Pathanamthitta local

കോരിച്ചൊരിയുന്ന മഴയത്തും ടികെ റോഡില്‍ ടാറിങ് തകൃതി

പത്തനംതിട്ട: കോരിച്ചൊരിയുന്ന മഴയത്തും തടസ്സമില്ലാതെ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് ടാറിങ്. ടികെ റോഡ് നവീകരണത്തിന്റെ ഭാഗമായി, പത്തനംതിട്ട-കുമ്പഴ റോഡില്‍ നടക്കുന്ന രണ്ടാംഘട്ട ബിഎം ആന്റ് ബിസി ടാറിങ് ജോലികളാണ് കോരിച്ചൊരിയുന്ന മഴയത്തും നിര്‍ത്തിവയ്ക്കാതെ തുടര്‍ന്നത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം പത്തനംതിട്ട നഗരത്തിലും പരിസരപ്രദേശങ്ങളിലും കോരിച്ചൊരിയുന്ന മഴയാണ് പെയ്തത്. മണിക്കൂറുകളോളം നീണ്ടുനിന്ന മഴ വൈകുന്നേരത്തോടെയാണ് ശമിച്ചത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ ടാറിങ് ജോലികളുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നത് കണക്കിലെടുക്കാതെ തന്നെ പൊതുമരാമത്ത് അധികൃതര്‍ ടാറിങ് ജോലി തുടരുകയായിരുന്നു.
തീയാടിക്കലിലെ താല്‍ക്കാലിക ടാര്‍ മിക്‌സിങ് പ്ലാന്റില്‍ നിന്നുമാണ് നിര്‍മാണപ്രവൃത്തിയ്ക്കാവശ്യമായ മെറ്റില്‍ എത്തിക്കുന്നത്. റോഡില്‍ നിരത്തിയ ചൂട് ടാര്‍ കലര്‍ന്ന മെറ്റലിനു മുകളില്‍ മഴവെള്ളം പതിച്ചതോടെ സ്ഥലത്ത് പുക നിറഞ്ഞിട്ടും ടാറിങ് ജോലി മുന്നോട്ടുപോയി. പത്തനംതിട്ട-കുമ്പഴ റോഡ് നവീകരണത്തിന്റെ ഭാഗമായി ഒന്നാംഘട്ട ടാറിങ് ജോലികള്‍ ഏകദേശം ഒരുമാസം മുമ്പ് കഴിഞ്ഞിരുന്നു.
രണ്ടാംഘട്ട ജോലികള്‍ ഇന്നലെ രാവിലെയാണ് ആരംഭിച്ചത്. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണച്ചുമതല.
Next Story

RELATED STORIES

Share it