കോളജുകളിലെ ആഘോഷങ്ങള്‍; മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായി

തിരുവനന്തപുരം: കോളജ് കാംപസുകളുടെയും ഹോസ്റ്റലുകളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ കാംപസിലെ എല്ലാ ആഘോഷങ്ങള്‍ക്കും സ്ഥാപന മേധാവിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. പരിപാടിയുടെ വിശദാംശങ്ങള്‍, ഫണ്ടിന്റെ സ്രോതസ്സ്, പ്രതീക്ഷിക്കുന്ന ചെലവ്, പങ്കെടുക്കുന്ന അതിഥികള്‍ തുടങ്ങിയവ പരിപാടിക്ക് അഞ്ചു പ്രവൃത്തിദിവസം മുമ്പ് സ്ഥാപന മേധാവിയെ അറിയിച്ചിരിക്കണം. കോളജുകളിലെ ആഘോഷങ്ങള്‍ക്ക് അച്ചടക്കസമിതി മേല്‍നോട്ടം വഹിക്കും. കോളജ് യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും കടിഞ്ഞാണിട്ടിട്ടുണ്ട്. കോളജ് യൂനിയന്‍ ഓഫിസുകളുടെ പ്രവൃത്തിസമയം അധ്യയനദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുമണിവരെയായി നിജപ്പെടുത്തി. എന്നാല്‍, ആഘോഷദിവസങ്ങളില്‍ പ്രവര്‍ത്തനം രാത്രി ഒമ്പതുവരെ ദീര്‍ഘിപ്പിക്കാന്‍ സ്ഥാപനമേധാവിക്ക് അധികാരമുണ്ടായിരിക്കും. മധ്യവേനലവധിക്കാലത്ത് യൂനിയന്‍ ഓഫിസിന്റെ താക്കോല്‍ സ്ഥാപനമേധാവി സൂക്ഷിക്കണം.

സ്ഥാപനമേധാവിയോ കോളജ് കൗണ്‍സില്‍ നിയോഗിക്കുന്ന സമിതിയോ യൂനിയന്‍ ഓഫിസ് ഇടയ്ക്കിടെ സന്ദര്‍ശിക്കും. കോളജില്‍ എല്ലാ വിദ്യാര്‍ഥിയും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. ആഘോഷസമയത്ത് കോളജ് കാംപസിലും ഹോസ്റ്റലിലും വാഹനങ്ങള്‍ അനുവദിക്കില്ല. ഡിജെ, സംഗീത പരിപാടികള്‍ തുടങ്ങിയ പുറം ഏജന്‍സികളുടെയും പ്രഫഷനല്‍ സംഘങ്ങളുടെയും പരിപാടികള്‍ കാംപസില്‍ നിരോധിച്ചു. അതേസമയം, വിദ്യാര്‍ഥികളുടെ പരിപാടികള്‍ക്കു നിയന്ത്രണമില്ല. സുരക്ഷ മുന്‍നിര്‍ത്തി എല്ലാ ആഘോഷങ്ങളും മുന്‍കൂട്ടി പോലിസിനെ അറിയിക്കണം. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാന്‍ കൗണ്‍സലിങ്/സോഷ്യല്‍ വര്‍ക്ക് സര്‍വീസ് തുടങ്ങിയവ ഏര്‍പ്പെടുത്തണം. വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും കൗണ്‍സലിങ് സംഘടിപ്പിക്കാം.

റാഗിങ്‌വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. എന്‍എസ്എസ്, എന്‍സിസി, യോഗ, കായിക മല്‍സരങ്ങള്‍ തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.കോളജ് ഹോസ്റ്റലിന്റെ പ്രവേശന കവാടത്തില്‍ നിരീക്ഷണകാമറകള്‍ സ്ഥാപിക്കണം. ഹോസ്റ്റലുകള്‍ നിരീക്ഷിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി അഞ്ചംഗ സമിതിയെ കോളജ് കൗണ്‍സില്‍ നിയോഗിക്കണം. ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടുന്ന സമിതിയുടെ അധ്യക്ഷന്‍ സ്ഥാപന മേധാവിയായിരിക്കും.ഹോസ്റ്റലുകളില്‍ ആയുധം സൂക്ഷിക്കല്‍, ഹോസ്റ്റലിലും കാംപസിലും മദ്യവും ലഹരിമരുന്നും ഉപയോഗിക്കല്‍ തുടങ്ങിയ പരാതികള്‍ അന്തേവാസികളില്‍നിന്നോ പൊതുജനങ്ങളില്‍നിന്നോ ലഭിച്ചാല്‍ നടപടി സ്വീകരിക്കും. കോളജ് കാംപസിന്റെയും ഹോസ്റ്റലിന്റെയും സുരക്ഷാചുമതലയ്ക്ക് കഴിയുന്നത്ര വിമുക്തഭടന്‍മാരെ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. എല്ലാ കോളജുകളിലും പരാതിപരിഹാര സെല്‍ നിര്‍ബന്ധമായും രൂപീകരിക്കണം. കോളജുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കണം. ഇതില്‍ ഒരു പെട്ടി പോലിസിനുള്ള പരാതികള്‍ നിക്ഷേപിക്കാനുള്ളതാവണമെന്നും നിര്‍ദേശിക്കുന്നു.
Next Story

RELATED STORIES

Share it