്ധതി കോള്‍കര്‍ഷക സംഘം ഏറ്റെടുക്കാമെന്ന നിര്‍ദേശവും കര്‍ഷകര്‍ മുന്നോട്ടു വയ്ക്കുന്നു.
Next Story

RELATED STORIES

Share it