Sports

കോപ അമേരിക്ക ഗ്രൂപ്പ് ഡി: ബൊളീവിയയെയും തകര്‍ത്ത് അര്‍ജന്റീന; ചിലിക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്

സെറ്റില്‍/ ഫിലാഡെല്‍ഫിയ: ഇത്തവണ കിരീടം തിരിച്ചുപിടിക്കുമെന്ന ദൃഢനിശ്ചയത്തോടെ തന്നെയാണ് എത്തിയിരിക്കുന്നതെന്ന് മറ്റൊരു തകര്‍പ്പന്‍ ജയത്തോടെ അര്‍ജന്റീന പ്രഖ്യാപിച്ചു. അപ്രസക്തമായ ഗ്രൂപ്പ് ഡിയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റീന മുക്കിയത്. മറ്റൊരു നിര്‍ണായക മല്‍സരത്തില്‍ മിന്നുന്ന ജയം നേടി നിലവിലെ ചാംപ്യന്‍മാരായ ചിലി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആറു ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ ചിലി 4-2ന് പാനമയെ കെട്ടുകെട്ടിക്കുകയായിരുന്നു.
തുടര്‍ച്ചയായ മൂന്നാം ജയത്തോടെ അര്‍ജന്റീന (ഒമ്പത് പോയിന്റ്) ഗ്രൂപ്പ് ചാംപ്യന്‍മാരായപ്പോള്‍ രണ്ടു ജയവും ഒരു തോ ല്‍വിയുമടക്കം ഏഴു പോയിന്റുമായി ചിലി റണ്ണറപ്പായി. ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് ഇതോടെ പൂര്‍ത്തിയാവുകയും ചെയ്തു.
പതിവുപോലെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയെ ആദ്യ ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തിയാണ് ബൊളീവിയക്കെതിരേ അര്‍ജന്റീന കളത്തിലിറങ്ങിയത്. മെസ്സിയില്ലാതെ തന്നെ കളി 32 മിനിറ്റ് പിന്നിടുമ്പോഴേക്കും മൂന്നു ഗോളുകള്‍ അടിച്ചുകൂട്ടി അര്‍ജന്റീന വരുതിയിലാക്കിയിരുന്നു. പരിക്കൂമൂലം സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയും ടീമിലുണ്ടായിരുന്നില്ല. എറിക് ലമേല (13ാം മിനിറ്റ്), ഡിമരിയക്കു പകരം ആദ്യമായി കോപയില്‍ കളിച്ച എസെക്വില്‍ ലവേസ്സി (15), വിക്ടര്‍ ക്വെസ്റ്റ (32) എന്നിവരാണ് സ്‌കോറര്‍മാര്‍.
രണ്ടാംപകുതിയില്‍ മെസ്സി അര്‍ജന്റീന നിരയില്‍ തിരിച്ചെത്തിയെങ്കിലും ബൊളീവിയ ശക്തമായ പ്രതിരോധം തീര്‍ത്ത് ഗോള്‍ നിഷേധിച്ചു.
അതേസമയം, എഡ്വാര്‍ഡോ വര്‍ഗാസിന്റെയും അലെക്‌സിസ് സാഞ്ചസിന്റെയും ഇരട്ടഗോളാണ് പാനമയ്‌ക്കെതിരേ ചിലിക്ക് മികച്ച ജയം സമ്മാനിച്ചത്.
Next Story

RELATED STORIES

Share it