Flash News

കോലാഹലമേട്ടില്‍ കൈയേറ്റമാഫിയ വീണ്ടും പിടിമുറുക്കുന്നു



അജീഷ് വേലനിലം

മുണ്ടക്കയം: ഇടവേളയ്ക്കുശേഷം കോലാഹലമേട്ടില്‍ വീണ്ടും കൈയേറ്റമാഫിയ പിടിമുറുക്കുന്നു. കോലാഹലമേട്ടിലെ തങ്ങള്‍പ്പാറ ഭാഗത്ത് കൂട്ടിക്കല്‍ വില്ലേജില്‍പ്പെട്ട സ്ഥലത്താണ് അനധികൃതനിര്‍മാണങ്ങളും സര്‍ക്കാര്‍ ഭൂമി കൈയേറ്റങ്ങളും വ്യാപകമായിരിക്കുന്നത്. പരസ്യമായ നിയമലംഘനം തുടരുമ്പോഴും അധികൃതര്‍ മൗനം പാലിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. കൂട്ടിക്കല്‍ വില്ലേജില്‍പ്പെട്ട പ്രദേശങ്ങളില്‍ നടക്കുന്ന കൈയേറ്റങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓരോ തവണയും വിവാദം കൊഴുക്കുമ്പോള്‍ പേരിന് നടപടിയെടുത്ത് അധികൃതര്‍ തലയൂരും. വിവാദങ്ങള്‍ ആറിത്തണുക്കുമ്പോഴേ—ക്കും കൈയേറ്റക്കാര്‍ ശക്തി പ്രാപിക്കുകയും ചെയ്യും. കഴിഞ്ഞ ഏതാനും ആഴ്ചകളായി കുന്നുകള്‍ ഇടിച്ചുനിരത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് പുരോഗമിക്കുന്നത്. പട്ടയഭൂമിയുടെ അതിരുകളുടെ വ്യാപ്തി വര്‍ധിപ്പിച്ചുള്ള കൈയേറ്റമാണ് പ്രധാനമായും അരങ്ങേറുന്നത്. തങ്ങള്‍പ്പാറയുടെ താഴ്ഭാഗത്ത് മതില്‍ കെട്ടിത്തിരിച്ച വസ്തുക്കളില്‍ സ്വകാര്യ ഭൂമിയാണെന്നുള്ള ബോര്‍ഡും കൈയേറ്റക്കാര്‍ സ്ഥാപിച്ചുകഴിഞ്ഞു. വാഗമണ്ണിലെ സ്വകാര്യ റിസോര്‍ട്ടുടമ ഇവിടെ പോര്‍ട്ടബിള്‍ റിസോര്‍ട്ടും തുടങ്ങിയിരിക്കുകയാണ്. കാരവാന്‍ മാതൃകയില്‍ 10 പേര്‍ക്ക് താമസിക്കാനുള്ള വാഹനം പാര്‍ക്ക് ചെയ്തശേഷം സമീപത്ത് ശുചിമുറിയും വിശ്രമകേന്ദ്രവും പണികഴിപ്പിച്ചിട്ടുണ്ട്. ഇതിന് ചുറ്റും കമ്പുകള്‍ നാട്ടിയും കയര്‍കെട്ടിയുമാണ് സ്ഥലം സ്വന്തമാക്കിയത്. പുതിയ സര്‍വേ കല്ലുകളും സ്ഥാപിച്ചിട്ടുണ്ട്. സ്ഥലം കൈയേറിയശേഷം സ്ഥാപിച്ചതാണ് സര്‍വേ കല്ലുകളാണെന്നാണ് ഇപ്പോള്‍ ആക്ഷേപമുയരുന്നത്. റിസോര്‍ട്ടിന് സമീപത്തായി ജലമെടുക്കാനായി കുളവും നിര്‍മിച്ചിട്ടുണ്ട്. ഇതില്‍നിന്നും മറ്റു ചില അനധികൃത കെട്ടിടങ്ങളിലേക്കും ജലം കൊടുക്കുന്നുണ്ട്. പ്രദേശത്തെ നിലവിലുള്ള പട്ടയങ്ങള്‍ക്കുതന്നെ വ്യത്യസ്ത സര്‍വേ നമ്പരുകളാണുളളത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ശിവകാശി പട്ടയങ്ങള്‍ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ യഥാര്‍ഥ പട്ടയമാക്കി മാറ്റിയതായുള്ള ആരോപണവും ശക്തമാണ്. ഇതില്‍ത്തന്നെ ബ്ലോക്ക് നമ്പര്‍ 79ല്‍പ്പെട്ട വസ്തുക്കളുമായി ബന്ധപ്പെട്ടാണ് നിലവില്‍ ആക്ഷേപങ്ങളുള്ളത്. തങ്ങള്‍പ്പാറയ്ക്കു സമീപം വാകച്ചുവട്, മേലേച്ചുവട് ഭാഗങ്ങളിലും കൈയേറ്റമാഫിയ ശക്തമാണ്. മുമ്പ് വനംവകുപ്പ് ഫയര്‍ലൈന്‍ തീര്‍ത്തിട്ടിരുന്ന ഭൂമിപോലും ഇപ്പോള്‍ കൈയേറ്റക്കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it