thrissur local

കോര്‍പറേഷന്‍ ഭരണസമിതിക്കെതിരേ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

തൃശൂര്‍: കൗണ്‍സിലിനേയും സ്ഥിരം സമിതികളേയും നോക്കുകുത്തിയാക്കിയുള്ള ജനാധിപത്യ ധ്വംസനത്തിനും അഴിമതിക്കുമെതിരെ സമ്മര്‍ദ്ദം ശക്തമാക്കാനും നിയമനടപടികള്‍ക്കും കോര്‍പ്പറേഷന്‍ കോ ണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം തീരുമാനിച്ചു.ഇക്കാര്യത്തില്‍ മേയറില്‍ നിന്നും വ്യക്തമായ ഉറപ്പ് ലഭിക്കുന്നതുവരെ കൗണ്‍സില്‍ യോഗം ബഹിഷ്‌കരണം ഉള്‍പ്പടെ സമരപരിപാടികള്‍ തുടരാനും യോഗം തീരുമാനിച്ചു. ഡി—സിസി പ്രസിഡന്റ് ടി —എന്‍ —പ്രതാപന്‍ വിളിച്ചുകൂട്ടിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് തീരുമാനം. ഈ പ്രശ്‌നത്തില്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഉപരോധസമരം നടത്തി കോര്‍പ്പറേഷന്‍ ഓഫിസ് പ്രവര്‍ത്തനം സ്തംഭിപ്പിച്ചിരുന്നു.ഭൂരിപക്ഷം വരുന്ന പ്രതിപക്ഷഗങ്ങളുടെ അഭിപ്രായത്തിന് വിരുദ്ധമായി മിനിറ്റ്‌സില്‍ കളവായി എഴുതി ചേര്‍ക്കുന്ന തീരുമാനങ്ങള്‍ റദ്ദാക്കുന്നതിന് സ്‌പെഷല്‍ കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടുന്നതിന് നോട്ടീസ് നല്‍കാനും യോഗത്തില്‍ തീരുമാനമുണ്ടായി. മേയറുമായി പാര്‍ട്ടി അറിഞ്ഞുള്ള ഔദ്യോഗിക ചര്‍ച്ചകളല്ലാതെ കൗണ്‍സിലര്‍മാര്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. കൗണ്‍സില്‍ യോഗത്തിനിടെ സമവായത്തിന് വേണ്ടിയുള്ള ചര്‍ച്ചകളും പാടില്ല. ചില പ്രതിപക്ഷാംഗങ്ങള്‍ ഭരണപക്ഷവുമായി ഒത്തുകളിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണീ തീരുമാനം. ജനാധിപത്യ ധ്വംസനം തുടരുന്നിടത്തോളം ഭരണപക്ഷവുമായി സഹകരണം വേണ്ടെന്നാണ് തീരുമാനം. ജനാധിപത്യ ധ്വംസനം തുടര്‍ന്നാല്‍ മേയറെ ബഹിഷ്‌കരിക്കുന്നതുള്‍പ്പടെ നടപടികള്‍ കൈ കൊള്ളും. സ്റ്റിയറിങ്ങ് കമ്മിറ്റിയും സ്റ്റാന്റിങ്ങ് കമ്മിറ്റികളും എടുക്കേണ്ടതീരുമാനങ്ങളെല്ലാം അവക്ക് മുകളില്‍ ഭരണപക്ഷത്തെ ചില കൗണ്‍സിലര്‍മാര്‍ കൈകൊള്ളുന്ന തീരുമാനങ്ങളും, അടിയന്തിര പ്രാധാന്യമില്ലാത്ത വിഷയങ്ങളില്‍ പോലും മേയര്‍ നല്‍കുന്ന മുന്‍കൂര്‍ അനുമതികളും നിരസിക്കാന്‍ യോഗം തീരുമാനമെടുത്തു.പടിഞ്ഞാറെ കോട്ട വികസനത്തിന് സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നിയമാനുസൃതം പുനരധിവാസം നല്‍കണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ നഗരാസൂത്രണ സമിതിയെ നോക്കുകുത്തിയാക്കി നിയമവിരുദ്ധമായും അഴിമതി ലക്ഷ്യമാക്കിയുമുള്ള നടപടികളെ അംഗീകരിക്കാനാകില്ല. ഒരു സി.പി.എം കൗണ്‍സിലറുടെ ബന്ധുവിന്റെ മുറി രണ്ടാക്കി രണ്ടുപേര്‍ക്ക് പുനരധിവാസം നല്‍കുന്നതിനാണ് ശ്രമം നടക്കുന്നതെന്നും ഈ അഴിമതിയെ അംഗീകരിക്കാനാകില്ലെന്നും യോഗം വ്യക്തമാക്കി.ഡിസിസി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ മേയറും ഡിസിസി വൈസ് പ്രസിഡന്റുമായ ഐ പി പോളും പങ്കെടുത്തു. മുന്‍മേയര്‍ രാജന്‍ പല്ലന്‍ ഒഴികെ മുഴുവന്‍ കൗണ്‍സിലര്‍മാരും പങ്കെടുത്തിരുന്നു.
Next Story

RELATED STORIES

Share it