malappuram local

കോലളമ്പ് നിക്ഷേപത്തട്ടിപ്പ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു

എടപ്പാള്‍: കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ച് തിരിച്ചുനല്‍കാതെ നിരവധി പേരെ വഞ്ചിച്ച കോലളമ്പ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളാരംഭിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച നോട്ടീസ് കഴിഞ്ഞ രണ്ടു ദിവസമായി ഉടമകള്‍ക്കു കൈമാറി. പ്രതികളായ കോക്കൂര്‍ സ്വദേശി സക്കീര്‍ ഹുസൈന്‍, കോലളമ്പ് പണ്ടാരത്തില്‍ അബ്ദുല്ല, പണ്ടാരത്തില്‍ ഹമീദ്, നാറാണത്തേല്‍ ഹൈദ്രോസ്, കണ്ടത്ത് വളപ്പില്‍ സിദ്ധീഖ്, അരങ്ങത്ത് പറമ്പില്‍ ഹുസൈന്‍ എന്നിവരുടെയും ഇവരുടെ ബന്ധുക്കളുടെയും പേരിലുള്ള ഭൂസ്വത്തുക്കളും കെട്ടിടങ്ങളും കണ്ടുകെട്ടുന്നതിനുള്ള നടപടിയാണു കൈക്കൊണ്ടിട്ടുള്ളത്. കൂടാതെ പ്രതികളായ ആറുപേരുടെയും അവരുടെ ബന്ധുക്കളുടെയും പേരിലുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്.
എന്‍ഫോഴ്‌സ്‌മെന്റിന്റെ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറാണ് സ്വത്ത് കണ്ടുകെട്ടലിന് മേല്‍നോട്ടം വഹിക്കുന്നത്. ദുബയ് ആസ്ഥാനമായ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സില്‍ മുതലിറക്കാനാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പു സംഘം കോടിക്കണക്കിനു രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നത്. ഒരുലക്ഷം രൂപയ്ക്ക് മാസത്തില്‍ അയ്യായിരം മുതല്‍ പതിനായിരം രൂപവരെ ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു ആളുകളില്‍നിന്നു പണം സ്വീകരിച്ചിരുന്നത്.
ആദ്യമാസങ്ങളില്‍ ലാഭവിഹിതം നിക്ഷേപകര്‍ക്ക് കൃത്യമായി നല്‍കിയിരുന്നെങ്കിലും ക്രമേണ ലാഭവും മുതലും കിട്ടാതായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രശോഭാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it