thrissur local

കോളജ് വിദ്യാര്‍ഥികളില്‍ പുകവലി വ്യാപകമെന്ന് പഠന റിപോര്‍ട്ട്‌



കെ സനൂപ്

തൃശൂര്‍: കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പുകവലി വ്യാപകമാണെന്ന് പഠനം. തൃശൂര്‍ ജില്ലയിലെ കോളജ് വിദ്യാര്‍ഥികളില്‍ 16 ശതമാനത്തിലേറെയും സിഗററ്റിന്റെയോ ബീഡിയുടെയോ രൂപത്തില്‍ പുകവലിക്കുന്നുണ്ടെന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി. രണ്ട് കോളജുകളെ അടിസ്ഥാനമാക്കിയായിരുന്നു സാംപിള്‍ പഠനം. ഈ കോളജുകളിലെ 15 മുതല്‍ 24 വയസുവരെയുള്ള 402 വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ ഇവരില്‍ 35.4 ശതമാനം പേരും ദിവസവും പുകവലിക്കുന്നവരാണെന്ന് കണ്ടെത്തി. പുകവലിക്കുന്നവരില്‍തന്നെ 72.3 ശതമാനം പേരിലും സിഗററ്റാണ് ഏറെ പ്രചാരത്തിലുള്ള പുകയില ഉല്‍പ്പന്നമെന്നും കണ്ടെത്തി. സിഗററ്റിന്റെ ഉപയോഗം ഏഴു വയസില്‍പോലും ആരംഭിക്കുന്നുവെന്നും ‘മധ്യകേരളത്തിലെ യുവാക്കളില്‍ ലഹരിപദാര്‍ഥ ദുരുപയോഗത്തിന്റെ കാരണങ്ങളും വ്യാപ്തിയും’ പഠനം കണ്ടെത്തി. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കമ്യൂനിറ്റി മെഡിസിന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോളജ് അധികൃതരില്‍നിന്ന് ഔദ്യോഗിക അനുമതിയും വിദ്യാര്‍ഥികളുടെ സമ്മതവും നേടിയശേഷം മെഡിക്കല്‍ കോളജ് കമ്യൂനിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഗവേഷകര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. പ്രായം, മാതാപിതാക്കളുടെ വിദ്യാഭ്യാസസ്ഥിതിയും തൊഴിലും പുകയില ഉപയോഗത്തിന്റെ തരവും തോതും തുടങ്ങിയ വിവിധ സാമൂഹികജനസംഖ്യാപരമായ സ്വഭാവസവിശേഷതകള്‍ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തങ്ങളുടെ സുഹൃത്തുക്കളില്‍ 46 ശതമാനവും ബന്ധുക്കളില്‍ 29.9 ശതമാനവും രക്ഷിതാക്കളില്‍ 24.4 ശതമാനവും ഏതെങ്കിലും തരത്തിലുള്ള ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതായി പഠനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ പറഞ്ഞു. ലഹരിപദാര്‍ഥ ദുരുപയോഗത്തിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ 96.1 ശതമാനം വിദ്യാര്‍ഥികള്‍ക്കും അറിയാമായിരുന്നതായി കണ്ടെത്തിയതായി പഠനത്തിന്റെ സഹ ഗ്രന്ഥകര്‍ത്താവ്  മഞ്ചേരി മെഡിക്കല്‍ കോളജ് കമ്യൂനിറ്റി മെഡിസിന്‍ വിഭാഗം അസി. പ്രഫ. ഡോ. റിനി രവീന്ദ്രന്‍ പറഞ്ഞു. കോളജ്, സര്‍വകലാശാലാതലത്തിലും ജില്ലാതലത്തിലും ജില്ലാ വികസന കൗണ്‍സില്‍ പോലെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഡോ. റിനി പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 83.6 ശതമാനം വിദ്യാര്‍ഥികളും പൊതുസ്ഥലത്തെ പുകവലി നിരോധനത്തെ അനുകൂലിച്ചതാണ് പ്രതീക്ഷ നല്‍കുന്ന കണ്ടെത്തല്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലെ പുകവലി കര്‍ശനമായി വിലക്കുന്നതാണ് ഇന്ത്യന്‍ പുകയില നിരോധന നിയമം (കോട്പ 2003)ന്റെ സെക്ഷന്‍ 4. പുകയിലയിലെ പുകയ്ക്ക് സുരക്ഷിതമായ അളവ് എന്നൊന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന പക്ഷേ പറയുന്നത്.  പുകയില പുക കാണാനോ ശ്വസിക്കാനോ തിരിച്ചറിയാനോ അളക്കാനോ സാധിക്കാത്ത അന്തരീക്ഷത്തിനാണ് നൂറുശതമാനം പുകരഹിത അന്തരീക്ഷമെന്ന് പറയുന്നത്. സിഗററ്റ്, ബീഡി കുറ്റികളോ ചാരമോ ഉണ്ടെങ്കില്‍പ്പോലും ഒരു പ്രദേശം നൂറുശതമാനം പുകവിമുക്തം എന്നു പറയാന്‍ സാധിക്കാതെവരും. തൃശൂര്‍ മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മുന്‍ മേധാവിഡോ. ലൂസി റാഫേല്‍, അസി. പ്രഫ. ഡോ. സജ്‌ന എം വി എന്നിവരും പഠനത്തില്‍ സഹകരിച്ചു.
Next Story

RELATED STORIES

Share it