wayanad local

കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഹിതം ഉപയോഗിക്കണമെന്നു കലക്ടര്‍

കല്‍പ്പറ്റ: ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ശിശുക്ഷേമസമിതി പോലുള്ള സംഘടനകള്‍ക്ക് പ്രമുഖ സ്ഥാപനങ്ങളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പൊണ്‍സിബിലിറ്റി (സിഎസ്ആര്‍) വിഹിതം ഉപയോഗപ്പെടുത്താമെന്നു ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍ അഭിപ്രായപ്പെട്ടു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ശിശു ക്ഷേമസമിതി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും പ്രവര്‍ത്തിക്കുന്ന സമിതികളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണുണ്ടാവേണ്ടതെന്നും മല്‍സരം ആശാസ്യമല്ലെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു.
ഐടിഡിപി ഓഫിസര്‍മാരുടെ സഹകരണത്തോടെ പിന്നാക്കക്കാരായ കുട്ടികളെ കണ്ടെത്തി ഫോസ്റ്റര്‍ കെയര്‍ സംവിധാനവും സ്‌പോണ്‍സര്‍ എ ചൈല്‍ഡ് പദ്ധതിയും ആദിവാസി മേഖലയില്‍ വ്യാപിപ്പിക്കുന്നതിനുള്ള രൂപരേഖ സമര്‍പ്പിക്കാന്‍ അദ്ദേഹം ജില്ലാ ശിശുക്ഷേമ സമിതിക്ക് നിര്‍ദേശം നല്‍കി. പോക്‌സോ കേസില്‍പ്പെട്ട ശിശുക്ഷേമസമിതി മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ യോഗം തീരുമാനിച്ചു.
ക്രഷേ ജീവനക്കാര്‍ക്ക് കുടിശ്ശികയായ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സര്‍ക്കാരിന് കത്തെഴുതുമെന്നു കലക്ടര്‍ ശിശുക്ഷേമ സമിതിക്ക് ഉറപ്പു നല്‍കി. ജില്ലയില്‍ അഡോപ്ഷന്‍ സെന്റര്‍, ബാലസേവികാ പരിശീലന കേന്ദ്രം എന്നിവ ആരംഭിക്കുന്നതിന് പുറമ്പോക്ക് സ്ഥലം കണ്ടെത്തിയാല്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തു നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇരകള്‍ക്ക് ആവശ്യമായ സംരക്ഷണവും സഹായവും നല്‍കുന്നതിന് ശിശുക്ഷേമസമിതിയ്ക്ക് സ്ഥിരം സംവിധാനം വേണം. നിയമ സഹായ സമിതി രുപീകരിക്കണം. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പരസ്പരം ഏകോപനം ഉണ്ടാവണം എന്നീ ആവശ്യങ്ങള്‍ സമിതി അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരവ്-ചെലവ് കണക്ക് സെക്രട്ടറി അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, ജോ. സെക്രട്ടറി കെ രാജന്‍, എഡിസി (ജനറല്‍) പി സി മജീദ്, ശിശുസംരക്ഷണ ഓഫിസര്‍ കെ കെ പ്രജിത്, അംഗങ്ങളായ കെ എ അലിയാര്‍, സി എസ് ഷംസുദ്ദീന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it