thrissur local

കോര്‍പറേഷനിലെ ജലവിതരണത്തില്‍ 20 ദശലക്ഷം ലിറ്ററിന്റെ കുറവ്

തൃശൂര്‍: കോര്‍പറേഷന്‍ പ്രദേശത്തെ ജല വിതരണത്തിന് 20 ദശലക്ഷം ലിറ്ററിന്റെ കുറവുണ്ടെന്നും കരുവന്നൂര്‍ പദ്ധതി നടപ്പാക്കാതെ, നഗരത്തിലെ ജലവിതരണ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും വാട്ടര്‍ അതോറിറ്റി എക്‌സി. എഞ്ചിനീയര്‍ പ്രവീണ്‍കുമാര്‍.
നഗരത്തിലെ ജലവിതരണത്തിലെ കണക്കുകള്‍ സംബന്ധിച്ച കൗണ്‍സിലില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരം നല്‍കാതെയായിരുന്നു എക്‌സി.എഞ്ചിനീയറുടെ വിശദീകരണം.
50 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പീച്ചിയില്‍ ഉല്‍പ്പാദിപ്പിക്കുന്നു, ഇതില്‍ 30 ദശലക്ഷമാണ് കോര്‍പറേഷന്‍ പ്രദേശത്ത് നല്‍കുന്നത്, ബാക്കി പഞ്ചായത്തുകളിലും. കോര്‍പറേഷനിലെ ജനസംഖ്യ വച്ച് ആളോഹരി 135 ലിറ്റര്‍ കണക്കാക്കിയാല്‍ പ്രതിദിനം 50 ദശലക്ഷം ലിറ്റര്‍ വെള്ളം വേണം വിതരണത്തിന്. വെള്ളം ഇല്ലാത്തതാണ് ക്ഷാമകാരണം. പ്രശ്‌നപരിഹാരത്തിന് 50 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള കരുവന്നൂര്‍ പദ്ധതി തയ്യാറായിട്ടുണ്ട്, അത് നടപ്പാക്കിയാല്ലേ പ്രശ്‌നം തീരൂ. കേന്ദ്രം അനുവദിച്ച 28 കോടി ഉപയോഗിച്ച പൈപ്പുകള്‍ വാങ്ങിയിട്ടുണ്ട്. അവ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനിയും തുടങ്ങാനാവാത്ത പദ്ധതി എത്ര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാകൂമെന്ന് വിശദീകരണമുണ്ടായില്ല.
തൃശ്ശിവപേരൂര്‍ എക്‌സ്പ്രസ് വാര്‍ത്ത ഉദ്ധരിച്ച് നഗരസഭാ ചിലവില്‍ അതോറിറ്റി ചൂഷ—ണവും കൊള്ളയും നടത്തുകയാണെന്ന ബിജെപിയിലെ കെ മഹേഷിന്റെ ആരോ—പണത്തിനും എക്‌സി. എഞ്ചിനീയറില്‍ നിന്നും വ്യക്തമായ വിശദീകരണം ഉണ്ടായില്ല. എത്രവെള്ളം മുനിസിപ്പല്‍ പ്രദേശത്ത് വിതരണത്തിന് നല്‍കുന്നുവെന്നും വിശദീകരണ—മുണ്ടായില്ല.
തേക്കിന്‍കാട് ടാങ്കില്‍ നിന്നുള്ള 14.5 ലിറ്ററിന്റെ പദ്ധതിയില്‍ നിന്നാണ് മുനിസിപ്പല്‍ പ്രദേശത്തു ജലവിതരണമെന്ന ഡെപ്യൂട്ടിമേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തിയുടെ ആമുഖ വിശദീകരണം ആദ്യം അംഗീകരിച്ച എഞ്ചിനീയര്‍, ബിജെപിയിലെ കെ മഹേഷും, കോണ്‍ഗ്രസ്സിലെ എ പ്രസാദും ഉന്നയിച്ച ചോദ്യങ്ങളില്‍ പതറി. 20 ദശലക്ഷം ലിറ്ററിലാണ് അതോറിറ്റി ബില്‍ ഈടാക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതു തിരുത്താന്‍ മീറ്റര്‍ വെക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും നടപ്പാക്കുമെന്നും വിശദീകരിച്ചു. അതിനിടെ 30 ദശലക്ഷം ലിറ്ററിനാണ് ബില്‍ ഈടാക്കിയിരുന്നുതെന്ന വര്‍ഗ്ഗീസ് കണ്ടംകുളത്തി ചൂണ്ടിക്കാട്ടിയപ്പോള്‍ അതും എക്‌സി എഞ്ചിനീയര്‍ അംഗീകരിച്ച് നല്‍കി. രണ്ട് വര്‍ഷം മുമ്പുവരെ 30 ദശലക്ഷം ലിറ്റര്‍ കണക്കാക്കിയായിരുന്നു അതോറിറ്റി ബില്‍ ഈടാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം നല്‍കിയ ബില്ലില്‍ ഇത് 20 ദശലക്ഷമാക്കി കുറച്ചിട്ടുണ്ട്.
50.5 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ ഉല്‍പ്പാദന ചിലവ് 160 ലക്ഷം മാത്രമാണെന്നിരിക്കേ 20 ദശലക്ഷം ലിറ്റര്‍ വെള്ളം മുനിസിപ്പല്‍ പ്രദേശത്തിനായി നല്‍കുന്നവെന്ന പേരില്‍ 4 കോടിരൂപയാണ് അതോറിറ്റി ഈടാക്കാത്തതെന്നും, പുറമെ പഴയ പഞ്ചായത്ത് പ്രദേശങ്ങളില്‍ തെരുവ് ടാപ്പിന്റെ പേരില്‍ നഗരസഭയില്‍ നിന്നും രണ്ട് കോടിയും ഈടാക്കുന്നുണ്ടെന്നും ഇതു നഗരസഭയെ കൊള്ളയടിക്കലാണെന്നും തൃശ്ശിവപേരൂര്‍ എക്‌സ്പ്രസ് വാര്‍ത്ത ചൂണ്ടിക്കാട്ടി മഹേഷ് ആരോപിച്ചു. എന്നാല്‍ ഇതിനൊന്നും താന്‍ മറുപടി പറയാനില്ലെന്ന് പറഞ്ഞ് പ്രവീണ്‍കുമാര്‍ ഒഴിഞ്ഞുമാറി.
ജലവിതരണത്തിലും ബില്‍ ഈടാക്കുന്നതിലുമെല്ലാം ഒരുപാട് പൊരുത്തകേടുകള്‍ ഉണ്ടെന്നും അതോറിറ്റി നടത്തുന്ന ചൂഷണം പരിശോധിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി പറഞ്ഞു. പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും വിദഗ്ധര്‍ സമിതി രൂപീകരിക്കൂമെന്ന് മേയര്‍ അജിത ജയരാജനും വ്യക്തമാക്കി. എല്ലാ പ്രശ്‌നങ്ങളും രണ്ടാഴ്ചക്കകം പരിഹരിക്കാമെന്ന വാഗ്ദാനം പതിവുപോലെ ആവര്‍ത്തിച്ചാണ് അതോറിറ്റി എഞ്ചിനീയര്‍മാര്‍ മടങ്ങിയത്.
ജോണ്‍ഡാനിയേല്‍, അനൂപ് ഡേവീസ് കാട, അനൂപ് കരിപ്പാല്‍, പൂര്‍ണ്ണിമ സുരേഷ്, എം.എസ്.സമ്പൂര്‍ണ്ണ, അഡ്വ. എം പി ശ്രീനിവാസന്‍, ഫ്രാന്‍സിസ് ചാലിശ്ശേരി, ഗ്രീഷ്മ അജയ്‌ഘോഷ്, ജേക്കബ്ബ് പുലിക്കോട്ടില്‍, പി സുകുമാരന്‍, ഇ ഡി ജോണി, ഷീബ ബാബു ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it