thrissur local

കോഫി ഹൗസ് ആസ്ഥാനം അഡ്മിനിസ്‌ട്രേറ്റര്‍ പൂട്ടിയിട്ടു; ഭരണ സമിതി അംഗങ്ങള്‍ പുറത്ത്



തൃശൂര്‍: ഹൈക്കോടതി വിധിയനുസരിച്ചു ഭരണം ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണ സമിതിയംഗങ്ങള്‍ ഓഫിസ് പൂട്ടിയിട്ടതു മൂലം അകത്തു പ്രവേശിക്കിനായില്ല. അഡ്മിനിസ്‌ട്രേറ്റര്‍ ഓഫിസ് പൂട്ടി താക്കോലുമായി മുങ്ങി. ഇതോടെ തൊഴിലാളികള്‍ പ്രതിഷേധസൂചകമായി ഓഫിസിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി സംഘടിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്ന് തൊഴിലാളി പ്രതിനിധികള്‍ പറഞ്ഞു.തെക്കന്‍ ജില്ലകളിലെ ഇന്ത്യന്‍ കോഫീ ഹൗസുകളുടെ ഉടമകളായ ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്‌സ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി വ്യാഴാഴ്ച ഹൈക്കോടതി റദ്ദാക്കിയിരുന്നു. പൂട്ടിയിട്ട ഓഫിസിനു പുറത്ത് പ്രസിഡന്റ് ഇ എസ് ജോജി, സെക്രട്ടറി എസ് എസ് അനില്‍കുമാര്‍ എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും കാത്തുനിന്നു. പൊലിസും സ്ഥലത്തെത്തി.ക്രമക്കേടുകള്‍ ആരോപിച്ച് സംഘം ഭരണസമിതിയെ ഫെബ്രുവരി 25 നാണു പിരിച്ചുവിട്ടത്. എന്നാല്‍ ക്രമക്കേടുകള്‍ തെളിയിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ഭരണസമിതിയുടെ കാലാവധി ജൂണ്‍ മാസത്തോടെ പൂര്‍ത്തിയായെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. എന്നാല്‍ എല്ലാ സഹകരണ സംഘങ്ങളുടേയും കാലാവധി അഞ്ചു വര്‍ഷമാക്കി നീട്ടിക്കൊണ്ട് 2013 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭരണസമിതി ഹാജരാക്കി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാലാവധി 2019 ജൂണ്‍ മാസത്തോടെ മാത്രമേ അവസാനിക്കൂ.സര്‍ക്കാരിന്റെ നിക്ഷേപമോ ആനുകൂല്യങ്ങളോ ഇല്ലാത്ത സംഘത്തെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു പിരിച്ചുവിടപ്പെട്ട ഭരണസമിതി കോടതിയില്‍ വാദിച്ചത്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഭരണസമിതി പിരിച്ചുവിട്ടത്. തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘം ഭരണസമിതിയെ പിരിച്ചുവിടാന്‍ തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം  ജനറല്‍ മാനേജര്‍ക്ക് അധികാരമില്ല. എന്നീ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ജഡ്ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വിധി പ്രസ്താവിച്ചതെന്നു ഡയറക്റ്റര്‍ ബോര്‍ഡംഗമായ ഇ.ടി. വര്‍ഗീസ് അറിയിച്ചു.
Next Story

RELATED STORIES

Share it