Readers edit

കോര്‍പോക്രസിയും അടിച്ചമര്‍ത്തലും

മുഖംമൂടിക്കുള്ളിലെ സവര്‍ണ മേധാവിത്വത്തിന്റെ നേര്‍ചിത്രമാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കാണുന്നത്. ആത്മഹത്യ എന്നു പറയുന്നതിനു പകരം 'സംഘടിത കൊല' എന്നു പറയുന്നതാവും കൂടുതല്‍ ശരി. കാരണം, സര്‍വകലാശാലാ വൈസ് ചാന്‍സലറുടെയും മറ്റു മന്ത്രിമാരുടെയും തീരുമാനമാണ് രോഹിതിനെ മാനസികമായി തകര്‍ത്ത് ആത്മഹത്യക്കു പ്രേരിപ്പിച്ചത്. ജനനം ദലിത് കുടുംബത്തിലായിപ്പോയതുകൊണ്ടാണ് ജനറല്‍ കാറ്റഗറിയില്‍ പ്രവേശനം നേടിയിട്ടും അവന് ഇത്രയേറെ സഹിക്കേണ്ടിവന്നത്. ''എന്റെ ജനനമാണ് എനിക്കു സംഭവിച്ച ഏറ്റവും വലിയ അപകടം'' എന്ന് തന്റെ ആത്മഹത്യാകുറിപ്പില്‍ രോഹിത് എഴുതുന്നു.
പണ്ട് ബ്രിട്ടിഷുകാരില്‍നിന്ന് സ്വാതന്ത്ര്യം ലഭിക്കാനായിരുന്നു പടപൊരുതിയതെങ്കില്‍ ഇന്ന് ഭരണാധികാരികളോടാണ് ജനങ്ങള്‍ പടപൊരുതിക്കൊണ്ടിരിക്കുന്നത്. ദലിത് വിദ്യാര്‍ഥിയുടെ വിയോഗം നമുക്കു കാണിച്ചുതന്നത് മുഖംമൂടിയണിഞ്ഞ ഫാഷിസത്തിന്റെ യഥാര്‍ഥ മുഖമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ തകര്‍ച്ചയിലേക്കാണു നയിക്കുക. ജനാധിപത്യത്തെ നിര്‍വചിച്ച സമയത്ത് എബ്രഹാം ലിങ്കണ്‍ ഒരു കാര്യം കൂടി പറഞ്ഞുവയ്ക്കുന്നുണ്ട്; കോര്‍പറേറ്റുകള്‍ ഡെമോക്രസിയില്‍ സ്വാധീനം ചെലുത്തുന്ന കാര്യം. അദ്ദേഹത്തിന്റെ ആശങ്ക ഇന്ന് ഇന്ത്യയില്‍ പുലര്‍ന്നുകൊണ്ടിരിക്കുകയാണ്.
സംസ്‌കാരങ്ങളുടെ ഉറവിടമായ സര്‍വകലാശാലകളില്‍ വരെ ജാതീയതയുടെ പേരില്‍ അധികാരികള്‍ തന്നെ വിദ്വേഷത്തിന്റെ വിഷം കുത്തിയിറക്കാന്‍ ശ്രമിക്കുന്നു. ഈ സമയത്ത് പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന മൗലാനാ അബുല്‍കലാം ആസാദ് 1923ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം വളരെ ശ്രദ്ധേയമാണ്: ''ഇന്ന് സ്വര്‍ഗത്തില്‍നിന്ന് ഒരു മാലാഖ ഇറങ്ങിവന്ന് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യക്ക് സ്വരാജ് നല്‍കുകയും പകരം ഐക്യം എടുത്തുകളയാമെന്നു പറയുകയും ചെയ്താല്‍ സ്വരാജായിരിക്കും ഞാന്‍ ഒഴിവാക്കുക.'' ഈ വാക്കുകളെങ്കിലും മതേതര ഇന്ത്യയിലെ ഭരണാധികാരികള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാമായിരുന്നു.
സവര്‍ണ മേല്‍ക്കോയ്മയാണ് എല്ലായിടങ്ങളിലും നാം ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെയും ജാമിഅ മില്ലിയ്യ ഇസ്‌ലാമിയയുടെയും ന്യൂനപക്ഷപദവി ഒഴിവാക്കാനുള്ള നീക്കങ്ങള്‍ സര്‍വകലാശാലകള്‍ കൈയടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ന്യൂനപക്ഷപദവി നഷ്ടപ്പെട്ടാല്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണ സീറ്റ് രണ്ടിടത്തും നഷ്ടമാവും. ഈയൊരു ലക്ഷ്യംവച്ച് സംഘടിത ഗൂഢാലോചന നടന്നുകൊണ്ടിരിക്കുന്നു. വിദ്യാസമ്പന്നരായ ദലിതുകളും മുസ്‌ലിംകളും വ്യത്യസ്ത മേഖലകളില്‍ നിലയുറപ്പിച്ചാല്‍ കുതന്ത്രങ്ങള്‍ നടക്കില്ലെന്ന് അവര്‍ ഭയക്കുന്നുണ്ടാവും.
തങ്ങളുടെ ഇഷ്ടാനുസരണം ഭരണം നടത്താന്‍ സാധിക്കണമെങ്കില്‍ മറ്റു വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവരാവാന്‍ പാടില്ല. ദലിതുകള്‍ക്കു വിദ്യ ലഭിച്ചാല്‍ ജാതീയവ്യവസ്ഥ നിലനിര്‍ത്തുക പ്രയാസമാവും. ഒരു മതേതര രാജ്യത്ത് ഇത്തരം കൃത്യങ്ങള്‍ ഭരണാധികാരികളുടെ സഹായത്തോടെ നടപ്പാവുമ്പോള്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് അതു കാരണമായേക്കും. ദലിത് വിഭാഗങ്ങള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമുള്ള സംവരണം എടുത്തുകളയാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ രാഷ്ട്രീയം അതാണ്. അക്രമങ്ങള്‍ക്കു നേരെ മൗനികളായാല്‍ നഷ്ടപ്പെടുന്നത് പൗരന്‍മാരുടെ പൊതുവായ അവകാശങ്ങള്‍ തന്നെയാവും.
Next Story

RELATED STORIES

Share it