kannur local

കോര്‍പറേഷന്‍ ഭൂമി വിട്ടുനല്‍കില്ല; റോഡ് വീതികൂട്ടല്‍ പ്രവൃത്തി നിലച്ചു: കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി അനിശ്ചിതത്വത്തില്‍

കണ്ണൂര്‍: ഗതാഗതകുരുക്ക് രൂക്ഷമായ കണ്ണൂര്‍ നഗരത്തില്‍ പഴയ ബസ്റ്റാന്‍ഡില്‍ നിന്നും കോര്‍പറേഷന്‍ ഭാഗത്തേക്കുള്ള പ്രധാന റോഡ് വികസിപ്പിക്കാനുള്ള നീക്കം അനിശ്ചിതത്വത്തില്‍. ജില്ലാ മൃഗാശുപത്രിയുടെ സ്ഥലം ഏറ്റെടുത്ത് പ്രവൃത്തി തുടങ്ങിയെങ്കിലും സ്വകാര്യ കച്ചവട സ്ഥാപനങ്ങളെ മാറ്റുന്നതിനുള്ള തടസമാണ് പ്രവൃത്തി അനിശ്ചിതത്വത്തിലാക്കിയത്.
റവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രവൃത്തി മാസങ്ങളായി നിലച്ചു. ഇതോടെ കാല്‍നടയാത്രക്കാരും ദുരിതത്തിലായി. മാസങ്ങള്‍ക്കു മുമ്പേ ഒഴിഞ്ഞു പോകുന്നതിന് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയെങ്കിലും കടയുടമകള്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിക്കുകയായിരുന്നു. ഇതോടെ പ്രവൃത്തി നിര്‍ത്തിവക്കുകയായിരുന്നു. റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ സ്ഥലമാണ് വീതികൂട്ടുന്നതിനായി ഏറ്റെടുക്കുന്നത്. ഇത്തരത്തില്‍ ജില്ലാ മൃഗാശുപത്രിയുടെ സ്ഥലം ഏറ്റെടുത്ത് ഓവുചാല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ നടപ്പാതയോടു ചേര്‍ന്ന പയ്യന്നൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കുകയും ഇതിനു തൊട്ടുപിറകിലായി മൃഗാശുപത്രിയുടെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ റോഡരികിലെ മറ്റ് ആറോളം കച്ചവട സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ക്ഷീരോല്‍പാദക സംഘത്തിന് മൃഗാശുപത്രി അധികൃതര്‍ സ്ഥലം വിട്ടു കൊടുക്കുകയായിരുന്നു.
എന്നാല്‍ ഇതേ രീതിയില്‍ പൊളിച്ചുമാറ്റുന്ന കച്ചവടസ്ഥാപനങ്ങള്‍ക്ക് പിറകില്‍ സ്ഥലം കണ്ടെത്താനുള്ള നീക്കം വിജയിച്ചില്ല. സമീപത്തെ കോര്‍പറേഷന്റെ സ്ഥലം ഉപയോഗപ്പെടുത്തുന്നതിന് കലക്ടറുടെ നേതൃത്വത്തില്‍ മേയറെയും ഡെപ്യൂട്ടി മേയറെയും ബന്ധപ്പെട്ടെങ്കിലും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായില്ല.
പുതിയ കോര്‍പറേഷന്‍ കെട്ടിടംവരുന്നതിനാല്‍ സ്ഥലം വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍ കലക്ടറെ അറിയിക്കുകയായിരുന്നു.—പ്രധാനമായും നാലോളം ബങ്കുകളും ഒരു ബുക്‌സ്റ്റാളും ഹാന്‍വീവിന്റെ സ്റ്റാളുമാണ് ഒഴിപ്പിക്കാനുള്ളത്. ഇതില്‍ ബുക്‌സ് സ്റ്റാളിനെയും ഹാന്‍വീവനെയും പിറകിലേക്കു മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. കച്ചവടസ്ഥാപനങ്ങളെ നഗരത്തില്‍ തന്നെ മറ്റുസ്ഥലം കണ്ടെത്തി മറ്റാനുമാണ് തീരുമാനം.
എന്നാല്‍ ഇതു കച്ചവടത്തെ ബാധിക്കുമെന്ന അഭിപ്രായത്തിലാണ് കടയുടമകള്‍. റോഡ് വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും പൊളിച്ചു മാറ്റുന്നതിനു പകരമായി നഗരത്തില്‍ തന്നെ പ്രധാന സ്ഥലം കണ്ടെത്തി തരണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും കോര്‍പറേഷനിലും കച്ചവടക്കാര്‍ നിവേദനം നല്‍കിയിട്ടുണ്ട്.
അതേസമയം, വീതികൂട്ടുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം മുമ്പ് പണിപൂര്‍ത്തിയാക്കിയ ടൈല്‍സ് പാകിയ ഫൂട്പാത് പൂര്‍ണമായും പൊളിച്ചു നീക്കിയിരുന്നു. പ്രവൃത്തി നിലച്ചതോടെ പൊളിച്ചിട്ട കോണ്‍ക്രീറ്റ് സ്ലാബുകള്‍ റോഡരികില്‍ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതോടെ കാല്‍നടയാത്രക്കാര്‍ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്.
Next Story

RELATED STORIES

Share it