Sports

കോപ അമേരിക്ക: സുവാറസ് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ഉറുഗ്വേ

ഒര്‍ലാന്‍ഡോ: ബാഴ്‌സലോണ ഗോളടിവീരന്‍ ലൂയിസ് സുവാറസ് പരിക്കില്‍ നിന്നു മുക്തനായി ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേ കോപ അമേരിക്കയ്ക്കു തയ്യാറെടുക്കുന്നത്. കോപയില്‍ ഗ്രൂപ്പ് സിയിലാണ് ഉറുഗ്വേയുടെ സ്ഥാനം. കോണ്‍കകാഫ് മേഖലയിലെ അതികായന്‍മാരായ മെക്‌സിക്കോ, വെനിസ്വേല, ജമൈക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
കോപയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമാണ് ഉറുഗ്വേ. 15 തവണ ഉറുഗ്വേ കോപയില്‍ മുത്തമിട്ടിട്ടുണ്ട്. 14 കിരീടങ്ങളുമായി അര്‍ജന്റീനയാണ് ഉറുഗ്വേയ്ക്കു തൊട്ടുതാഴെയുള്ളത്. മൂന്നാംസ്ഥാനത്തുള്ള ബ്രസീല്‍ എട്ടു കിരീടങ്ങളോടെ ഏറെ പിന്നിലാണ്.
2011ലായിരുന്നു ഉറുഗ്വേയുടെ അവസാന കോപ വിജയം. പരാഗ്വേയെയാണ് ഫൈനലില്‍ ഉറുഗ്വേ മറികടന്നത്. അന്നു ടീമിനെ കിരീടത്തിലേക്കു നയിക്കുന്നതില്‍ സുവാറസ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. നാലു ഗോളുകളോടെ ഗോള്‍വേട്ടയില്‍ രണ്ടാമതെത്തിയ സുവാറസ് ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും കൈക്കലാക്കിയിരുന്നു.
അതുകൊണ്ടു തന്നെ സുവാറസിന് ഇത്തവണ കളിക്കാനായില്ലെങ്കില്‍ ഉറുഗ്വേയുടെ കിരീടപ്രതീക്ഷകള്‍ക്കു കനത്ത തിരിച്ചടി നേരിടും. കിങ്‌സ് കപ്പ് (കോപ ഡെല്‍ റേ) ഫൈനലില്‍ ബാഴ്‌സയ്ക്കുവേണ്ടി കളിക്കുന്നതിനിടെയാണ് സ്‌ട്രൈക്കര്‍ക്കു പരിക്കേറ്റത്.
കോപയ്ക്കു മുമ്പ് ടീമില്‍ തിരിച്ചെത്തുമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് സുവാറസ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. വിവിധ ടൂര്‍ണമെന്റുകളിലായി കഴിഞ്ഞ സീസണില്‍ 59 ഗോളുകളാണ് സുവാറസ് അടിച്ചുകൂട്ടിയത്.
കോപയില്‍ മെക്‌സിക്കോയി ല്‍ നിന്നാവും ഉറുഗ്വേയ്ക്ക് പ്രധാനമായും വെല്ലുവിളി നേരിടേണ്ടിവരിക. 11 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയാണ് മെക്‌സി ക്കോ കോപയില്‍ ബൂട്ടണിയുന്ന ത്. അനുഭവസമ്പത്തും യുവത്വ വും ഒത്തുചേര്‍ന്നതാണ് മെക്‌സിക്കന്‍ ടീം.
ശ്രദ്ധിക്കേണ്ട
താരങ്ങള്‍
ജാവിയര്‍ ഹെര്‍ണാണ്ടസ് (മെക്‌സിക്കോ)- ചിക്കാരിറ്റോയെന്നറിയപ്പെടുന്ന സ്‌ട്രൈക്കര്‍ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഗോളടിമികവിലാണ് മെക്‌സിക്കോയുടെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ ജര്‍മന്‍ ടീം ബയേര്‍ ലെവര്‍ക്യുസനുവേണ്ടി താരം 26 ഗോളുകള്‍ നേടിയിരുന്നു.
എഡിന്‍സന്‍ കവാനി (ഉറുഗ്വേ)- സുവാറസ് പുറത്തിരിക്കുകയാണെങ്കില്‍ ഉറുഗ്വേ മുന്നേറ്റത്തിനു ചുക്കാന്‍പിടിക്കുക ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയാവും. സുവാറസിന്റെ റോളില്‍ കവാനി തിളങ്ങിയാല്‍ ഉറുഗ്വേയുടെ കുതിപ്പിനു വേഗം കൂടും.
വെസ് മോര്‍ഗന്‍ (ജമൈക്ക) -ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അപ്രതീക്ഷിത ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന വെസ് മോര്‍ഗനില്‍ നിന്ന് ജമൈക്കയ്ക്ക് പ്രതീക്ഷകള്‍ വാനോളമാണ്. ജമൈക്കന്‍ പ്രതിരോധത്തിന്റെ ചുമതല മോര്‍ഗനാവും.
Next Story

RELATED STORIES

Share it