Districts

കോര്‍പറേഷന്‍: രണ്ടിടത്ത് എല്‍ഡിഎഫ് ആശയക്കുഴപ്പത്തില്‍

പി പി ഷിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ എല്‍ഡിഎഫിനു രണ്ടിടത്തും യുഡിഎഫിന് ഒരിടത്തും നേട്ടമുണ്ടായപ്പോള്‍ തലസ്ഥാനത്തടക്കം രണ്ടിടത്ത് തൂക്കുസഭ. കണ്ണൂരില്‍ വിമതന്റെയോ സ്വതന്ത്രന്റെയോ പിന്തുണയില്ലാതെ ഭരിക്കാനാവാതെ യുഡിഎഫ് ആശയക്കുഴപ്പത്തില്‍. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫ് മേല്‍ക്കോയ്മ സ്ഥാപിച്ചപ്പോള്‍ ഇത്തവണ തലസ്ഥാന കോര്‍പറേഷന്‍ 'ഇടതു' കൈവിട്ടുപോയി. കഴിഞ്ഞതവണ 51 സീറ്റോടെ സിംഹാസനത്തിലിരുന്ന എല്‍ഡിഎഫിന് ഇത്തവണ 43 സീറ്റിന് തൃപ്തിപ്പെടേണ്ടിവന്നു. ഇതോടെ കഴിഞ്ഞതവണ 42 സീറ്റുണ്ടായിരുന്ന, ഇത്തവണ 21ലേക്ക് ചുരുങ്ങിയ യുഡിഎഫോ 34 സീറ്റോടെ നില മെച്ചപ്പെടുത്തിയ ബിജെപിയോ പിന്തുണച്ചാല്‍ മാത്രമേ ഇത്തവണ എല്‍ഡിഎഫിന് ഭരിക്കാന്‍ കഴിയൂ എന്ന സ്ഥിതിയാണ്. 2010 ആവര്‍ത്തിച്ച് കേവല നേട്ടത്തോടെ കോഴിക്കോടും കൊല്ലവും എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ തൃശൂരാണ് യുഡിഎഫിന് നഷ്ടമായത്. ഇവിടെയും തൂക്കുസഭയ്ക്കാണ് സാധ്യത. 2010ല്‍ 40 സീറ്റോടെ ചെങ്കോലേന്തിയിരുന്ന യുഡിഎഫ് കേവലം 21 സീറ്റോടെ പകുതിയിലേക്ക് ചുരുങ്ങിയപ്പോള്‍ എല്‍ഡിഎഫിന് 6ല്‍നിന്ന് 23ലേക്ക് ഉയര്‍ച്ച കിട്ടി. ബിജെപി ഒന്നില്‍നിന്ന് 6ലേക്ക് എത്തി. കഴിഞ്ഞ തവണ 8 സീറ്റ് സ്വതന്ത്രര്‍ക്കുണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് 5ലേക്ക് താഴ്ന്നു. ബിജെപിയുടെയോ മറ്റു വ്യക്തികളുടെയോ പിന്തുണയാണ് എല്‍ഡിഎഫിന്റെ അധികാരം നിശ്ചയിക്കുന്നത്. ഭരിക്കാന്‍ ആകെയുള്ള 55ല്‍ 28 സീറ്റ് വേണമെന്നിരിക്കെയാണ് തൃശൂരും തൃശങ്കുവിലായത്.
നിലവിലെ കൊച്ചി കോര്‍പറേഷന്‍ 38 സീറ്റോടെ കോണ്‍ഗ്രസ് നിലനിര്‍ത്തിയെങ്കിലും പുതുതായി രൂപംകൊണ്ട കണ്ണൂരില്‍ ഒറ്റ സീറ്റിന്റെ പിന്തുണയാണ് അവര്‍ക്ക് അധികാരക്കസേരയിലേക്കുള്ള ദൂരം. കോര്‍പറേഷനിലെ 55 സീറ്റില്‍ ഭരിക്കാന്‍ 28 വേണമെന്നിരിക്കെ 27 എണ്ണം ലഭിച്ച യുഡിഎഫിന് രണ്ടിടത്ത് വിജയിച്ച വിമതന്റെയോ സ്വതന്ത്രന്റെയോ പിന്തുണ കൂടിയേതീരൂ. ഇതില്‍ പഞ്ഞിക്കയില്‍ വാര്‍ഡില്‍നിന്ന് ജയിച്ച യുഡിഎഫ് വിമതന്‍ പി കെ രാഗേഷ് പിന്തുണയ്ക്കാന്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ചില ഉപാധികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് പരിഹരിച്ചാല്‍ യുഡിഎഫിന് ഭരിക്കാം.
എന്നാല്‍, വിമതരുമായി ചേര്‍ന്ന് ഭരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ യുഡിഎഫ് എങ്ങനെ ഭരിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. വിമതര്‍ക്കെതിരേ കെപിസിസി പ്രസിഡന്റും ഡിസിസി പ്രസിഡന്റ് കെ സുധാകരനും പരസ്യമായി രംഗത്തുവന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഉപാധികള്‍ വച്ചുള്ള പിന്തുണ വേണ്ടെന്നാണ് സുധാകരന്റെ പക്ഷം. ഇവിടെ 26 സീറ്റാണ് എല്‍ഡിഎഫ് അക്കൗണ്ടില്‍ വീണത്. ഷാദുലിപ്പള്ളി വാര്‍ഡില്‍നിന്നു ജയിച്ച ഐഎന്‍എല്‍ സ്വതന്ത്രന്‍ ടി കെ അഷ്‌റഫാണ് മറ്റൊരു ചോദ്യചിഹ്നം. അതേസമയം, ഭരണം നേടണമെങ്കില്‍ രണ്ടുപേരുടെയും പിന്തുണ എല്‍ഡിഎഫിന് അനിവാര്യമാണ്.
Next Story

RELATED STORIES

Share it