Sports

കോപ അമേരിക്ക ഗ്രൂപ്പ് ബി: 7 സ്റ്റാര്‍ ബ്രസീല്‍

കോപ അമേരിക്ക ഗ്രൂപ്പ് ബി: 7 സ്റ്റാര്‍ ബ്രസീല്‍
X
coutinho

ഒര്‍ലാന്‍ഡോ: കണ്ണഞ്ചിപ്പിക്കുന്ന വിജയവുമായി മുന്‍ ചാംപ്യന്മാരായ ബ്രസീല്‍ കോപ അമേരിക്കയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. ഗ്രൂപ്പ് ബിയില്‍ ഹെയ്ത്തിയെയാണ് ബ്രസീല്‍ ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കു മുക്കിയത്.
ലിവര്‍പൂള്‍ പ്ലേമേക്കര്‍ ഫിലിപ്പെ കോട്ടീ ഞ്ഞോ ഹാട്രിക്കുമായി ബ്രസീല്‍ വിജയത്തിന്റെ മാറ്റ്കൂട്ടി. 14, 29, 92 മിനിറ്റുകളിലായിരുന്നു താരത്തിന്റെ കന്നി ഹാട്രിക് നേട്ടം. റെനറ്റോ അഗസ്‌റ്റോ ഇരട്ടഗോളോടെ ബ്രസീ ല്‍ ജയത്തിന്റെ ആധികാരികത വര്‍ധിപ്പിച്ചു. ഗബ്രിയേല്‍, ലുക്കാസ് ലിമ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. മാര്‍സെലിന്റെ വകയായിരുന്നു ഹെയ്ത്തിയുടെ ആശ്വാസഗോള്‍.
ഈ ജയത്തോടെ ബ്രസീല്‍ കോപയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി. ആദ്യ കളിയില്‍ ഇക്വഡോറുമായി ഗോള്‍രഹിത സമനില വഴങ്ങിയതിനാല്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ കാക്കാന്‍ മഞ്ഞപ്പടയ്ക്ക് ജയം അനിവാര്യമായിരുന്നു. തുടര്‍ച്ചയായി എട്ടാം മല്‍സരമാണ് ബ്രസീല്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കുന്നത്.
ഹെയ്ത്തിക്കെതിരേ കളിയുടെ തുടക്കം മുതല്‍ തകര്‍പ്പന്‍ പ്രകടനമാണ് ബ്രസീല്‍ കാഴ്ചവച്ചത്. ആദ്യപകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ എതിര്‍ വലയിലാക്കി ബ്രസീല്‍ മല്‍സരം വരുതിയിലാക്കിയിരുന്നു.
14ാം മിനിറ്റിലാണ് ബ്രസീല്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. പെനല്‍റ്റി ബോക്‌സിനു പുറത്തു വച്ച് കോട്ടീഞ്ഞോ പായിച്ച ബുള്ളറ്റ് ഷോട്ട് ഗോളിക്ക് പഴുതൊന്നും നല്‍കാതെ വലയില്‍ തറയ്ക്കുകയായിരുന്നു. 29ാം മിനിറ്റില്‍ കോട്ടീഞ്ഞോ വീണ്ടും നിറയൊഴിച്ചു. ജൊനാസ് നല്‍കിയ പാസ് താരം ഒഴിഞ്ഞ വലയിലേക്ക് തട്ടിയിടുകയായിരുന്നു.
35ാം മിനിറ്റില്‍ ബ്രസീല്‍ ലീഡുയര്‍ത്തി. വലതുമൂലയില്‍ നിന്നുള്ള ഡാനിയേല്‍ ആല്‍വസിന്റെ തകര്‍പ്പന്‍ ക്രോസ് ജൊനാസിന്. രണ്ടു ഡിഫന്റര്‍മാരെയും ഗോളിയെയും കബളിപ്പിച്ച് ജൊനാസ് നല്‍കിയ പാസ് കോട്ടീഞ്ഞോ ഒഴിഞ്ഞ വലയിലേക്ക് പ്ലെയ്‌സ് ചെയ്തു. ഡിഫന്റര്‍മാരെ വെട്ടിച്ച് ആല്‍വസ് ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസ് അഗസ്‌റ്റോ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഒന്നാംപകുതിയില്‍ 3-0ന്റെ മികച്ച ലീഡുമായാണ് ബ്രസീല്‍ കളംവിട്ടത്.
രണ്ടാംപകുതിയിലും ബ്രസീല്‍ ഗോള്‍വേട്ട നിര്‍ത്താന്‍ തയ്യാറായിരുന്നില്ല. നിരന്തരം ഹെയ്ത്തി ഗോള്‍മുഖത്ത് റെയ്ഡ് നടത്തിയ ബ്രസീല്‍ 59ാം മിനിറ്റില്‍ ഗബ്രിയേലിലൂടെ സ്‌കോര്‍ 4-0 ആക്കി.
49ാം മിനിറ്റില്‍ ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ വില്ല്യന്റെ ലോങ്‌റേഞ്ച് ഷോട്ട് പോസ്റ്റിന്റെ നേരിയ വ്യത്യാസത്തില്‍ പുറത്തുപോവുകയായിരുന്നു. 67ാം മിനിറ്റില്‍ ബ്രസീല്‍ അഞ്ചാം ഗോള്‍ നിക്ഷേപിച്ചു. ആല്‍വസിന്റെ ക്രോസ് പകരക്കാരനായി ഇറങ്ങിയ ലിമ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി. 70ാം മിനിറ്റില്‍ തോല്‍വിയുടെ ഭാരം അല്‍പ്പം കുറച്ച് ഹെയ്ത്തി ഗോള്‍ മടക്കി. മാക്‌സ് ഹിലാരിയുടെ ഷോട്ട് ബ്രസീല്‍ ഗോളി അല്ലിസണ്‍ കുത്തിയകറ്റിയെങ്കിലും റീബൗണ്ട് ചെയ്ത പന്ത് മാര്‍സെലിന്‍ ലക്ഷ്യത്തിലെത്തിച്ചു.
86ാം മിനിറ്റില്‍ അഗസ്റ്റോയിലൂടെ ബ്രസീല്‍ സ്‌കോര്‍ 6-1 ആക്കി ഉയര്‍ത്തി. ഹെയ്ത്തിക്കു വന്ന പിഴവില്‍ നിന്നാണ് അഗസ്റ്റോ വലകുലുക്കിയത്. ഇഞ്ചുറിടൈമില്‍ കോട്ടീഞ്ഞോ തന്റെ ഹാട്രിക്കും ബ്രസീലിന്റെ ഗോള്‍പട്ടികയും തികച്ചു. ബോക്‌സിനു പുറത്തുവച്ച് തീപാറുന്ന ഷോട്ടിലൂടെയാണ് താരം വലചലിപ്പിച്ചത്.
Next Story

RELATED STORIES

Share it