thrissur local

കോര്‍പറേഷന്‍ സ്തംഭിപ്പിച്ച് നടത്തിയ കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചു

തൃശൂര്‍: ജനാധിപത്യ ധ്വംസനത്തിനും അഴിമതിക്കുമെതിരെ കോര്‍പറേഷന്‍ സ്തംഭിപ്പിച്ച് നടത്തിയ കോണ്‍ഗ്രസ് സമരം ആരോരുമറിയാതെ അവസാനിപ്പിച്ചു. കോണ്‍ഗ്രസ് സമരം നാല് കൗണ്‍സില്‍ യോഗങ്ങളെയായിരുന്നു സ്തംഭിപ്പിച്ചത്. സമരം ഡിസിസി ഏറ്റെടുത്ത് ഒരു ദിവസം കോര്‍പറേഷന്‍ ഓഫിസും ഉപരോധിച്ച് സ്തംഭിപ്പിച്ചു. പക്ഷെ ഒരു വിശദീകരണവും നല്‍കാതെ സമരം അവസാനിപ്പിച്ചു. സംഘര്‍ഷഭരിതമായ മൂന്ന് കൗണ്‍സില്‍ യോഗങ്ങള്‍ക്ക്‌ശേഷം കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗം സുഗമമായി നടത്താന്‍ എല്‍ഡിഎഫ് ഭരണസമിതിക്കും അവസരമായി.
ഫെബ്രുവരി 21ന് മേയറുമായുള്ള ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നെന്നാണ് കോണ്‍ഗ്രസ് കൗണ്‍സില്‍ നേതൃത്വം നല്‍കുന്ന വിശദീകരണം. യോഗ മിനിറ്റ്‌സ് അനുസരിച്ച് കൗണ്‍സിലിന്റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ചായിരുന്നു ചര്‍ച്ച. പ്രത്യേക ചര്‍ച്ചകളില്‍ അജണ്ടാ തീരുമാനങ്ങള്‍ മേയര്‍ കൗണ്‍സിലിനെ അറിയിക്കണം, കൗണ്‍സില്‍ ഹാളിലെ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നുള്ള കേസുകള്‍ ഒത്തുതീര്‍ക്കാം, കൗണ്‍സില്‍ നടത്തിപ്പ് സൗഹൃദപരമാക്കാം, കൗണ്‍സില്‍ യോഗത്തില്‍ താല്‍ക്കാലിക ജീവനക്കാരുടെ ഇടപെടല്‍ ഒഴിവാക്കാം തീരുമാനങ്ങളില്‍ ചര്‍ച്ച ഒതുങ്ങി. കോണ്‍ഗ്രസ് ഉയര്‍ത്തികൊണ്ടുവന്ന ജനാധിപത്യ ധ്വസനങ്ങളും ഭരണകൂട അഴിമതികളുമെല്ലാം സ്വയം വിഴുങ്ങി. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം സി പി എം നേതൃത്വവുമായി ഒത്തുകളിക്കുകയാണെന്ന പരാതിയും ഒരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ശക്തമായിരിക്കയാണ്.
വ്യവസ്ഥാപിതമായ സ്റ്റിയറിങ്ങ് കമ്മിറ്റിയേയും സ്റ്റാന്റിങ് കമ്മിറ്റികളേയും കൗണ്‍സിലിനെ തന്നെയും നോക്കുകുത്തിയാക്കി, തന്നിഷ്ട ഭരണം നടക്കുന്നുവെന്നതായിരുന്നു കോണ്‍ഗ്രസ് എല്‍ഡിഎഫ് ഭരണത്തിനെതിരെ ഉന്നയിച്ച മുഖ്യജനാധിപത്യ ധ്വംസനം. ജനാധിപത്യവകാശ പുനസ്ഥാപിക്കണമെന്ന് ഒരാവശ്യംപോലും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടില്ല. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാല്‍ കൗണ്‍സിലിലെ ഭൂരിപക്ഷമാണ്. ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കുന്നില്ലെന്നും തീരുമാനമെടുക്കാന്‍ വോട്ടിങ് അവകാശം അനുവദിക്കാതെ മേയര്‍ അജണ്ടകള്‍ പാസാക്കുന്നുവെന്നായിരുന്നു മറ്റൊരാക്ഷേപം.
കൗണ്‍സില്‍ തീരുമാനങ്ങള്‍ തിരുത്തി എഴുതുന്നുവെന്നായിരുന്നു മാറ്റൊരു ആരോപണം. കാലങ്ങളായി കൗണ്‍സിലില്‍ തുടരുന്ന ആദ്യം പൊതുചര്‍ച്ച ആവശ്യം ഉന്നയിച്ചതായി പോലും മിനിറ്റ്‌സിലില്ല. കൗണ്‍സിലില്‍ സംഘര്‍ഷത്തിനിടയില്‍ കയ്യേറ്റശ്രമമുണ്ടായെന്ന മേയറുടെ പരാതിയില്‍ ആറ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു.
യഥാര്‍ഥത്തില്‍ ഒത്തുതീര്‍പ്പിനുള്ള ഒരു കള്ളക്കേസായിരുന്നു ഇത്. ഇതു പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചു നല്‍കാന്‍ നേതൃത്വം സൗമ്യനസ്യം കാട്ടിയത് മാത്രമായിരുന്നു ചര്‍ച്ചയിലെ കോണ്‍ഗ്രസ്സിന്റെ ഏക നേട്ടം. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ മര്‍ദിച്ച കേസ് ഇതോടൊപ്പം ഒത്തുതീര്‍പ്പാക്കാനും തീരുമാനമായി. കൈയേറ്റം നടത്തിയ ഒരു താല്‍ക്കാലിക ജീവനക്കാരനെ പുറത്താക്കണമെന്ന ആവശ്യവും ഭരണനേതൃത്വം അംഗീകരിച്ച് നല്‍കിയില്ല.
കോണ്‍ഗ്രസ് സമരം മൂലം മൂന്ന് കൗണ്‍സില്‍ യോഗത്തിലും അജണ്ട വായിക്കാതേയും ചര്‍ച്ച ചെയ്യാതെയും പാസായതായി മേയര്‍ പ്രഖ്യാപിക്കുകയായിരുന്നു. അവക്കെന്തു സംഭവിക്കുമെന്നും വ്യക്തതയില്ല. ചര്‍ച്ചയില്ലാതെ അജണ്ട പാസാക്കിയതിനെതിരെ ബിജെപിയും വിയോജന കുറിപ്പ് നല്‍കിയിരുന്നു. നാല് കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷമായിരുന്നു സമരക്കാരുമായി ചര്‍ച്ചക്ക്‌പോലും നേതൃത്വം തയ്യാറായത്.
ജനാധിപത്യ അവകാശ ചവിട്ടിമെതിക്കപ്പെട്ടിട്ടും അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ദൗര്‍ബല്യം കാട്ടുന്ന കോണ്‍ഗ്രസ് കൗണ്‍സില്‍ നേതൃത്വം സുഗമമായ ഭരണം നടത്താന്‍ ഭരണപക്ഷവുമായി ഒത്തുകളിക്കുകയാണെന്നുള്ള ആരോപണവും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ശക്തമാണ്.
Next Story

RELATED STORIES

Share it