thiruvananthapuram local

കോര്‍പറേഷനില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പിന് വേദിയൊരുങ്ങുന്നു

തിരുവനന്തപുരം: പാപ്പനംകോട് കൗണ്‍സിലറായിരുന്ന ചന്ദ്രന്റെ മരണത്തോടെ കോര്‍പറേഷനില്‍ വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിനു വേദിയൊരുങ്ങുന്നു. പുതിയ ഭരണസമിതി അധികാരത്തിലെത്തി മൂന്നു മാസം തികയുന്നതിനു മുമ്പാണ് കോര്‍പറേഷനില്‍ ആദ്യമായി ഒരു ഉപതിരഞ്ഞെടുപ്പ് നടന്നത്. സിപിഎമ്മില്‍ നിന്നുള്ള വാഴോട്ടുകോണം കൗണ്‍സിലറായിരുന്ന മൂന്നാംമൂട് വിക്രമന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ഡിസംബര്‍ 27നാണ് വിക്രമന്‍ മരിച്ചത്. ഒരു കൗണ്‍സില്‍ യോഗത്തില്‍ മാത്രമാണ് വിക്രമനു പങ്കെടുക്കാനായത്. പൊതുചടങ്ങില്‍ പങ്കെടുക്കവെ കുഴഞ്ഞുവീണായിരുന്നു മരണം. ഉപതിരഞ്ഞെടുപ്പ് ഭരണമുന്നണിയെ മുള്‍മുനയില്‍ നിര്‍ത്തി. എന്നാല്‍, എല്‍ഡിഎഫിനായി വിക്രമന്റെ ഭാര്യ റാണി വിക്രമനും യുഡിഎഫില്‍ നിന്ന് സതീഷ് ബാബുവും ബിജെപിക്കായി ശിവശങ്കരന്‍ നായരും മത്സരരംഗത്ത് ഉണ്ടായിരുന്നു. ആ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ജയിച്ചുകയറി. തൊട്ടുമുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായ യുഡിഎഫും നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. എന്നാല്‍, ഇവിടെ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ചന്ദ്രന്റെ മരണത്തോടെ വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിലേക്ക് കോര്‍പറേഷന്‍ പോകും. എന്നാല്‍, ഇത്തവണ സമ്മര്‍ദ്ദം ബിജെപിക്കാണ്. തങ്ങളുടെ കൗണ്‍സിലര്‍ വിജയിച്ച വാര്‍ഡിലാണ് വീണ്ടും ഉപതിരഞ്ഞെടുപ്പ്. വിജയിക്കാതിരിക്കുകയോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയോ ചെയ്താല്‍ അത് കോര്‍പറേഷനിലെ പ്രതിപക്ഷപ്പാര്‍ട്ടിയായ ബിജെപിയുടെ പ്രകടനപരാജയമായി കണക്കാക്കും. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണമുന്നണിയായ എല്‍ഡിഎഫ് വിജയിച്ചാല്‍ തങ്ങളുടെ ഭരണനേട്ടമായി ഈ വിജയത്തെ ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കും. മൂന്നാം കക്ഷിയായ യുഡിഎഫിനും ഉപതിരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെയാകും സമീപിക്കുക. വിജയം ഒപ്പം നിന്നാല്‍ ഭരണമുന്നണിയെയും പ്രധാന പ്രതിപക്ഷയെയും ജനം കൈയൊഴിഞ്ഞതായി അവകാശപ്പെടാം. ഇസ്തിരിപ്പെട്ടിയില്‍ നിന്ന് ഷോക്കേറ്റാണ് ചന്ദ്രന്‍ മരണപ്പെട്ടത്. പരേതനായ അച്ഛന്‍ കൃഷ്ണന്‍ താമസിച്ചിരുന്ന വീടിനോടു ചേര്‍ന്നുള്ള ഒറ്റമുറിയിലായിരുന്നു അവിവാഹിതനായ ചന്ദ്രന്റെ വാസം. ഇന്നലെ രാവിലെ പുറത്തേക്കു പോകാനായി വസ്ത്രം ഇസ്തിരിയിടുന്നതിനിടയിലാണു മരണം വൈദ്യുതി ഷോക്കിന്റെ രൂപത്തില്‍ ചന്ദ്രനെ കവര്‍ന്നെടുത്തത്. ഷോക്കേറ്റു വീണ ചന്ദ്രനെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 505 വോട്ടിന്റെ ലീഡിലാണ് ചന്ദ്രന്‍ വിജയിച്ചത്. 2519 വോട്ടുകളായിരുന്നു ചന്ദ്രന്‍ നേടിയത്.
Next Story

RELATED STORIES

Share it