kozhikode local

കോര്‍പറേഷന്‍: 75 കൗണ്‍സിലര്‍മാര്‍ അധികാരത്തിലേറി

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ പുതിയ കൗ ണ്‍സില്‍ അധികാരമേറ്റു. ചെറിയ ഇടവേളയ്ക്കു ശേഷം കലക്ടറില്‍ നിന്ന് അധികാരം ജനങ്ങളിലേക്ക് വീണ്ടും തിരിച്ചെത്തി. ടാഗൂറില്‍ ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് കൗ ണ്‍സിലര്‍മാരിലെ മുതിര്‍ന്ന അംഗം ചെട്ടിക്കുളം രണ്ടാംവാര്‍ഡിലെ കെ കെ കൃഷ്ണന് (74)സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തതോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് തുടക്കമായത്.
കൗണ്‍സിലര്‍ കെ കെ രാധാകൃഷ്ണന്‍ പിന്നീട് വാര്‍ഡ് ക്രമത്തില്‍ മറ്റ് കൗണ്‍സിലര്‍മാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. 43 കൗണ്‍സിലര്‍മാര്‍ ദൃഢപ്രതിജ്ഞയും മറ്റുള്ളവര്‍ ദൈവനാമത്തിലും പ്രതിജ്ഞ ചൊല്ലി. ഒരാള്‍ സത്യപ്രതിജ്ഞ മാത്രമെടുത്തു. 74 കൗണ്‍സിലര്‍മാര്‍ മലയാളത്തില്‍ പ്രതിജ്ഞ എടുത്തപ്പോള്‍ വലിയങ്ങാടി 61ാം വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി (യുഡിഎഫ്) ഇംഗ്ലീഷിനെ ആശ്രയിച്ചു.
രാവിലെ 11.40 നാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചതെങ്കിലും കൗണ്‍സിലര്‍മാരെല്ലാം 11 മണിക്കെ ഹാളില്‍ ഹാജരായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും കുടുംബക്കാരും മാധ്യമ പ്രവര്‍ത്തകരും നാട്ടുകാരുമായി സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ വന്‍ തിരക്കാണ് ടാഗൂര്‍ ഹാളില്‍ അനുഭവപ്പെട്ടത്. ഫോട്ടോഗ്രഫര്‍മാര്‍ക്കായി എഴുന്നേറ്റ് നിന്നും കൈയുയര്‍ത്തിയും പലരും പോസ് ചെയ്തു. സത്യപ്രതിജ്ഞക്കായി കൗണ്‍സിലര്‍മാരുടെ പേര് വിളിക്കുമ്പോള്‍ സദസ്സിന്റെ പിന്തുണയും അവരെ എതിരേറ്റു.
അരീക്കാട് 41ാം വാര്‍ഡിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ വികെസി മമ്മദ് കോയ സത്യപ്രതിജ്ഞക്കായി എഴുന്നേറ്റതുമുത ല്‍ സദസ്സിലെ കൈയടിയൊച്ചയുയര്‍ന്നു. അദ്ദേഹം ദൃഢപ്രതിജ്ഞ എടുത്തപ്പോള്‍ കരഘോഷം ഉച്ചത്തിലായി. വീഡിയോഗ്രാഫര്‍മാരും ഫോട്ടോഗ്രാഫര്‍മാരും അദ്ദേഹത്തിന്റെ ഓരോ ചുവടും കാമറയില്‍ ഒപ്പിയെടുക്കാന്‍ മല്‍സരിച്ചു.
മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്തു. കഴിഞ്ഞ കൗണ്‍സില്‍ അംഗങ്ങളായ കെ സി ശോഭിത, അനിതാ രാജന്‍, എം രാധാകൃഷ്ണന്‍, വിദ്യാബാലകൃഷ്ണന്‍, കിഷന്‍ ചന്ദ്, ഉഷാ ദേവി തുടങ്ങിയവരും ഇത്തവണത്തെ കൗണ്‍സില്‍ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. പലരും വേഗത്തില്‍ സത്യപ്രതിജ്ഞചൊല്ലി ചടങ്ങ് അവസാനിപ്പിച്ചപ്പോള്‍ ചിലയാളുകള്‍ അക്ഷര സ്ഫുടതയോടെ സാവധാനത്തില്‍ പ്രതിജ്ഞയെടുത്തു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെയും ജില്ലാ നേതാക്കള്‍ ഹാളില്‍ സന്നിഹിതരായപ്പോള്‍ ഡിസിസി പ്രസിഡന്റ് കെ സി അബു എത്തിയില്ല.
എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, എ കെ ശശീന്ദ്രന്‍, ഇ കെ വിജയന്‍, മുന്‍ മേയര്‍ എ കെ പ്രേമജം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ടി വിബാലന്‍, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍, മുന്‍ കൗണ്‍സിലര്‍ എം ടി പത്മ, ടി പി രാമകൃഷ്ണന്‍, എം എ റസാഖ് മാസ്റ്റര്‍, സാറാമ്മ, ബി ജെപി ജില്ലാ പ്രസിഡന്റ് പി രഘൂനാഥ് തുടങ്ങിയവര്‍ സന്നിഹിതരായി.
Next Story

RELATED STORIES

Share it