Alappuzha local

കോമളപുരം സ്പിന്നിങ് മില്ലില്‍ വൈദ്യുതി കണക്ഷനായി; യന്ത്രങ്ങളുടെ ട്രയല്‍ റണ്‍ തുടങ്ങി

ആലപ്പുഴ: കോമളപുരം സ്പിന്നിങ് മില്ലില്‍ യന്ത്രങ്ങളുടെ ട്രയല്‍ റണ്‍ തുടങ്ങി. കഴിഞ്ഞ ദിവസം കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷന്‍ നല്‍കിയിരുന്നു.
ഫെബ്രുവരി പകുതിയോടെ സ്പിന്നിങ് മില്ല് തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മില്ലിന്റെ പ്രവര്‍ത്തന പുരോഗതി ജില്ലാ കലക്ടര്‍ എന്‍ പദ്മകുമാര്‍ സ്പിന്നിങ് മില്ലിലെത്തി വിലയിരുത്തി. മില്ലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍ കോര്‍പറേഷനാണ് പൂര്‍ത്തിയാക്കിവരുന്നത്. മില്ലില്‍ യന്ത്രങ്ങളെല്ലാം സ്ഥാപിച്ചുകഴിഞ്ഞു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കോമളപുരം മില്ലില്‍ അവലോകന യോഗവും നടന്നു.
സ്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനം പൂര്‍ണസജ്ജമാവുമ്പോള്‍ 18,240 സ്പിന്‍ഡലായിരിക്കും ഉല്‍പാദന ശേഷി. 19 നൂല്‍നൂല്‍പുയന്ത്രങ്ങളും 30 നെയ്ത്തു യന്ത്രങ്ങളും ഉപയോഗിക്കും. ആദ്യഘട്ടത്തില്‍ അഞ്ചു നൂല്‍നൂല്‍പു യന്ത്രങ്ങളാണ് ഉപയോഗിക്കുക. 4800 സ്പിന്‍ഡലാണ് ഉല്‍പാദന ശേഷി. 12 വിദഗ്ധ തൊഴിലാളികളും 103 അവിദഗ്ധ തൊഴിലാളികളും അടക്കമാണ് 115 തൊഴിലാളികളെ നിയോഗിക്കുക.
ജീവനക്കാരുടെ നിയമനത്തിന് മുന്നോടിയായി മുമ്പ് ജോലിചെയ്തിരുന്ന സ്ഥിരം ജീവനക്കാര്‍ക്കും ബദലികള്‍ക്കുമായി നടത്തിയ സ്‌കില്‍ ടെസ്റ്റ് പൂര്‍ത്തിയാക്കി. ആദ്യ ഘട്ടത്തില്‍ 115 പേരെയാണ് ആവശ്യമായുള്ളത്. 153 പേരാണ് സ്‌കില്‍ ടെസ്റ്റില്‍ പങ്കെടുത്തത്. സിട്രയുടെ ലിസ്റ്റ് വന്നാലുടന്‍ ഇവരുടെ സീനിയോറിറ്റി അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് അടുത്തയാഴ്ച പ്രസിദ്ധീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
56 വയസ്സില്‍ താഴെയുള്ളവരെയാണ് പരിഗണിക്കുന്നത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ട്രേറ്റ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് വൈദ്യുതികണക്ഷന്‍ നല്‍കിയത്. വാട്ടര്‍ കണക്ഷനായി നല്‍കിയ അപേക്ഷയില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 10 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ കലക്ടറോടൊപ്പം ഡെപ്യൂട്ടി കലക്ടര്‍ കെ ആര്‍ ചിത്രാധരന്‍, ജില്ലാ ലേബര്‍ ഓഫിസര്‍ ആര്‍ ഹരികുമാര്‍, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബി ഉദയവര്‍മ്മ, കെഎസ്ഡബ്യൂഎം സ്‌പെഷല്‍ ഓഫിസര്‍ ചന്ദ്രസേനന്‍, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ പങ്കെടുത്തു.
കോമളപുരം സ്പിന്നിങ് മില്‍ ജനുവരിയില്‍ തുറക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഡിസംബറില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തിരുന്നത്.
Next Story

RELATED STORIES

Share it