Kerala

കോളജ് ഹോസ്റ്റലുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോളജ് ഹോസ്റ്റലുകളില്‍ നിയമസംവിധാനങ്ങളുടെ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍. തിരുവനന്തപുരം സി. ഇ.ടിയില്‍ ഓണാഘോഷത്തിനിടയില്‍ വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തില്‍ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടക്കാല ഉത്തരവ്.

തുടരെത്തുടരെ പരീക്ഷകള്‍ തോല്‍ക്കുന്നവര്‍ക്കും ഹാജര്‍ നിലയില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഹോസ്റ്റലുകളില്‍ പ്രവേശനം നല്‍കണമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. തസ്‌നി ബഷീറിന് സംഭവിച്ചത് ചെറിയൊരു അപകടം മാത്രമാണെന്നാണ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവസമയത്ത് പ്രിന്‍സിപല്‍ ടെന്‍ഷനിലായതിനാലാണ് സംഭവം പോലിസില്‍ അറിയിക്കാന്‍ കഴിയാത്തതെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. വിദ്യാര്‍ഥികള്‍ നിയമം ലംഘിച്ചാണ് കാംപസില്‍ വാഹനങ്ങള്‍ കൊണ്ടുവന്നത്. സംഭവങ്ങളെ തുടര്‍ന്ന് മെന്‍സ് ഹോസ്റ്റല്‍ യൂനിയന്‍ അംഗങ്ങളെ സസ്‌പെന്റ് ചെയ്തു. സെക്യൂരിറ്റിക്കാരനെ പിരിച്ചുവിട്ടു. കുറ്റക്കാരായ 5 വിദ്യാര്‍ഥികളെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. ജീപ്പിന്റെ ഡ്രൈവറായിരുന്ന വിദ്യാര്‍ഥി ബൈജു കെ ബിയെ പിരിച്ചുവിട്ടു.
തസ്‌നിയുടെ ചികില്‍സാ ചെലവ് കോളജ് വഹിക്കും. കോളജ് ഗേറ്റില്‍ സുരക്ഷിതത്വം വര്‍ധിപ്പിക്കും. ഹോസ്റ്റലിലെ അനധികൃത വാഹനങ്ങള്‍ പുറത്താക്കും. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രം ഹോസ്റ്റല്‍ പ്രവേശനം നല്‍കും. കോളജിന് ചുറ്റുമതില്‍ നിര്‍മിക്കുമെന്നും ഫാക്കല്‍റ്റി അംഗത്തിന് ഹോസ്റ്റലിന്റെ ചുമതല നല്‍കുമെന്നും വിശദീകരണത്തില്‍ പറയുന്നു. വി എസ് ജോയി സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ കൂടുതല്‍ പേരെ കക്ഷിചേര്‍ക്കും.
Next Story

RELATED STORIES

Share it