കോളജുകളില്‍ ലിംഗവിവേചനമെന്ന് യുവജന കമ്മീഷന്‍ റിപോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ കോളജുകളില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നതായി സംസ്ഥാന യുവജന കമ്മീഷന്‍ റിപോര്‍ട്ട്. കോഴിക്കോട് ഫാറൂഖ് കോളജില്‍ ലിംഗവിവേചനമുണ്ടെന്ന് ഏതാനും വിദ്യാര്‍ഥിക ള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യുവജന കമ്മീഷന്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്.
കേരളത്തിലെ കോളജുകളില്‍ പൊതുവില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നതായി വിലയിരുത്തിയ കമ്മീഷന്‍ ഫാറൂഖ് കോളജ് കാന്റീനില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിച്ചു നല്‍കിയതിനെ വിമര്‍ശിച്ചു. മറ്റ് കോളജുകളിലെപ്പോലെ വിദ്യാര്‍ഥികള്‍, സ്റ്റാഫ് എന്ന നിലയ്ക്കുള്ള വേര്‍തിരിവായിരുന്നു ഉചിതമെന്നു നീരീക്ഷിച്ച കമ്മീഷന്‍ കാന്റീനില്‍ സ്റ്റാഫിനും വിദ്യാര്‍ഥികള്‍ക്കുമായി ആണ്‍/ പെണ്‍ വ്യത്യാസമില്ലാതെ സ്ഥല ക്രമീകരണം നടത്തണമെന്നും നിര്‍ദേശിച്ചു.
കാംപസില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക റസ്റ്റ് സോണുകള്‍ ഏര്‍പ്പെടുത്തിയതിനെ ചോദ്യംചെയ്ത കമ്മീഷന്‍ കോളജ് അധികൃതരുടെ നടപടി ന്യായികരിക്കാന്‍ ഒരുപറ്റം വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നുവെന്നും ആരോപിച്ചു. മറ്റു കോളജുകളില്‍ നിന്നു വ്യത്യസ്തമായി പിജി ഒഴികെയുള്ള ടീമുകളെ ലിംഗപരമായി സംഘടിപ്പിക്കുന്നതായും കമ്മീഷന്‍ കണ്ടെത്തി.
നാടക മല്‍സരങ്ങളില്‍ നിന്നു മാറിനില്‍ക്കാനുള്ള കോളജ് അധികൃതരുടെ തീരുമാനം ശരിയല്ല. ആണ്‍കുട്ടികളുടെയും പെ ണ്‍കുട്ടികളുടെയും ഒരുമിച്ചുള്ള ഇടപഴകല്‍ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നാടകത്തില്‍ സ്ഥിരമായി ഒന്നാംസ്ഥാനം നേടിയിരുന്ന ഒരു കോളജ് ഇതില്‍ നിന്നു പിന്മാറിയതിന് ന്യായങ്ങള്‍ ഒന്നും നിരത്താന്‍ കോളജ് അധികൃതര്‍ക്കു സാധിച്ചിട്ടില്ലെന്നും കമ്മീഷന്‍ പറഞ്ഞു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകുന്നതും സംസാരിക്കുന്നതും ഇഷ്ടമില്ലാത്ത വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വനിതാ കോളജുകള്‍ പഠനത്തിനായി തിരഞ്ഞെടുക്കാമെന്നും കമ്മീഷന്‍ പറഞ്ഞു. കാംപസില്‍ ആണ്‍കുട്ടികള്‍ക്കു മാത്രമായി ഏര്‍പ്പെടുത്തിയിട്ടുള്ള റെസ്റ്റ് സോണ്‍ ബോ ര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ല, കലാമല്‍സരങ്ങള്‍ക്ക് നിലവിലുള്ള ടീം ഘടന മാറ്റി മറ്റ് കോളജുകളില്‍ നിലവിലുള്ളതു പോലെ എല്ലാ ക്ലാസിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന പൊതു ടീമുകള്‍ രൂപീകരിക്കുക, കാംപസില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ മറ്റു പ്രധാന നിര്‍ദേശങ്ങള്‍.
കഴിഞ്ഞ ഒക്ടോബര്‍ 20നാണ് ഫാറൂഖ് കോളജില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ബഞ്ചില്‍ ഇരുന്നതുമായി ബന്ധപ്പെട്ടു പ്രശ്‌നമുണ്ടായത്. സംഭവത്തി ല്‍ കോളജിലെ ദിനു എന്ന വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട ജസീല ജന്നത്ത് എന്ന വിദ്യാര്‍ഥിനി കമ്മീഷനെ സമീപിച്ചത്.കമ്മീഷ ന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍ വി രാജേഷ,് അംഗങ്ങളായ അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, കെ ശിവരാമന്‍, എ എം രമേശന്‍, രാമചന്ദ്രന്‍ കുയ്യാണ്ടി, കമ്മീഷന്‍ സെക്രട്ടറി ഡി ഷാജി എന്നിവര്‍ ഫാറൂഖ് കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പു നടത്തി. ലിംഗവിവേചനം ഒഴിവാക്കാന്‍ കേരളത്തിലെ മറ്റു കോളജുകളും നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
എല്ലാ കോളജിലും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വിദ്യാര്‍ഥിസൗഹൃദ കാംപസുകളാക്കാന്‍ നടപടി സ്വീകരിക്കണം. സ്വയംഭരണ കോളജുകള്‍ തങ്ങള്‍ക്ക് പുതിയ അധികാരം ലഭിച്ചെന്ന ധാരണയില്‍ സര്‍ക്കാരിനുപരിയായി അനാവശ്യ നിയന്ത്രണങ്ങളും ഉപാധികളും വിദ്യാര്‍ഥികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സ്വയംഭരണ പദവി ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാനുള്ളതല്ലെന്നും കമ്മീഷന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it