Pathanamthitta local

കോളനി വളഞ്ഞ് ഒരു സംഘം ആളുകള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഉപദ്രവിച്ചു

കോന്നി: ശിവരാത്രി ദിവസം പൂങ്കാവ് മാര്‍ക്കറ്റില്‍  നടന്ന അടിപിടിയെ തുടര്‍ന്ന് പ്രമാടത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ പൂങ്കാവ് ലക്ഷംവീട് കോളനി വളഞ്ഞ് ഒരു സംഘം ആളുകള്‍  സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ ഉപദ്രവിച്ചതോടെ വീടുകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. രാഷ്ട്രീയമില്ലെങ്കിലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതോടെ പോലീസ് നടപടിയും ശക്തമാക്കിട്ടുണ്ട്.
പ്രമാടം മഹാദേവര്‍ ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടെ പൂങ്കാവ് മാര്‍ക്കറ്റില്‍ സംഘര്‍ഷം നടന്നിരുന്നു. രണ്ടുപേര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം വാക്കേറ്റത്തിലും പിന്നീട് സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു. അന്ന് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് ബലപ്രയോഗത്തിലൂടെയാണ് ഇരുവിഭാഗങ്ങളെയും പിന്‍തിരിപ്പിച്ചത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും  വിവിധ കേന്ദ്രങ്ങളില്‍വെച്ച് കോളനിക്കാരും എതിര്‍ സംഘങ്ങളും തമ്മില്‍ വാക്കേറ്റവും നേരിയ സംഘര്‍ഷങ്ങളുമുണ്ടായി.  ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം രാത്രി പൂങ്കാവ് പെട്രോള്‍ പമ്പിന് സമീപമുള്ള ലക്ഷം വീട് കോളനിയില്‍ കടന്ന് ഒരു സംഘം ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ നാല് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും  മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോളനി നിവാസികളായ സുധീഷ് ഭവനില്‍ സുരേഷ്, കൊച്ചുകുഞ്ഞ്, സുമതി, കൊച്ചുകൃഷ്ണന്‍ എന്നിവരുടെ  വീടുകള്‍ക്ക് നേരെയാണ്  ആക്രമണം നടന്നത്. 50 ഓളം വരുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കോളനിക്കാര്‍ പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പത്തനംതിട്ട പോലീസ് ഇവരുടെ വീടുകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയത്.
കെട്ടുകാഴ്ചയ്ക്കിടെ കോളനി നിവാസിയായ സുരേഷിന്റെ മകന്‍ സുധീഷുമായാണ് ചിലര്‍ വഴക്കുണ്ടായത്. പരിക്കേറ്റ സുധീഷും വീട്ടുകാരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സുധീഷിനെ തിരക്കി രാത്രയിില്‍ വീട്ടില്‍ എത്തിയവരാണ് അക്രമത്തിന് പിന്നിലെന്ന് കോളനിക്കാര്‍ പറഞ്ഞു.
സുധീഷിനെ കാണാതെ വന്നതോടെ വീടുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സുരേഷിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന സംഘം ഭാര്യ സുനിതയെയും സുധീഷിന്റെ ഭാര്യ രജിതയെയും വലിച്ചു പുറത്തിറക്കി ഉപദ്രവിച്ചു. രജിതയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. ബഹളം കേട്ട് സമീപവാസികള്‍ ഓടിക്കൂടിയെങ്കിലും ഇവരെയും ആക്രമിച്ചു. തുടര്‍ന്ന് പോലീസ് എത്തിയപ്പോഴാണ് സംഘം രക്ഷപെട്ടത്. പരിക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമിസംഘങ്ങളെ സംബന്ധിച്ച വിവരം ചികില്‍സയില്‍ കഴിയുന്നവരും കോളനിക്കാരും പോലീസിന് നല്‍കിയിട്ടുണ്ട്. ചിലര്‍ കസ്റ്റഡിയിലായതായും സൂചനയുണ്ട്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it