കോര്‍പറേഷന്‍, നഗരസഭാ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കണം

കൊച്ചി: കോര്‍പറേഷന്‍, നഗരസഭാ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി മാറ്റാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സംസ്ഥാനത്തെ നിലവിലെ ട്രഷറി നിരോധനം നീക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള മുനിസിപ്പല്‍ ആന്റ്് കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നിലവില്‍ വന്നതോടെ കോര്‍പറേഷനുകളുടെയും നഗരസഭകളുടെയും വരുമാനം ഇല്ലാതാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിനോദ നികുതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വീതിച്ചെടുക്കുന്നു. ഇതില്‍ കോര്‍പറേഷനും നഗരസഭകള്‍ക്കും ഒന്നും കിട്ടുന്നില്ലെന്ന് വന്നാല്‍ ഇവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാവും. സര്‍ക്കാരില്‍ നിന്നും സ്‌പെഷ്യല്‍ ഗ്രാന്റ് നല്‍കിയില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവും. ജിഎസ്ടി ഈ നിലയില്‍ നടപ്പാക്കിയാല്‍ അക്ഷരാര്‍ഥത്തില്‍ ഭരണസ്തംഭനമായിരിക്കും കോര്‍പറേഷനുകളിലും നഗരസഭകളിലും പഞ്ചായത്തുകളിലും ഉണ്ടാവുകയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.സംസ്ഥാനത്ത് ഇപ്പോള്‍ ട്രഷറി നിരോധനമാണ്. ഡിസംബര്‍ 31നു മുമ്പ് 70 ശതമാനം ജോലികള്‍ തീര്‍ക്കണമന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പക്ഷേ ട്രഷറി ബാന്‍ നിമിത്തം 25 ശതമാനം ജോലി പോലും നടക്കില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സര്‍ക്കാര്‍ അടിയന്തരമായി ഈ നിലപാട് മാറ്റണം. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 100 ശതമാനം നടത്തുന്നതിനുള്ള അവകാശവും സാഹചര്യവും അവര്‍ക്കുണ്ടാവണം. അതല്ലെങ്കില്‍ ജനകീയ പങ്കാളിത്തം അധികാര വികേന്ദ്രീകരണം എന്നൊക്കെ പറയുന്നത് വെറും പൊള്ളയായ വാഗ്ദാനമായി മാറുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ടി ജെ വിനോദ് ്അധ്യക്ഷത വഹിച്ചു. വി ഡി സതീശന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡന്‍ എംഎല്‍എ, മുന്‍ എംപി കെ പി ധനപാലന്‍, മുന്‍എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, മുന്‍സിപ്പല്‍ ആന്റ്് കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ നേതാക്കളായ പി കെ ദിനേശന്‍, പിഎസ്എം സാദിഖ്, ബി ശശികുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it