thrissur local

കോര്‍പറേഷനിലെ പ്രതിപക്ഷ സമരം മന്ത്രിയുടെ ഉറപ്പില്‍ അവസാനിപ്പിച്ചു



തൃശൂര്‍: കോര്‍പറേഷന്‍ ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാരും ബിജെപി കൗണ്‍സിലര്‍മാരും കൗണ്‍സില്‍ ഹാളില്‍ നടത്തിയ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം ലഭിക്കാതെ മിനിറ്റ്‌സില്‍ തീരുമാനങ്ങള്‍ എഴുതി ചേര്‍ത്തതായുള്ള ആരോപണങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കാ ന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. നിയമസഭയില്‍ അനില്‍ അക്കര എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് ഈ വിഷയത്തില്‍ നടപടിയെടുക്കാന്‍ അര്‍ബന്‍ ഡവലപ്‌മെന്റ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചത്. റിലയന്‍സുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം, വൈദ്യുതി വിഭാഗത്തിലെ താല്‍ക്കാലിക നിയമനങ്ങള്‍, സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ച് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അജണ്ടകള്‍ കൗണ്‍സില്‍ തീരുമാനത്തിന് വിധേയമായി മിനുട്‌സില്‍ എഴുതിച്ചേര്‍ത്തുവെന്നാരോപിച്ചായിരുന്നു യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. വോട്ടെടുപ്പ് അനുവദിക്കാതെ കൗണ്‍സില്‍ പിരിച്ചുവിട്ട മേയറുടെ നടപടിയില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ കൗ ണ്‍സില്‍ ഹാളില്‍ പ്രതിപക്ഷത്തെ കോണ്‍ഗ്രസ് - ബിജെപി കൗണ്‍സിലര്‍മാര്‍ സംയുക്തമായി സമാന്തര കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഭരണകക്ഷിയുടെ തീരുമാനത്തെ എതിര്‍ത്തിരുന്നു. തിങ്കളാഴ്ച രാത്രിയിലും കൗണ്‍സില്‍ ഹാളില്‍ ഇവര്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. മുന്‍ മേയറും ഡിസിസി വൈസ് പ്രസിഡന്റുമായ ഐ പി പോള്‍ സ്ഥലത്തെത്തിയാണ് പ്രതിപക്ഷത്തിന്റെ സമരം അവസാനിപ്പിച്ചത്. താല്‍ക്കാലികമായാണ് സമരം അവസാനിപ്പിക്കുന്നതെന്നും അടുത്ത കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നും പ്രതിപക്ഷനേതാവ് അഡ്വ. എം കെ മുകുന്ദന്‍ പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത് സ്ഥലത്തെത്തിയാണ് ബിജെപി കൗണ്‍സിലര്‍മാരുടെ സമരം അവസാനിപ്പിച്ചത്. അടുത്ത കൗണ്‍സിലില്‍ ഈ വിഷയത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കൗണ്‍സില്‍ യോഗം നടത്താന്‍ അനുവദിക്കില്ലെന്ന് സുരേന്ദ്രന്‍ ഐനിക്കുന്നത്ത് പറഞ്ഞു. സമരം അവസാനിപ്പിച്ചശേഷം യുഡിഎഫ് കൗണ്‍സിലര്‍മാരും ബിജെപി കൗണ്‍സിലര്‍മാരും പ്രത്യേകം പ്രത്യേകമായാണ് ആഹ്ലാദപ്രകടനം നടത്തിയത്.
Next Story

RELATED STORIES

Share it