കോളനിവാസികളുമായി ഏറ്റുമുട്ടലിനില്ലെന്ന്ഭാരവാഹികള്‍

കൊച്ചി: വടയമ്പാടി മൈതാന പ്രശ്‌നം തല്‍പരകക്ഷികള്‍ കോളനിവാസികളെ തെറ്റിദ്ധരിപ്പിച്ചതു മൂലം ഉണ്ടായതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍. പ്രശ്‌നത്തില്‍ കോളനിവാസികളുമായി ഏറ്റുമുട്ടലിനില്ലെന്നും വടയമ്പാടി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമരസമിതി പൊളിച്ചുകളഞ്ഞ മതില്‍ പുനര്‍ നിര്‍മിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഏതെങ്കിലും ഒരുകാലത്ത് പരിസരവാസികള്‍ കൂടി ആഗ്രഹിക്കുന്ന പക്ഷമേ ചുറ്റുമതില്‍ പുനര്‍നിര്‍മിക്കൂവെന്ന് എന്‍എസ്എസ് ഭജനമഠം ദേവീക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് ബി രമേശ് കുമാര്‍ പറഞ്ഞു.ദേവപ്രശ്‌ന പ്രകാരം ശുദ്ധി നിലനിര്‍ത്താനും രാത്രിയില്‍ മദ്യപാനമുള്‍പ്പെടെയുള്ളവ അവസാനിപ്പിക്കാനുമാണു ക്ഷേത്രമൈതാനത്തിനു മതില്‍ കെട്ടാന്‍ തീരുമാനിച്ചതെന്നും അതിനായി നിയമപരമായാണു ഭരണസമിതി നടപടികളെടുത്തതെന്നും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. പഞ്ചായത്തിന്റെ അടക്കമുള്ള അധികാരികളുടെ അനുമതി വാങ്ങിയിരുന്നു. അതിനെ തടസ്സപ്പെടുത്തുകയായിരുന്നു ഏതാനും ആളുകളെന്നും ഇവര്‍ പറഞ്ഞു. പുറത്തുനിന്നുമെത്തിയ ചിലര്‍ കോളനിവാസികളെ തെറ്റിദ്ധരിപ്പിച്ചതായും ഇവര്‍ നിയമവ്യവസ്ഥകളെല്ലാം അട്ടിമറിച്ചാണു മതില്‍ പൊളിക്കുന്നത് എന്നതടക്കമുള്ള ആക്രമണങ്ങള്‍ നടത്തിയെന്നും ഭാരവാഹികള്‍ ആരോപിച്ചു. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമമുണ്ടായി. വടയമ്പാടിയെ സമൂഹത്തില്‍ താഴ്ത്തിക്കെട്ടിക്കൊണ്ടുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നതിലുള്ള വിഷമം മൂലമാ—യിരിക്കും ചിലര്‍ വികാരപരമായി പ്രതികരിച്ചതെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട്  മറുപടി പറഞ്ഞു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ മുന്നിനു നടന്ന യോഗ തീരുമാന പ്രകാരം ക്ഷേത്രത്തിന്റെ കമാനവും ആര്‍ച്ചുമെല്ലാം നീക്കംചെയ്തിട്ടുണ്ട്. ഇനി അവയൊന്നും അവിടെ സ്ഥാപിക്കുകയുമില്ല. പട്ടയം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതില്‍ തീര്‍പ്പുണ്ടാവുന്നതനുസരിച്ച് മറ്റ് തുടര്‍ നടപടികളും ഉണ്ടാവും. ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്നതിനായി എട്ടിന് കോലഞ്ചേരി ചൂണ്ടിയില്‍ വിശദീകരണ യോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ പി സുരേഷ്, ഭജനമഠം ക്ഷേത്രഭൂസംരക്ഷണ സമിതി അംഗം എ വിനോദ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it