kannur local

കോര്‍പറേഷന്‍ കെട്ടിടങ്ങളുടെ തല്‍സ്ഥിതി പട്ടിക തയ്യാറാക്കുന്നു



കണ്ണൂര്‍: കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ പട്ടികയും നിലവിലുള്ള സ്ഥിതിയും തയ്യാറാക്കുന്നു. 2018 മാര്‍ച്ചിനകം കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെയും എല്ലാ മുറികളുടെയും വിവരങ്ങള്‍ ശേഖരിക്കാനും ഉപയോഗയോഗ്യമായതും അ ല്ലാത്തതും വാടക ലഭിക്കുന്നതും അല്ലാത്തതുമായ സമ്പൂര്‍ണ വിവരങ്ങളാണ് തയ്യാറാക്കുന്നത്. ഇതിനു റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തുന്നതാ യും നിശ്ചിത തിയ്യതിക്കകം അപേക്ഷ നല്‍കാത്ത മുറികള്‍ ഒഴിപ്പിക്കണമെന്നും കൗണ്‍സി ല്‍ യോഗത്തില്‍ സെക്രട്ടറി രാധാകൃഷ്ണന്‍ അറിയിച്ചു. ആയിക്കര ഷോപ്പിങ് കോംപ്ലക്‌സിലെ 23ാം നമ്പര്‍ മുറിയുടെ ലൈസന്‍സിക്കു വേണ്ടി അയച്ച വക്കീല്‍ നോട്ടീസ് ചര്‍ച്ചയ്ക്കിടെയാണ് ഇക്കാര്യം അറിയിച്ചത്. ലൈസന്‍സിക്കു ഇതുവരെ മുറി കൈമാറിയിട്ടില്ലെന്നും വാതിലുകളില്ലാതെ ഉപയോഗശൂന്യമായി കിടക്കുന്ന മുറി ആരൊക്കെയോ ഉപയോഗിക്കുന്നതിനാല്‍ ലൈസന്‍സ് ഫീ കുടിശ്ശിക ഈടാക്കാന്‍ നല്‍കിയ നോട്ടീസ് നിയമവിരുദ്ധമാണെന്നാണ് വക്കീല്‍ നോട്ടീസിലുള്ളത്. താക്കോല്‍ പോലും കൈമാറാത്ത മുറിക്കു ലൈസന്‍സ് ഫീ കുടിശ്ശിക വാങ്ങാനാവില്ലെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടണമെന്നും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. എഗ്രിമെന്റ് തിയ്യതി മുതല്‍ പുതിയ ലൈസന്‍സ് ഫീസ് ഈടാക്കാമെന്നും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് ഇക്കാര്യം എതിര്‍ത്തു. എഗ്രിമെന്റ് മാത്രമാണ് നല്‍കിയതെന്നും മുറി കൈമാറിയതായി രേഖകളില്ലാത്തതിനാലും പരിശോധനയില്‍ വ്യക്തമായതിനാലും ലൈസന്‍സ് ഫീസോ കുടിശ്ശികയോ വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ധനകാര്യ സ്ഥിരംസമിതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും മുറി കാലങ്ങളായി ഉപയോഗിക്കുന്നുണ്ടെന്നും എം ശഫീഖ് പറഞ്ഞു. ഈ വാദം തെറ്റാണെന്നു ഡെപ്യൂട്ടി മേയറും സെക്രട്ടറിയും മറുപടി നല്‍കി. ഇത്തരത്തില്‍ നഗരസഭാ പരിധിയിലും സോണലുകളിലും രണ്ടും മൂന്നും വര്‍ഷമായി വാടക നല്‍കാതെയുള്ള കെട്ടിടങ്ങളുണ്ടെന്നും വിശദമായി പരിശോധിച്ച് റിപോര്‍ട്ട് തയ്യാറാക്കുമെന്നും സെക്രട്ടറി യോഗത്തില്‍ വ്യക്തമാക്കി. കോര്‍പറേഷനുണ്ടായ നഷ്ടം പരിശോധിക്കണമെന്ന് എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.  കോര്‍പറേഷന്‍ പരിധിയിലെ വ്യവസായങ്ങള്‍, ഫാക്്ടറികള്‍, വ്യാപാരങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിവയുടെ ലൈസന്‍സ്(ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും മറ്റു വ്യാപാരസ്ഥാപനങ്ങ ള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കല്‍) ചട്ടം പ്രകാരം ലൈസന്‍സ് ഫീസ് നിശ്ചയിക്കുന്നതിനുള്ള കരട് വിജ്ഞാപനം വിശദമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. ഫീസ് നിരക്കുകള്‍ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ച് 30 ദിവസം സമയം അനുവദിച്ച് നോട്ടീസ് പ്രസിദ്ധീകരിക്കും. ഇതിനിടയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി വിശദമായ ചര്‍ച്ച നടത്തുമെന്നും മേയര്‍ ഇ പി ലത അറിയിച്ചു. ദീര്‍ഘദൂര യാത്രയ്ക്ക് ഉപയോഗിക്കാനാവാത്തതിനാല്‍ മേയര്‍ക്കു വേണ്ടി പുതിയ കാര്‍ വാങ്ങാന്‍ യോഗം അനുമതി നല്‍കി. ശുചീകരണ വിഷയത്തില്‍ നഗരം, ഗ്രാമം എന്ന വ്യത്യാസം പാടില്ലെന്നതു സംബന്ധിച്ച പരാമര്‍ശങ്ങള്‍ അല്‍പനേരം നേരിയ ബഹളത്തിനിടയാക്കി. അഞ്ച് സോണലുകളിലും രണ്ടുവീതം ബ്രഷ് കട്ടറുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ തൊഴിലാളികളെ ഡിവിഷനുകളില്‍ നിന്നു പുനര്‍വിന്യസിക്കുന്ന ചര്‍ച്ചയാണ് ചേരിതിരിവിനു കാരണമാക്കിയത്. നിലവില്‍ ശുചീകരണ തൊഴിലാളികളില്ലാത്ത സോണലുകളില്‍ ഒരു പുരുഷ ജീവനക്കാരനെയും രണ്ട് സ്ത്രീ ജീവനക്കാരെയും അനുവദിക്കാന്‍ തീരുമാനിച്ചു. ജില്ലാ ആസ്ഥാനവും നഗരവുമെന്ന നിലയില്‍ മറ്റു സ്ഥലങ്ങളെ പോലെ നഗരസഭയെ കാണാനാവില്ലെന്നും കൂടുത ല്‍ തൊഴിലാളികളെ ഉപയോഗിക്കേണ്ടി വരുമെന്നും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി ഇന്ദിര പറഞ്ഞു. ആകെ 140 തൊഴിലാളികളാണുള്ളത്. ഇതിന്റെ കൂടി 20 പേരെ നിയമിച്ചിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും ആരോഗ്യനില പ്രശ്‌നമുണ്ടാക്കുന്നവരാണെന്നത് പരിഗണിക്കണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, എല്ലാവരും ഒരേ നികുതിയാണ് അടയ്ക്കുന്നതെന്നും നഗര-ഗ്രാമം വ്യത്യാസം പാടില്ലെന്നും കൂട്ടിച്ചേര്‍ക്കപ്പെട്ട പഞ്ചായത്തുകളില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ആവശ്യപ്പെട്ടു. പി കെ രാഗേഷിന്റെ അഭിപ്രായത്തോട് സഹതാപം തോന്നുന്നുവെന്ന അഡ്വ. ഇന്ദിരയുടെ പരാമര്‍ശം തര്‍ക്കത്തിനിടയാക്കി. കോര്‍പറേഷനിലെ മൂന്ന് ഇ-ടോയ്‌ലറ്റുകളുടെ എഎംസി തുകയില്‍ 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടുത്തി 216294 രൂപ ഇറാം സയന്റിഫിക് എന്ന സ്ഥാപനത്തിനു നല്‍കാനും അംഗീകാരമായി.  കണ്ണൂക്കര ഗവ. എല്‍പി സ്‌കൂള്‍ കോംപൗണ്ടില്‍ അങ്കണവാടി നിര്‍മിക്കുന്നതിനു 5 സെന്റ് സ്ഥലം അനുവദിച്ച് ഡിഡിഇ ഉത്തരവിന്‍മേലും ചര്‍ച്ച നടന്നു. കൈമാറിയ സ്ഥലത്തെ സ്‌കൂള്‍ കോംപൗണ്ടുകളില്‍ അങ്കണവാടി നിര്‍മിക്കുന്നതിനു പ്രത്യേകാനുമതി ആവശ്യമില്ലെന്ന് സെക്രട്ടറി അറിയിച്ചു. അങ്ങനെയാണെങ്കില്‍ പലയിടത്തം ഇത്തരത്തില്‍ ഭൂമിയുണ്ടെന്നും അതിനെല്ലാം അനുമതി നല്‍കുന്നത് പരിശോധിക്കണമെന്നും സി സമീര്‍ പറഞ്ഞു. അനുവദിക്കപ്പെട്ട പ്ലാന്‍ പ്രകാരമുള്ള കെട്ടിടനിര്‍മാണങ്ങള്‍ക്ക് തടസസ്മില്ലെന്ന് ഡെപ്യൂട്ടി മേയറും അറിയിച്ചു. എടക്കാട് കൃഷിഭവന്‍ പൊളിച്ചുമാറ്റി 52.10 ലക്ഷം ചെലവിട്ട് പുതിയ കെട്ടിടം നിര്‍മിക്കുമ്പോള്‍ ബദല്‍ സംവിധാനം പ്രായോഗിക ബുദ്ധിമുട്ടില്ലാത്ത സ്ഥലത്താവണമെന്ന് വിവിധ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പയ്യാമ്പലത്ത് ഗ്യാസ് ശ്മശാനത്തിനു 3.40 കോടിയുടെ എസ്റ്റിമേറ്റ് പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ക്ക് യോഗം അംഗീകാരം നല്‍കി. മൈതാനപ്പള്ളിയില്‍ എന്‍ആര്‍എച്ച്എമ്മിനു കീഴിലുള്ള അര്‍ബന്‍ പിഎച്ച്‌സി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ പണിയാന്‍ റാംപ് സൗകര്യം ഏര്‍പ്പെടുത്താനായി കിഴക്കുഭാഗത്ത് മീറ്റര്‍ വീതിയില്‍ അധികമായി സ്ഥലം അനുവദിക്കണമെന്ന അപേക്ഷയ്ക്കും അനുമതി നല്‍കി. അതേസമയം, 90 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടം പണി പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് സി സമീര്‍ പറഞ്ഞു. അടുത്ത മാസം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചതായി മേയര്‍ മറുപടി നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയിലും തെരുവുകളിലും പൊതുസ്ഥലങ്ങളിലും അന്തിയുറങ്ങുന്നവര്‍ക്കുമുള്ള ഭവന-ഷെല്‍ട്ടര്‍ ഹോമുകളുടെ നിര്‍മാണം സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മരയ്ക്കാര്‍കണ്ടിയിലെ പട്ടികജാതി ഫഌറ്റ് പദ്ധതിയില്‍ കേരള പോലിസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്്ഷന്‍ കോര്‍പറേഷന് നല്‍കാനുള്ള 4.17 ലക്ഷം രൂപ അനുവദിക്കണമെന്ന അപേക്ഷ ധനകാര്യ സ്ഥിരം സമിതി പരിശോധിക്കാനും ഇതുസംബന്ധിച്ച വിജിലന്‍സ് കേസില്‍ കക്ഷി ചേരാന്‍ നിയമോപദേശം തേടാനും കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. ചര്‍ച്ചയില്‍ എം പി മുഹമ്മദലി, എം ഷഫീഖ്, കെ പി എ സലീം, സി എറമുള്ളാന്‍, കെ പ്രകാശന്‍, എം പി ഭാസ്‌കരന്‍, വെള്ളോറ രാജന്‍, കെ കെ ഭാരതി, എം കെ ഷാജി, അഡ്വ. ടി ഒ മോഹനന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it