thrissur local

കോര്‍പറേഷന്റെ മഴക്കാലപൂര്‍വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

തൃശൂര്‍: കോര്‍പ്പറേഷന്റെ മഴക്കാല പൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. നഗരമധ്യത്തിലും പട്ടാളം ഗ്രൗണ്ടിലും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി. കടുത്ത പകര്‍ച്ചാ വ്യാധി ഭീഷണി ഉയര്‍ത്തിയാണ് പട്ടാളം ഗ്രൗണ്ടില്‍ മാലിന്യം കുമിഞ്ഞുകൂടിയിട്ടുള്ളത്. കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ സ്ഥിതി ചെയ്യുന്ന കംഫര്‍ട്ട് സ്‌റ്റേഷന്‍ പൊട്ടിയൊലിച്ചിട്ടും അധികൃതര്‍ക്ക് നിസംഗത.
തൃശൂര്‍ നഗരമധ്യത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മൂക്കിനു താഴെയുള്ള ജയ്ഹിന്ദ് മാര്‍ക്കറ്റിലെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ നിന്നാണ് മലിനജലം പുറന്തള്ളുന്നത്. ദിവസേന നൂറുകണക്കിനാളുകള്‍ വന്നു പോകുന്ന മാര്‍ക്കറ്റിലെ കംഫര്‍ട്ട് സ്‌റ്റേഷനോടു ചേര്‍ന്നുള്ള ഓട വൃത്തിയാക്കുന്നതിന്റെ ഭാഗമായി സ്ലാബുകള്‍ നീക്കിയതാണ് ദുരിതം ഇരട്ടിയാക്കിയത്. ഓടയിലെ ചെളി പരിസരത്ത് വാരിയിട്ടതും കെട്ടിടത്തില്‍ നിന്നു പുറന്തള്ളുന്ന മലിനജലത്തിന്റെ ദുര്‍ഗന്ധവും വ്യാപാരികളെയാണ് ഏറെ ബാധിക്കുന്നത്.
നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടക്കാലത്ത് അടച്ചിട്ട കെട്ടിടത്തിന്റെ അവസ്ഥ തീര്‍ത്തും പരിതാപകരം. പാഴ്‌ച്ചെടികള്‍ വളര്‍ന്നും ഭിത്തികള്‍ വിണ്ടുകീറിയതും കെട്ടിടത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്.
മാര്‍ക്കറ്റിനുള്ളിലെ റോഡ് തകര്‍ന്നതും വീതി കുറഞ്ഞ റോഡില്‍ അലക്ഷ്യമായി സ്ലാബിട്ടിരിക്കുന്നതും അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. കഴിഞ്ഞ ദിവസത്തെ കനത്തമഴയില്‍ മലിനജലം പ്രദേശത്ത് കെട്ടിക്കിടന്നതിനാല്‍ കെട്ടിടത്തിനു സമീപത്തായുള്ള വ്യാപാരികളുടെ കച്ചവടവും നിലച്ചിരുന്നു. ഇത് ഒഴിവാക്കാന്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗമടക്കമുള്ള ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നണ് വ്യാപാരികളുടേയും പൊതുജനങ്ങളുടേയും ഒരുപോലെയുള്ള ആവശ്യം.
Next Story

RELATED STORIES

Share it