kannur local

കോര്‍പറേഷനില്‍ ഭരണസ്തംഭനമെന്ന് ഭരണ-പ്രതിപക്ഷ വിമര്‍ശനം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണസ്തംഭനമാണെന്ന പ്രതീതി ജനങ്ങളില്‍ വ്യാപകമാണെന്നു വിമര്‍ശനം. ഭരണ-പ്രതിപക്ഷ ഭേദമന്യേയാണ് കൗണ്‍സില്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. ഇതോടെ, ഇവിടെയൊന്നും നടക്കുന്നില്ലെങ്കില്‍ തന്നെ സ്ഥലം മാറ്റിക്കോ എന്ന ആവശ്യവുമായി കോര്‍പറേഷന്‍ എന്‍ജിനിയര്‍ എന്‍ മാധവനുണ്ണി എഴുന്നേറ്റത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി.
സ്ഥിരംസമിതി അധ്യക്ഷന്‍മാരും കൗണ്‍സിലര്‍മാരും ഒരുപോലെ വിമര്‍ശനത്തില്‍ പങ്കാളികളായി. ഉദ്യോഗസ്ഥര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നും ഓഫിസ് ജീവനക്കാരുടെയോ ബന്ധുക്കളുടെയോ വിവാഹമുണ്ടായാല്‍ ഓഫിസ് കാലിയാവുന്ന അവസ്ഥയാണെന്നും ചില കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചു. വിവിധ ആവശ്യങ്ങള്‍ക്ക് കോര്‍പറേഷനിലെത്തുന്ന സാധാരണക്കാര്‍ക്ക് കൃത്യമായ സേവനം ലഭിക്കുന്നില്ലെന്നും വിമര്‍ശിച്ചു.
എന്നാല്‍ ജോലിഭാരമാണ് കോര്‍പറേഷനിലെന്നും ആറ് ഒഴിവുകള്‍ ഉണ്ടായിട്ടും നികത്താന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നും എന്‍ജിനീയര്‍ മറുപടി നല്‍കി. കനത്ത ജോലിഭാരത്തിനിടെയും തന്റെ മുന്നിലെത്തുന്ന ഫയലുകള്‍ അപ്പപ്പോള്‍ തീര്‍പ്പാക്കുന്നുണ്ടെന്നും എന്‍ജീനിയര്‍ പറഞ്ഞു. സോണല്‍ ഓഫിസുകളില്‍ നിന്ന് വിവരങ്ങള്‍ യഥാസമയം കോര്‍പറേഷന്‍ ഓഫിസില്‍ ലഭിക്കാത്തതാണ് വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാവാത്തതിനു കാരണമെന്നും ചില കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
എല്ലാ മാസവും അഞ്ചിനു മുമ്പ് സോണല്‍ ഓഫിസുകളില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ അജണ്ടയില്‍ ഉള്‍പ്പെടുത്തി തീരുമാനങ്ങള്‍ എടുക്കാനാവൂ. മുന്‍കാല പ്രാബല്യം ഒഴിവാക്കി നികുതി പരിഷ്‌കാരം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് കത്തെഴുതാന്‍ യോഗം തീരുമാനിച്ചു. പുതിയ നികുതി പരിഷ്‌കാരപ്രകാരം 660 ചതുരശ്ര അടി തറ വിസ്തീര്‍ണമുള്ളതും 2000 ചതുരശ്ര അടി വിസ്തൃതിയുള്ളതുമായ വീടുകളെ നികുതിവര്‍ധനയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. വാണിജ്യകെട്ടിടങ്ങളുടെ നികുതി വര്‍ധന 100 ശതമാനമായി പരിമിതപ്പെടുത്തി.
പുതിയ ഉത്തരവുകള്‍ക്ക് അനുസൃതമായി ചട്ടങ്ങളില്‍ മാറ്റം വരുത്താത്തതിനാല്‍ നികുതി പരിഷ്‌കരണ സോഫ്റ്റ്‌വെയറിലും മാറ്റംവരുത്തിയിട്ടില്ല. ഇതുമൂലം പുതിയ നികുതി പിരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് മുന്‍കാല പ്രാബല്യം ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടത്. മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it