Kottayam Local

കോളജ് വിദ്യാര്‍ഥി ചമഞ്ഞ് കഞ്ചാവ് കടത്തിയ യുവാവ് പിടിയില്‍

കാഞ്ഞിരപ്പള്ളി: കോളജ് വിദ്യാര്‍ഥി ചമഞ്ഞ് കഞ്ചാവ് കടത്തിയ യുവാവ് പിടിയില്‍. തങ്കമണി കാല്‍വരി മൗണ്ട് ജിത്ത് തോമസ്  (23) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. സ്‌കൂള്‍ ബാഗുമായി ഇന്നലെ 2.45 ഓടെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എക്‌സൈസ് സംഘം പറയുന്നത് ഇങ്ങനെ: കട്ടപ്പനയില്‍ നിന്നു കഞ്ചാവുമായി ജിത്ത് തോമസ് ബസ് മാര്‍ഗം കുമരകത്തെത്തി. ഇവിടെയുള്ള ഏതോ ക്വട്ടേഷന്‍ സംഘത്തിന് നല്‍കാനാണ് എത്തിയത്. എന്നാല്‍, മേഖലയില്‍ പോലിസ് പരിശോധന ഉള്ളതിനാല്‍ വാങ്ങാനുള്ളവര്‍ എത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് ജിത്ത് തിരികെ വരുന്ന വഴി കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോള്‍ എക്‌സൈസ് സിഐ ആര്‍ ജയചന്ദ്രനും സംഘവും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
സ്‌കൂള്‍ ബാഗിനകത്ത് ഭദ്രമായി പൊതിഞ്ഞ് പുസ്തകങ്ങള്‍ എന്ന വ്യാജേനയാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കട്ടപ്പനയിലുള്ള ടോമി എന്നയാളാണ് കഞ്ചാവ് കൊടുത്തയച്ചതെന്ന് ഇയാള്‍ പറഞ്ഞു. ഒരുവര്‍ഷത്തിനിടയില്‍ പൊന്‍കുന്നം സര്‍ക്കിള്‍ റേഞ്ചിന് കീഴില്‍ 20 കിലോ കഞ്ചാവ് പിടിച്ചതായി സിഐ പറഞ്ഞു.
അസി. എക്‌സൈസ് ഇസ്‌പെക്ടര്‍ എം വി അജിത്കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ സി ടിജോ, കെ എന്‍ സുരേഷ്‌കുമാര്‍, സി കണ്ണന്‍, ഹരികൃഷ്ണന്‍, എം പി സുനില്‍ എന്നവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it