kozhikode local

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ ബഹളം

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസ് ആധുനികവത്ക്കരണത്തിന് ഒമ്പതര കോടി രൂപ ചെലവഴിക്കുന്നതിനെതിരേ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ബഹളത്തില്‍ കലാശിച്ചു. 15 മിനിറ്റോളം യോഗം നിര്‍ത്തിവച്ചു. ഇന്നലെത്തെ കൗണ്‍സിലില്‍ രണ്ടാം നമ്പര്‍ അജന്‍ഡയായി വന്ന ഓഫിസ് ആധുനികവല്‍ക്കരണത്തെ പ്രതിപക്ഷ അംഗങ്ങളായ പി എം നിയാസ്, എം കുഞ്ഞാമൂട്ടി, കെ ടി ബീരാന്‍കോയ എന്നിവരുടെ നേതൃത്വത്തില്‍ എതിര്‍ത്തതോടെ വാക്കേറ്റവും പ്രതിഷേധവും ഉണ്ടായി.
കൗണ്‍സില്‍ അംഗീകാരമില്ലാതെയാണ് അക്രഡിറ്റഡ് ഏജന്‍സിയായ യുഎല്‍സിസിഎസിനെ ഏല്‍പ്പിച്ചതെന്ന് പി എം നിയാസ് ആരോപിച്ചു. കൗണ്‍സില്‍ മുമ്പ് അംഗീകരിച്ച 400 പ്രൊജക്റ്റില്‍ ഒന്നാണിതെന്നും പൊതുമരാമത്ത് കമ്മിറ്റിയും വര്‍ക്കിങ് ഗ്രൂപ്പും അംഗീകരിച്ചതിനു ശേഷം ജില്ല ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതിയാണിതെന്നും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വി ലളിതപ്രഭ പറഞ്ഞു. തുടര്‍ന്നും നിയാസ് അജന്‍ഡയെ എതിര്‍ത്ത് രൂക്ഷമായി സംസാരിച്ചതോടെ ഭരണപക്ഷഅംഗങ്ങളും എഴുന്നേറ്റ് ബഹളം വച്ചു.
ഒമ്പതര കോടി ഉപയോഗിച്ച് സുന്ദരമായ പുതിയ കെട്ടിടമുണ്ടാക്കാനാവുമെന്ന് എം കുഞ്ഞാമൂട്ടിപറഞ്ഞു. നഗരസഭയുടെ ദൈനംദിന കാര്യത്തിന് പോലും പണമില്ലാതിരിക്കുമ്പോള്‍ ഇത്രെയും വലിയ തുകയില്‍ ഓഫിസ് ആധുനികവത്ക്കരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കാലത്തിന് അനുയോജ്യമായ മാറ്റമാണ് നഗരസഭ ഓഫിസില്‍ വരുത്തുന്നതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.
ഏസിയും കംപ്യൂട്ടറൈസേഷനും ഇലക്ട്രിഫിക്കേഷനും എല്ലാം പുതുക്കും. നഗരസഭയിലെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണിത്. ബഹളത്തിനിടയില്‍ നിയാസ്, ഭരണപക്ഷ അംഗങ്ങളായ എം പി സുരേഷ്, ബിജുലാല്‍, വി ടി സത്യന്‍ എന്നിവരുമായി ശക്തമായ വാക്കേറ്റം നടന്നു. ഇതിനിടെ എം പി സുരേഷിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഭരണപക്ഷാംഗങ്ങള്‍ ഒന്നടങ്കം നിയാസിന്റെ ഇരിപ്പിടത്തിന് ചുറ്റും വളഞ്ഞു. മേയര്‍ ഇറങ്ങിവന്നതോടെയാണ് വാക്കേറ്റത്തിനും ബഹളത്തിനും അറുതിയായത്. തുടര്‍ന്ന് മേയര്‍ കൗണ്‍സില്‍ യോഗം പത്ത് മിനിറ്റ് നേരം നിര്‍ത്തിവച്ചു.
സഭയിലെ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ത്ത ശേഷമാണ് യോഗം പുനരാരംഭിച്ചത്. കൗണ്‍സിലര്‍മാര്‍ സഭയില്‍ മാന്യമായി പെരുമാറണമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. വിമര്‍ശനവും വിയോജിപ്പുമവാം. അതിര്‍ത്തിവിട്ടുള്ള കാര്യങ്ങള്‍ നടന്നുകൂടാ. തനിക്കെതിരേയും നിയാസ് പലപ്പോഴും പരമര്‍ശം നടത്തിയിട്ടുണ്ട്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാവുമെന്നും മേയര്‍ താക്കീതു ചെയ്തു.
പലരും മോശം പരാമര്‍ശം നടത്തിയപ്പോള്‍ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെവികൊണ്ടില്ലെന്നു പി എം നിയാസും പറഞ്ഞു. തുടര്‍ന്ന് യുഡിഎഫിന്റെയും ബിജെപിയുടെയും കൗണ്‍സിലര്‍മാരുടെ വിയോജിപ്പോടെ 19ന് എതിരേ 45 വോട്ടിനാണ് അജന്‍ഡ പാസാക്കിയത്. കൗണ്‍സിലര്‍ പി കിഷന്‍ചന്ദ് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ നിഷ്പക്ഷത പാലിച്ചു.
ഇന്ധനവില കുറയ്ക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ കെ ടി ബീരാന്‍ കോയയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം ആറ് ബിജെപി കൗണ്‍സിലര്‍മാരുടെ വിയോജിപ്പോടെ വോട്ടിനിട്ട് പാസാക്കി. ഇന്ധന വില സംബന്ധിച്ച ചര്‍ച്ച പ്രമേയവും ചര്‍ച്ചയ്ക്ക് വഴിവച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഇന്ധനത്തിന്റെ നികുതി കുറയ്ക്കണമെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാരും ഇന്ധനവിലനിരക്ക് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജെപി കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. ഇന്ധനവിലനിര്‍ണയാധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയാലെ വില കുറയ്ക്കാനാവൂവെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it