കോള്‍മേഖലയില്‍നിന്ന് നാടന്‍ മല്‍സ്യങ്ങള്‍ അപ്രത്യക്ഷമാവുന്നു

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: കോള്‍മേഖലയിലെ നാടന്‍ മല്‍സ്യങ്ങളില്‍ വലിയൊരുവിഭാഗം കുറഞ്ഞുവരുന്നതായി പഠനങ്ങള്‍ പറയുന്നു. മഴക്കാലമാവുന്നതോടെ വയലുകളിലും തോടുകളിലും കുളങ്ങളിലും യഥേഷ്ടമുണ്ടായിരുന്ന നാടന്‍ മല്‍സ്യങ്ങള്‍ ഇന്ന് ഓര്‍മമാത്രമായി.
കോള്‍മേഖലയിലെയും ജലാശയങ്ങളിലെയും ജൈവസമ്പത്തിലെ വലിയൊരു വിഭാഗമാണ് ഇത്തരത്തില്‍ അപ്രത്യക്ഷമായിരിക്കുന്നത്. ശേഷിക്കുന്നവയാവട്ടെ കടുത്ത വംശനാശഭീഷണിയിലുമാണെന്ന് 2010 മുതലുള്ള പഠനങ്ങള്‍ പറയുന്നു.
തൃശൂര്‍, മലപ്പുറം ജില്ലകളിലായി ഹെക്റ്റര്‍ കണക്കിന് വിസ്തൃതിയില്‍ പരന്നുകിടക്കുന്ന കോള്‍മേഖലയിലെ ഉള്‍നാടന്‍ ജലസമ്പത്ത് ഗണ്യമായ അളവില്‍ കുറയുന്നുവെന്നാണ് 2010 മുതലുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരുകാലത്ത് നൂറിലേറെ ഇനം മല്‍സ്യങ്ങളുടെയും ജീവജാലങ്ങളുടെയും കേന്ദ്രമായിരുന്നു കോള്‍പ്പാടങ്ങള്‍.
മല്‍സ്യഗവേഷകനായ ഡോ. സി പി ഷാജിയുടെ പഠനത്തില്‍ കണ്ടെത്തിയത് കോള്‍പ്പാടങ്ങളില്‍ ഭൂരിഭാഗം സ്ഥലത്തും നാടന്‍ മുഷിവംശം ഇല്ലാതായെന്നാണ്. പ്രജനനകാലത്തെ അശാസ്ത്രീയമായ മീന്‍പിടിത്തവും വഴിയടയ്ക്കുന്നതരത്തിലുള്ള കോള്‍പ്പാടങ്ങളിലെ ബണ്ട് നിര്‍മാണവുമാണ് നാടന്‍ മല്‍സ്യങ്ങള്‍ അപ്രത്യക്ഷമാവാന്‍ കാരണം. ഇതിനു പുറമേ കളനാശിനികളുടെ വ്യാപക ഉപയോഗവും മല്‍സ്യസമ്പത്ത് ഇല്ലാതാക്കിയിട്ടുണ്ട്.
നാടന്‍ മല്‍സ്യങ്ങളായ ആരകന്‍, മുണ്ടത്തി, വാലേകൊടിയന്‍, കാരി, വരാല്‍, കല്ലുത്തി എന്നിവയില്‍ ഒരുതരം പുണ്ണുരോഗം വ്യാപകമാണ്. രാസവസ്തുക്കളടങ്ങിയ മാലിന്യങ്ങള്‍ കാരണം നല്ലൊരുവിഭാഗം നാടന്‍ മല്‍സ്യങ്ങളും നിത്യരോഗികളാണ്. വളര്‍ത്തുമല്‍സ്യങ്ങളായ ആഫ്രിക്കന്‍ മുഷി, തിലാപ്പിയ എന്നിവയും നാടന്‍ മല്‍സ്യങ്ങള്‍ക്ക് വെല്ലുവിളിയാണ്.
കോള്‍പ്പാടങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്ന ചില വിദേശയിനം മല്‍സ്യങ്ങള്‍ക്ക് ഏതു പരിസ്ഥിതിയിലും പെറ്റുപെരുകാനുള്ള ശേഷിയുള്ളതിനാല്‍ നാടന്‍ ഇനങ്ങളായ കരിമീന്‍, പള്ളത്തി, പരല്‍, കാരി എന്നിവ ഗണ്യമായി കുറഞ്ഞതായി പഠനങ്ങള്‍ വ്യക്തമാക്കുന്നതായി മല്‍സ്യഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കോള്‍മേഖലയില്‍ മല്‍സ്യസമ്പത്തിനെ രക്ഷിക്കാന്‍ ഫിഷറീസ് വകുപ്പ് നടപടികള്‍ ശക്തമാക്കുന്നുണ്ട്. ഇതുപ്രകാരം കോള്‍പ്പടവുകളില്‍ നിന്നും പൊതുജലാശയങ്ങളില്‍ നിന്നും മല്‍സ്യം പിടിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it