kannur local

കോളജ് പ്രഫസറുടെ കാറിനു നേരെ ആക്രമണം

തളിപ്പറമ്പ്: ധര്‍മശാലയിലുള്ള കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് പ്രഫസറുടെ കാറിനു നേരെ ആക്രമണം. ഇലക്ട്രോണിക്‌സ് വിഭാഗം പ്രഫസര്‍ രഞ്ചിത്തിന്റെ കെഎല്‍14സി6628 കാറാണ് ആക്രമിക്കപ്പെട്ടത്.കോളജിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍ഭാഗത്തെ ചില്ല് കല്ലെടുത്തിട്ട് തകര്‍ത്ത ശേഷം തീവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം.
കാറിനു മുകളില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീയിട്ടെങ്കിലും ഉടനെ അണഞ്ഞതിനാല്‍ കത്തിനശിച്ചില്ല. തീയാളുന്നത് കണ്ട് വീട്ടുകാര്‍ പുറത്തെത്തിയപ്പോഴേക്കും അണഞ്ഞിരുന്നു. ഈസമയം രഞ്ചിത്തും ഭാര്യയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. കാഞ്ഞങ്ങാട് സ്വദേശിയായ രഞ്ചിത്ത് 15 വര്‍ഷമായി കണ്ണൂര്‍ എന്‍ജിനീയറിങ് കോളജില്‍ ജോലി ചെയ്തുവരികയാണ്. എന്‍ജിനീയറിങ് കോളജില്‍ യുക്തി എന്ന പേരില്‍ ദേശീയതല മള്‍ട്ടി ഫെസ്റ്റ് നടക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ഫാഷന്‍ ഷോയ്ക്കിടെ മയ്യില്‍ ഐടിഎമ്മിലെ ഒരു വിദ്യാര്‍ഥിയെ എന്‍ജിനീയറിങ് കോളജിലെ ഒരു സംഘം മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയെ മുറിയില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലും രഞ്ചിത്ത് ഉള്‍പ്പടെയുള്ള ചില അധ്യാപകരും വിട്ടയക്കാന്‍ ആവശ്യപ്പെടുകയും സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നാലംഗ സംഘം രഞ്ചിത്തിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു കാര്‍ ആക്രമിച്ചതെന്നു കരുതുന്നു. തളിപ്പറമ്പ് പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it