thrissur local

കോള്‍പടവുകള്‍ കൃഷിസൗഹൃദമാക്കാന്‍ നടപടി സ്വീകരിക്കും: ജില്ലാ കലക്ടര്‍

തൃശൂര്‍: കോള്‍ പാടങ്ങളില്‍ നെല്‍കൃഷി ഇറക്കുന്നതിനും സമീപ കരപ്രദേശങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിനും അനുകൂല സാഹചര്യമൊരുക്കുമെന്ന് കോള്‍ വികസന ഏജന്‍സി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി രതീശന്‍ അറിയിച്ചു. കണിമംഗലം, ചാമക്കോള്‍ , മാമ്പഴക്കാട്, അണ്ടികുടിപാടം, പൂത്തറയത്തല്‍ പടവ്, ചേനം തരിശ് പടവ്, അവില്‍ചിറപ്പടവ് എന്നീ പാട ശേഖരങ്ങളിലെ കൃഷി പുരോഗതി കലക്ടര്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി . ഒരേ പാടശേഖരത്തിലെ തന്നെ വിവിധ ഉയരങ്ങളിലുളള കൃഷിയിടങ്ങളിലെ ജല സാന്നിധ്യം പരിഹരിക്കുന്നതിന് പമ്പ് ഹൗസുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കും. ഉയരം കൂടിയ പാടങ്ങളില്‍ വെള്ളത്തിന് ക്ഷാമമാണെന്നും ഉയരം കുറഞ്ഞവയില്‍ വെള്ളക്കെട്ടുമാണെന്ന് കര്‍ഷകര്‍ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി
നിലങ്ങളിലെ ജലവിതാനം നിയന്ത്രിക്കുന്ന ഇടത്തോടുകളില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളുന്ന കാര്യം ഉന്നയിച്ചപ്പോള്‍ ജാഗ്രതാ സമിതി രൂപീകരിച്ച് നിരീക്ഷണ മേര്‍പ്പെടുത്തി കര്‍ഷകര്‍ പോലിസിനെ സാഹായിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
അധികാരികള്‍ക്ക് വിവരം കൈമാറാന്‍ കര്‍ഷകര്‍ക്ക് സമൂഹമാധ്യമം ഉപയോഗിക്കാമെന്നും കലക്ടര്‍ ഉപദേശിച്ചു .
കണിമംഗലം-ചാമക്കോള്‍ പടവിന്റെ സമീപപ്രദേശങ്ങളിലായി കിഴക്കേത്തറ, പടിഞ്ഞാറെ ത്തറ, പുത്തന്‍ കോള്‍ത്തറ എന്നിവിടങ്ങളിലെ പച്ചക്കറി കൃഷിയ്ക്ക് ജലക്ഷാമ മനുഭവിക്കുന്ന കര്‍ഷകര്‍ക്ക് മേല്‍ത്തട്ട് കനാലിലൂടെ വെള്ളം ലഭ്യമാമാക്കാന്‍ കൃഷിവകുപ്പിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കോന്തി പുലം പാലത്തിന്റെ ഇരു വശങ്ങളിലായുള്ള മുരിയാട്-മൂര്‍ക്കനിക്കര, മുരിയാട്-പുറത്തുശ്ശേരി പാടശേഖരങ്ങളിലെ ജലവിതാനം കൃഷി യോഗ്യമാക്കുന്നതിന് ഉടന്‍ നടപടി ആരംഭിക്കും.
കോള്‍ പ്രദേശങ്ങളിലെ റവന്യൂ പുറമ്പോക്ക്, സര്‍ക്കാരിന്റെ ഇതര വകുപ്പുകളുടെ കൈവശമുള്ള ഭൂമി, പാലത്തിന്റെ ഉയരം, പരമാവധി ഉയരുന്ന ജലനിരപ്പ് എന്നിവയടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രോജക്ട് എന്‍ജിനിയര്‍ കെ ആര്‍ ചന്ദ്രന്‍, ഡെപ്യൂട്ടി പ്രോജക്ട് എന്‍ജിനിയര്‍ എ എസ് സുനില്‍കുമാര്‍, അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സി കെ ഷാജി, കോള്‍ വികസന ഏജന്‍സി കോ-ഓര്‍ഡിനേറ്റര്‍ പി എസ് സുരേന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ അനിത കരുണാകരന്‍, മുകുന്ദപുരം അഡീഷണല്‍ തഹസില്‍ദാര്‍ എ ജെ മേരി, കൃഷി ഓഫിസര്‍ ജീഷ്മ തുടങ്ങിയവര്‍ കലക്ടറെ അനുഗമിച്ചു.
Next Story

RELATED STORIES

Share it